ഒറിയോൺ പേടകം ചന്ദ്രനിലെത്തി; അര മണിക്കൂറിലേറെ ആശയവിനിമയം നഷ്ടമായത് ആശങ്കക്കിടയാക്കി
text_fieldsന്യൂയോർക്: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ആർട്ടിമിസ് പദ്ധതിയിലെ ഒന്നാം ഘട്ടമായി വിക്ഷേപിച്ച ഒറിയോൺ പേടകം ചന്ദ്രനിലെത്തി. 98 മീറ്റർ നീളവും 46 ടൺ ഭാരവുമുള്ള എസ്.എൽ.എസ് റോക്കറ്റിലേറി പറന്നുയർന്ന 7700 കിലോ ഭാരമുള്ള ഒറിയോൺ പേടകം വിജയകരമായി ലക്ഷ്യത്തിലെത്തിയത് നാസയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
33 മിനിറ്റ് ആശയവിനിമയം തടസ്സപ്പെട്ടതിനാൽ ഭൂമിയിൽനിന്ന് 2,32,000 മൈൽ (3,75,000 കിലോമീറ്റർ) അകലെയുള്ള ചന്ദ്രന്റെ പിന്നിൽനിന്ന് പേടകം ഉയർന്നുവരുന്നതുവരെ നിർണായകമായ എൻജിൻ ഫയറിങ് ശരിയായി നടന്നോ എന്ന് ഹ്യൂസ്റ്റണിലെ ഫ്ലൈറ്റ് കൺട്രോളറുകൾക്ക് അറിയില്ലായിരുന്നു. 50 വർഷം മുമ്പ് നാസയുടെ അപ്പോളോ പദ്ധതിക്ക് ശേഷം ഇതാദ്യമായാണ് പേടകം ചന്ദ്രനിലെത്തുന്നത്. ആർട്ടിമിസ് പദ്ധതിയിലെ യാത്രാപേടകമായ ഒറിയോണിനെ വഹിക്കുന്ന പരീക്ഷണ വിക്ഷേപണം (ആർട്ടിമിസ് 1) ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണ് നടന്നത്. 410 കോടി യു.എസ് ഡോളറാണ് ഇതിനായി ചെലവഴിച്ചത്.
ബഹിരാകാശ യാത്രികർക്ക് ചന്ദ്രനിലെ സാഹചര്യങ്ങൾ അനുയോജ്യമാണോ എന്ന് പരിശോധിക്കുക, പേടകത്തിനുള്ളിലെ ചലനവും അണുവികിരണ തോതും മനസ്സിലാക്കുക എന്നിവയാണ് ആർട്ടിമിസ് ഒന്നിന്റെ ലക്ഷ്യം. 2025ൽ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനാണ് നാസ പദ്ധതി തയാറാക്കിയത്. 21 ദിവസം ഒറിയോൺ ചന്ദ്രനെ ചുറ്റും. ദൗത്യം പൂർത്തിയാക്കി ഡിസംബർ 11ന് ശാന്തസമുദ്രത്തിൽ പതിക്കും.
മൂന്ന് ബൊമ്മകളെയാണ് ഒറിയോൺ പേടകം കൊണ്ടുപോയത്. ഇവയുടെ സ്പേസ് സ്യൂട്ട് തിരിച്ചെത്തിയ ശേഷം പരിശോധിക്കും. പരീക്ഷണ ഘട്ടം വിജയമായാൽ 2024ൽ ആർട്ടിമിസ് 2 ദൗത്യത്തിൽ നാലുപേരടങ്ങിയ യാത്രാസംഘത്തെ അയക്കും. ഈ ദൗത്യത്തിൽ ചന്ദ്രനെ ഭ്രമണം ചെയ്യും. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ ദൂരം യാത്രചെയ്തവരായി ഇതിലെ യാത്രികർ മാറും. 2025ൽ നടത്തുന്ന ആർട്ടിമിസ് 3 ദൗത്യത്തിലാണ് മനുഷ്യൻ ചന്ദ്രനിലിറങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.