മൊബൈൽ ഇന്റർനെറ്റ് വേഗത: ലോകത്ത് ഒന്നാമതെത്തി ഈ ഗൾഫ് രാജ്യം
text_fieldsമൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ലോകത്ത് ഒന്നാമതെത്തി ഖത്തർ. ഓക്‌ലയുടെ സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് പുറത്തിറക്കിയ ലിസ്റ്റ് അനുസരിച്ച് 2022 നവംബറിൽ ഖത്തറിലെ മൊബൈലുകളിലായിരുന്നു ഇന്റർനെറ്റ് വേഗം കൂടുതൽ. മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ രാജ്യത്ത് ഉയർന്ന മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. നവംബറിൽ ഖത്തറിലെ ശരാശരി ഡൗൺലോഡ് വേഗം 176.18 എം.ബി.പി.എസും അപ്‌ലോഡ് വേഗം 25.13 എം.ബി.പി.എസുമായിരുന്നു. 2012 നവംബറിൽ ഡൗൺലോഡ് വേഗം 98.10 എം.ബി.പി.എസ് ആയിരുന്നതാണ് വർധിച്ച് 176.18 ലെത്തിയത്. ഫിഫ ലോകകപ്പ് 2022ന് ആതിഥ്യം വഹിക്കുന്നതിന് മുന്നോടിയായാണ് മൊബൈൽ ഇന്റർനെറ്റിന്റെ കാര്യത്തിൽ ഖത്തർ റെക്കോർഡ് വേഗത്തിലെത്തിയത്.
ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് യു.എ.ഇ ആണ്. യു.എ.ഇയുടെ ഏറ്റവും വേഗമേറിയ ശരാശരി ഡൗൺലോഡ് സ്പീഡ് നവംബറിൽ 139.41 എം.ബി.പി.എസായിരുന്നു. 2021 നവംബറിൽ ഒന്നാം സ്ഥാനത്തായിരുന്ന യു.എ.ഇയെ പിന്തള്ളിയാണ് ഇക്കുറി ഖത്തർ മുകളിലെത്തിയത്. കഴിഞ്ഞ ലിസ്റ്റിൽ ഖത്തർ മൂന്നാം സ്ഥാനത്തായിരുന്നു. ഈ വർഷം ആദ്യപത്തിലുള്ള രാജ്യങ്ങളെല്ലാം ശരാശരി 100 എം.ബി.പി.എസിൽ കൂടുതൽ മൊബൈൽ ഡൗൺലോഡ് സ്പീഡ് ഉണ്ടായിരുന്നുവെന്ന് ഓക്‍ല റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 131.54 എം.ബി.പി.എസ് ഡൗൺലോഡ് വേഗവുമായി നോർവെ മൂന്നാമതെത്തിയപ്പോൾ ദക്ഷിണ കൊറിയ 118.76 എം.ബി.പി.എസ് ഡൗൺലോഡ് വേഗവുമായി നാലാം സ്ഥാനത്തെത്തി.
ഡെന്മാർക്ക് (113.44 എം.ബി.പി.എസ്), ചൈന (109.40 എം.ബി.പി.എസ്), നെതർലൻഡ്സ് (109.06 എം.ബി.പി.എസ്), മക്കാവു (106.38 എം.ബി.പി.എസ്), ബൾഗേറിയ (103.29 എം.ബി.പി.എസ്), ബ്രൂണെ (102.36 എം.ബി.പി.എസ്) എന്നീ രാജ്യങ്ങളാണ് യഥാക്രമം അഞ്ചു മുതൽ പത്തുവരെ സ്ഥാനങ്ങളിലുള്ളത്. പുതിയ ലിസ്റ്റിലെ ആദ്യപത്തിൽ ഡെന്മാർക്ക്, മക്കാവു, ബ്രൂണെ എന്നിവ ഇടംപിടിച്ചപ്പോൾ 2021ലെ പട്ടികയിലുണ്ടായിരുന്ന സൗദി അറേബ്യ, സൈപ്രസ്, കുവൈത്ത് എന്നിവ പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.