ഐഫോൺ ഹോം സ്ക്രീനിൽ ഇതാ നോക്കിയ 3310; പുതിയ വിഡ്ജെറ്റ് ആപ്പ് തരംഗമാവുന്നു
text_fieldsആപ്പിൾ അവരുടെ ഒാപറേറ്റിങ് സിസ്റ്റമായ ഐ.ഒ.എസ് 14ാമനെ അവതരിപ്പിച്ചതോടെ ഐഫോൺ യൂസർമാർ തിരക്കിലാണ്. കാലങ്ങളായി ഐഫോൺ ഹോം സ്ക്രീൻ ചെറുതായെങ്കിലും സ്വന്തം ഇഷ്ടമനുസരിച്ച് കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യത്തിന് വേണ്ടി അവർ കെഞ്ചുകയായിരുന്നു. എന്നാൽ, ഐ.ഒ.എസ് 14ൽ ആപ്പിൾ ചില വിട്ടുവീഴ്ച്ചകളെല്ലാം വരുത്തി ആ പരാതി പരിഹരിക്കുകയും ചെയ്തു.
പ്രധാനമായും ഡൈനാമിക് വിഡ്ജെറ്റുകൾ ചേർക്കാനും ആപ്പുകൾ ഫോൾഡറുകളായി ക്രമീകരിക്കാനുമൊക്കെയുള്ള സൗകര്യമാണ് ഐ.ഒ.എസ് 14ൽ കൊണ്ടുവന്നത്. കിട്ടിയ അവസരം ചില വിരുതൻമാർ പരമാവധി ഉപയോഗിക്കുകയും ചെയ്തു. ഐഫോൺ ഹോം സ്ക്രീനിൽ ചേർക്കാനായി ആപ്പിൾ ആപ്പ് സ്റ്റോറിൽ വെത്യസ്തവും ആകർഷകവുമായ വിഡ്ജെറ്റുകൾ അവർ അവതരിപ്പിച്ചു.
നോക്കിയ 3310 എന്ന ഫോണിനെ കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും. 2000 കാലഘട്ടത്തിൽ ഫോണുകൾ സ്മാർട്ടാകുന്നതിന് മുമ്പ് പലരുടേയും ഇഷ്ടം സമ്പാദിച്ച ക്ലാസിക്ക് ഫീച്ചർ ഫോൺ. ഒരു കാലത്ത് ഇതേ ഫോണിൽ പാമ്പ് ആപ്പിൾ തിന്നുന്ന ഗെയിം കളിച്ചിട്ടുള്ളവരും ചുരുക്കമല്ല. നോക്കിയ 3310െൻറ ലുക്കുള്ള വിഡ്ജെറ്റുകൾ ഐഫോൺ ഹോം സ്ക്രീനിൽ ചേർക്കാൻ താൽപര്യമുള്ളവർക്ക് റെട്രോ വിഡ്ജെറ്റ് എന്ന ആപ്പുമായി എത്തിയിരിക്കുകയാണ് ഒരു ഡെവലപ്പർ.
ഐ.ഒ.എസ് 14 അപ്ഡേറ്റ് ചെയ്തവർക്ക് ഇൗ ആപ്പ്, ആപ്പ് സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്താൽ തങ്ങളുടെ ഫോണുകളുടെ ഹോം സ്ക്രീനിൽ നോക്കിയയുടെ പഴയ ഫോണിെൻറ പിക്സലേറ്റഡ് ലുക്കുള്ള സ്ക്രീനിെൻറ വിഡ്ജറ്റ് ചേർക്കാം. കൂടാതെ പഴയ പാമ്പിെൻറ ഗെയിം െഎക്കണുള്ള വിഡ്ജറ്റും ആപ്പിലുണ്ട്. ആപ്പിൽ തന്നെ യൂസർമാരുടെ ഇഷ്ടത്തിന് അനുസരിച്ച് വിഡ്ജെറ്റ് കസ്റ്റമൈസ് ചെയ്യാനുള്ള ഒാപ്ഷനുമുണ്ട്. ശേഷം വിഡ്ജെറ്റ് ഗാലറിയിൽ പോയി ഹോം സ്ക്രീനിൽ ചേർക്കുകയും ചെയ്യാം. പ്രധാനമായും ബാറ്ററി ഇൻഫോ, നെറ്റ്വർക് സ്റ്റാറ്റസ്, സമയം എന്നിവയാണ് നോക്കിയ 3310െൻറ തീമിലുള്ള വിഡ്ജെറ്റിൽ ചേർത്തിരിക്കുന്നത്. 4.5 എംബി മാത്രം സൈസുള്ള ആപ്പ്, ആപ്പ് സ്റ്റോറിൽ നിന്ന് 159 രൂപ നൽകി വാങ്ങണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.