
ഐ.ഒ.എസ് 16 -ലെ 'ആ കിടിലൻ ഫീച്ചർ' ലഭിക്കാത്ത നാല് ഐഫോൺ മോഡലുകൾ ഇവയാണ്
text_fieldsനിരവധി മികച്ച ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമൊക്കെയായി ഐ.ഒ.എസ് 16 അപ്ഡേറ്റ് ഐഫോൺ യൂസർമാർക്ക് ലഭിച്ചുതുടങ്ങി. എന്നാൽ, ഐഫോൺ 8, ഐഫോൺ 8 പ്ലസ്, പഴയ ഐഫോൺ എസ്ഇ എന്നീ മോഡലുകൾക്ക് പുതിയ ഐ.ഒ.എസ് പതിപ്പ് നൽകിയിട്ടില്ല. മാത്രമല്ല, പുതിയ അപ്ഡേറ്റ് ലഭിച്ച ചില ഐഫോൺ മോഡലുകളിൽ എല്ലാ ഫീച്ചറുകളും ലഭിക്കുകയുമില്ല.
സ്റ്റാറ്റസ് ബാറിലെ ബാറ്ററി ശതമാനം
ഐഫോൺ ഉപയോഗിക്കുന്നവർക്ക് ഫോണിൽ അവശേഷിക്കുന്ന ബാറ്ററി ശതമാനം എത്രയെന്ന് അറിയാൻ കൺട്രോൺ സെന്റർ തുറന്നുനോക്കണം. ആൻഡ്രോയ്ഡ് ഫോണുകളിൽ സ്റ്റാറ്റസ് ബാറിൽ ബാറ്ററി ഐക്കണിനൊപ്പം തന്നെ അത് സ്ഥിരമായി പ്രദർശിപ്പിക്കാനുള്ള സൗകര്യം പണ്ടുമുതലേയുണ്ട്. പഴയ ഐഫോൺ എസ്.ഇ - ഐഫോൺ 8 മുതൽ തോഴോട്ടുള്ള മോഡലുകളിലും നൽകിയിരുന്ന ഈ ഫീച്ചർ ഐ.ഒ.എസ് 16ലൂടെ ആപ്പിൾ തിരിച്ചുകൊണ്ടുവന്നു.
എന്നാൽ, ബാറ്ററി ഐക്കണിനൊപ്പം ബാറ്ററി ശതമാനം കാണാനുള്ള ഫീച്ചർ എല്ലാ ഐഫോണുകളിലും ലഭിക്കില്ല. ഐഫോൺ എക്സ്.ആർ, ഐഫോൺ 11, ഐഫോൺ 12 മിനി, ഐഫോൺ 13 മിനി മോഡലുകൾ ഉപയോഗിക്കുന്നവർക്ക് തുടർന്നും കൺട്രോൾ സെന്ററിനെ തന്നെ ആശ്രയിക്കേണ്ടിവരും.
ഈ മോഡലുകൾക്ക് മുകളിലുള്ള ഐഫോണുകൾ ഉപയോഗിക്കുന്നവർക്ക് ബാറ്ററി ശതമാനം ഹോം സ്ക്രീനിൽ തന്നെ കാണണമെങ്കിൽ, ആദ്യം പുതിയ ഐ.ഒ.എസ് 16-ലേക്ക് അപ്ഡേറ്റ് ചെയ്യുക. ശേഷം സെറ്റിങ്സിലെ ബാറ്ററി സെക്ഷനിൽ പോയി ബാറ്ററി ശതമാനം (Battery Percentage) എന്ന ഓപ്ഷൻ ഓൺ ചെയ്യാം. ബാറ്ററി ഐക്കണിന് അകത്തായിട്ടാകും ശതമാനം പ്രദർശിപ്പിക്കുക. 20 ശതമാനം ബാറ്ററി ആകുന്നത് വരെ അത് അങ്ങനെ തുടരും.
ഐ.ഒ.എസ് 16ലെ ചില ഫീച്ചറുകൾ പരിചയപ്പെടാം
ലോക്സ്ക്രീനിൽ സ്‍പോർട്സ് സ്കോറുകൾ
ക്രിക്കറ്റിന്റെ സ്കോറുകളും ഫുട്ബാളിന്റെ ഗോൾ നിലയുമൊക്കെ ഇനി ലോക്സ്ക്രീനിൽ കാണാം. വിഡ്ജെറ്റുകളും പിന്തുണക്കും. പുതിയ ലോക്‌സ്‌ക്രീന്‍ ഇന്റര്‍ഫെയ്‌സ് ഐ.ഒ.എസ് 16ലേക്ക് അപ്ഡേറ്റ് ചെയ്യുന്ന എല്ലാ ഫോണുകളിലും ലഭിക്കും.
ഐ-മെസ്സേജിൽ കിടിലൻ ഫീച്ചർ
ഇനിമുതൽ ഐ-മെസേജ് വഴി അയച്ച സന്ദേശങ്ങള്‍ 15 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യാനും അല്ലെങ്കിൽ പിന്‍വലിക്കാനും കഴിയും. അടുത്തിടെ ഡിലീറ്റു ചെയ്ത സന്ദേശം തിരിച്ചെടുക്കാനും കഴിയും. ഡിലീറ്റു ചെയ്ത് 30 ദിവസത്തിനകമാണ് തിരിച്ചെടുക്കാന്‍ സാധിക്കുക. അറിയാതെ തുറന്നുപോയ സന്ദേശങ്ങളെ വീണ്ടും 'അണ്‍റെഡ്' ആയി ലിസ്റ്റ് ചെയ്യാനുള്ള ഓപ്ഷനുമെത്തിയിട്ടുണ്ട്. ഇ-മെയിൽ വിഭാഗത്തിലും ഈ ഫീച്ചറുകൾ ചേർത്തിട്ടുണ്ട്.
ആപ്പിൾ മാപ്സിൽ ചില ഗൂഗിൾ മാപ്സ് ഫീച്ചറുകൾ
നിങ്ങൾ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ആപ്പിൾ മാപ്സ് ഉപയോഗിച്ചാൽ, വാഹനത്തിന്റെ വേഗത, താപനില എന്നിവ ആപ്പിൾ മാപ്സിന് പ്രദർശിപ്പിക്കാൻ സാധിക്കും. റൂട്ടിലുള്ള ഒന്നിലധികം സ്റ്റോപ്പുകൾ ചേർക്കാനും കഴിിയും
കോൺടാക്ട്സ് ലിസ്റ്റിലെ മാറ്റങ്ങൾ
ആൻഡ്രോയ്ഡ് യൂസർമാർ പണ്ടുമുതലേ ആസ്വദിക്കുന്ന ചില ഫീച്ചറുകളാണ് ചേർത്തിരിക്കുന്നത്. ഒന്നിൽ കൂടുതലുള്ള കോണ്ടാക്ടുകൾ ഡയറക്ടായി മെർജ് ചെയ്യാനുള്ള സൗകര്യമാണ് അതിൽ എടുത്തുപറയേണ്ടത്. കോണ്ടാക്ട് തെരഞ്ഞെടുത്ത് നേരിട്ട് ഡിലീറ്റ് ചെയ്യാനും കോപ്പി ചെയ്യാനും ഷെയർ ചെയ്യാനും സാധിക്കുന്നതും പുതിയ മാറ്റമാണ്.
ഫോട്ടോ ആപ്പിലെ സുരക്ഷ
ചിത്രങ്ങൾ ഒളിപ്പിച്ച് വെക്കാനുള്ള സൗകര്യം പഴയ ഐ.ഒ.എസ് വേർഷനുകളി തന്നെയുണ്ട്. എന്നാൽ, അതിനൊരു പ്രശ്നമുണ്ടായിരുന്നു. മറ്റൊരാൾ നമ്മുടെ ഫോൺ എടുത്ത് ഹിഡൻ ഫോൾഡർ തുറന്നാൽ അയാൾക്കും ആ ഫോട്ടോകൾ കാണാം. ഐ.ഒ.എസ് 16-ൽ അതിന് പരിഹാരമുണ്ട്. ഹിഡൻ ഫോൾഡറിന് ഫേസ് ലോക്ക് സൗകര്യമാണ് ആപ്പിൾ പുതുതായി നൽകിയത്. ഡിലീറ്റ് ചെയ്ത ഫയലുകളുടെ ഫോൾഡറിനും ലോക്ക് സൗകര്യമുണ്ട്.
സ്റ്റിക്കർ നിർമിക്കാം
ആൻഡ്രോയ്ഡിലുള്ളത് പോലെ ചിത്രങ്ങൾ സ്റ്റിക്കറാക്കി വാട്സപ്പിലൂടെ അയയ്ക്കാൻ ഇനി ഐഫോണുകളിലൂടെയും കഴിയും. വീഡിയോയിൽ നിന്നും ഇനി സ്റ്റിക്കറുണ്ടാക്കാം. വീഡിയോയിൽ നിന്ന് ടെക്സ്റ്റ് കോപ്പി ചെയ്തെടുക്കാനുള്ള ഓപ്ഷനുമുണ്ട്. ഒപ്പം ഈ ടെക്സ്റ്റ ഇഷ്ടമുള്ള ഭാഷയിലേക്ക് തർജ്ജമ ചെയ്യാനും കഴിയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.