'ലൈംഗിക ഉള്ളടക്കം പ്രദർശിപ്പിക്കുന്നു'; ഒടിടി പ്ലാറ്റ്ഫോമുകൾ സ്ക്രീനിങ്ങിന് വിധേയമാക്കണമെന്ന് സുപ്രീം കോടതി
text_fieldsനെറ്റ്‍ഫ്ലിക്സ്, ആമസോൺ പ്രൈം പോലുള്ള ഓവർ ദ ടോപ് (ഒടിടി) പ്ലാറ്റ്‍ഫോമുകളിൽ വരുന്ന ഉള്ളടക്കം പരിശോധിക്കാനായി പ്രത്യേക സ്ക്രീനിങ് സമിതിയെ നിയോഗിക്കണമെന്ന് സുപ്രീം കോടതി. ചില ഒടിടി പ്ലാറ്റ്‍ഫോമുകളിൽ പോണോഗ്രഫി ഉള്ളടക്കം പ്രദർശിപ്പിക്കുന്നുണ്ടെന്നും അത്തരം പരിപാടികൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് മുമ്പായി നിർബന്ധമായും സ്ക്രീനിങ്ങിന് വിധേയമാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് വാക്കാൽ പരാമർശം നടത്തിയത്. കൂടാതെ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ അഭിപ്രായം തേടി നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കാനായി കേന്ദ്ര ഐ.ടി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാർഗനിർദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ആമസോൺ പ്രൈമിൽ പ്രദർശിപ്പിക്കുന്ന താണ്ഡവ് എന്ന വെബ് സീരീസുമായി ബന്ധപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. അലഹാബാദ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ അതിനെതിരെ ആമസോൺ പ്രൈമിന്‍റെ വിഡിയോ ഹെഡ് അപർണ പുരോഹിത് നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. 'വെബ് സീരീസുമായി ബന്ധപ്പെട്ട് അപർണ പുരോഹിതിനെതിരെ 10 ഓളം കേസുകളെടുത്ത സംഭവം ഞെട്ടിക്കുന്നതാണെന്ന് അപർണ പുരോഹിതിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി വ്യക്തമാക്കി. അവർ നിർമാതാവോ അഭിനേത്രിയോ അല്ലെന്നും ആമസോൺ ജീവനക്കാരി മാത്രമാണെന്നും എന്നിട്ടും അത്രയും കേസുകൾ അവർക്കെതിരെ വരുന്നത് വിചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.