ആൻഡ്രോയ്ഡിൽ നിന്ന് കോപ്പിയടിച്ച അഞ്ച് ഐഫോൺ 14 പ്രോ ഫീച്ചറുകൾ ഇവയാണ്
text_fieldsഐഫോൺ 14 സീരീസ് ആഗോളതലത്തിൽ ചൂടപ്പം പോലെ വിറ്റുപോയിക്കൊണ്ടിരിക്കുകയാണ്. വലിയ രീതിയിൽ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച 14 സീരീസിൽ ആപ്പിൾ നിരവധി മികച്ച ഫീച്ചറുകളാണ് അവതരിപ്പിച്ചത്. എന്നാൽ, അവയിൽ മിക്ക സവിശേഷതകളും ആൻഡ്രോയ്ഡ് ലോകത്ത് നേരത്തെ തന്നെ ഉണ്ടായവയാണ്. അങ്ങനെ ആപ്പിൾ കോപ്പിയടിച്ച് ഐഫോൺ 14 പ്രോ സീരീസിൽ ഉൾപ്പെടുത്തിയ പ്രധാനപ്പെട്ട ഫീച്ചറുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ഓൾവൈസ് ഓൺ ഡിസ്‍പ്ലേ (Always-on display)
ഐഫോൺ ആൻഡ്രോയ്ഡിൽ നിന്ന് കോപ്പിയടിച്ചവയിൽ എടുത്തുപറയേണ്ട ഫീച്ചർ ഓൾവൈസ് ഓൺ ഡിസ്‍പ്ലേ (എ.ഒ.ഡി) തന്നെയാണ്. ഐഫോൺ 14 പ്രോ, 14 പ്രോ മാക്സ് എന്നീ മോഡലുകളിൽ മാത്രമാണ് നിലവിൽ എ.ഒ.ഡി പിന്തുണയുള്ളത്. പേര് പോലെ, തന്നെ സദാസമയവും ഡിസ്‍പ്ലേ ഓണായിരിക്കുന്ന ഫീച്ചറാണ് ഓൾവൈസ് ഓൺ ഡിസ്‍പ്ലേ, പവർ ബട്ടണിൽ അമർത്തി ഡിസ്‍പ്ലേ തുറക്കാതെ തന്നെ നോട്ടിഫിക്കേഷനും സമയവുമൊക്കെ കാണാൻ കഴിയുമെന്നതാണ് ഈ ഫീച്ചറിന്റെ ഉപയോഗം.
സാംസങ് ഗാലക്സി എസ് 7 എഡ്ജ് എന്ന ഫോണിലൂടെ 2016ലാണ് ആൻഡ്രോയ്ഡ് ലോകത്ത് ഓൾവൈസ് ഓൺ ഡിസ്‍പ്ലേ വലിയ പ്രചാരം നേടുന്നത്. എന്നാൽ, 2008ൽ നോകിയ 6303 എന്ന ഫോണിൽ ഈ ഫീച്ചറുണ്ടായിരുന്നു. എന്നാൽ, ഐഫോണിലേക്ക് അതെത്താൻ എത്ര വർഷം വേണ്ടി വന്നു...!
ഡിസ്‍പ്ലേകൾക്ക് ആപ്പിൾ ഉയർന്ന റിഫ്രഷ് റേറ്റ് നൽകാൻ തുടങ്ങുന്നത് ഐഫോൺ 13 പ്രോയിലൂടെയാണ്. നിലവിൽ ഐഫോൺ 14 പ്രോ സീരീസ് ഡിസ്‍പ്ലേക്കും 120Hz റിഫ്രഷ് നിരക്ക് നൽകിയിട്ടുണ്ട്. രണ്ട് ഫോണുകൾക്കും ഒരു ലക്ഷത്തിലേറെ വിലയുണ്ട്. ആൻഡ്രോയിഡ് ലോകത്തേക്ക് നോക്കിയാൽ, 15,000 രൂപയിൽ താഴെയുള്ള നിരവധി സ്‌മാർട്ട്‌ഫോണുകൾ 120Hz ഡിസ്‌പ്ലേയോടെയാണ് വരുന്നത്.
ക്രാഷ് ഡിറ്റക്ഷൻ (Crash detection)
ആപ്പിളിന്റെ ഫാർ ഔട്ട് ലോഞ്ച് ഇവന്റിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട സുരക്ഷാ ഫീച്ചറുകളിൽ ഒന്ന് ക്രാഷ് ഡിറ്റക്ഷൻ ആണ്. വാഹനാപകടങ്ങൾ തിരിച്ചറിഞ്ഞ് ഐഫോൺ യൂസർമാരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ഫീച്ചറെന്നാണ് ആപ്പിൾ അതിനെ വാഴ്ത്തുന്നത്.
ഐഫോണിലെ അല്ലെങ്കിൽ ആപ്പിൾ വാച്ചിലെ ആക്‌സിലറോമീറ്റർ, ജൈറോസ്‌കോപ്പ് പോലുള്ള സെൻസറുകൾ ഉപയോഗിച്ചാണ് ഫീച്ചർ പ്രവർത്തിക്കുന്നത്. മികച്ച കൃത്യതയ്ക്കായി ചലനം കണ്ടെത്തുന്ന അൽഗോരിതങ്ങൾ പോലും തങ്ങൾ മെച്ചപ്പെടുത്തിയതായി കമ്പനി വീമ്പ് പറയുകയും ചെയ്തിട്ടുണ്ട്. ഐഫോൺ 14 സീരീസിലെ എല്ലാ ഫോണുകൾക്കും ഈ ഫീച്ചറിന്റെ പിന്തുണയുണ്ട്.
എന്നാൽ, ഗൂഗിൾ 2019-ൽ പിക്‌സൽ സ്‌മാർട്ട്‌ഫോണുകളിൽ ഈ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ആപ്പിൾ ചെയ്യുന്നത് പോലെ തന്നെ മോഷൻ സെൻസറുകൾ ഉപയോഗിച്ചാണ് വാഹനാപകടങ്ങൾ തിരിച്ചറിയുന്നത്. പിക്സൽ ഫോണിലുള്ള സേഫ്റ്റി ആപ്പിലാണ് ഈ ഫീച്ചർ ഓൺ ചെയ്യാനുള്ള സൗകര്യമുള്ളത്.
ആക്ഷൻ മോഡ് (Action Mode)
ആപ്പിൾ അവരുടെ ഐഫോൺ 14 ലോഞ്ചിൽ ഏറ്റവും കൂടുതൽ സമയമെടുത്തത് കാമറ ഫീച്ചറുകളെ കുറിച്ച് സംസാരിക്കാനാണ്. അതിൽ എടുത്ത് പറഞ്ഞ ഫീച്ചറാണ് ആക്ഷൻ മോഡ്. മികച്ച സ്ഥിരതയുള്ള (stable) വീഡിയോകൾ റെക്കോർഡ് ചെയ്യാൻ സഹായിക്കുന്നതാണീ ഫീച്ചർ. എന്നാൽ സമാനമായ ഫീച്ചർ ആൻഡ്രോയിഡ് ലോകത്ത് നേരത്തെ തന്നെ നിലവിലുണ്ട്. ചില ഫോണുകളിൽ സൂപ്പർ സ്റ്റെഡി മോഡ് എന്ന പേരിൽ സമാനമായ ഫീച്ചർ സാംസങ് വാഗ്ദാനം ചെയ്യുന്നു. പിക്സൽ ഫോണുകളിൽ സ്റ്റെബിലൈസേഷൻ മോഡായാണ് ഗൂഗിൾ അത് വാഗ്ദാനം ചെയ്യുന്നത്.
സെൽഫികൾക്ക് ഓട്ടോ ഫോക്കസ് (Auto-focus for selfies)
അതുപോലെ, മുൻ ക്യാമറകൾക്കായി ഒരു ഓട്ടോ-ഫോക്കസ് ഫീച്ചറും ആപ്പിൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, സാംസങ് ഗാലക്സി എസ് 22 പോലുള്ള ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ ഈ ഓപ്ഷൻ ഇതിനകം ലഭ്യമാണ്.
പിൽ രൂപത്തിലുള്ള നോച്ചും ഡൈനാമിക് ഐലൻഡും (Dynamic Island )
പിൽ രൂപത്തിലുള്ള നോച്ച് ആദ്യമായി അവതരിപ്പിക്കുന്നത് ആപ്പിൾ അല്ല, ആൻഡ്രോയ്ഡ് ലോകത്ത് അത് നേരത്തെ തന്നെയുണ്ട്. അതുപോലെ നോച്ചിനെ അലങ്കരിക്കുന്ന ഡൈനാമിക് ഐലൻഡ് 2016ൽ തന്നെ ഒരു ആൻഡ്രോയ്ഡ് ഫോണിൽ പരീക്ഷിച്ചിട്ടുണ്ട്. നോച്ച് എന്ന ഹാർഡ്വെയർ പാർട്ടിനെ സോഫ്റ്റ്വെയർ ഉപയോഗിച്ച് ഒരു ഫീച്ചർ തന്നെയാക്കി മാറ്റുകയാണ് ആപ്പിൾ ചെയ്തത്, എന്നാൽ 2016ൽ എൽ.ജി അവരുടെ വി20 എന്ന സ്മാർട്ട്ഫോണിന് അത്തരത്തിലുള്ള ഒരു ഫീച്ചർ നൽകിയിരുന്നു.
പക്ഷെ, ഐഫോണിൽ 'ഡൈനാമിക് ഐലൻഡ്' എന്ന പേരിൽ ആ ഫീച്ചർ എത്തിയപ്പോൾ ഏറ്റവും മികച്ചതായി മാറി എന്ന് സമ്മതിക്കേണ്ടിവരികയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.