ഇതൊരു 'ഹൈടെക്' മാതൃദിനാഘോഷം; 800 വീട്ടമ്മമാർക്ക് സോഫ്റ്റ്വെയറുകൾ പരിചയപ്പെടുത്തി മുഹമ്മദ് അൽഫാൻ
text_fieldsകോഴിക്കോട്: മാതൃദിനം അൽപം 'ഹൈടെക്' ആയി ആഘോഷിച്ച് ശ്രദ്ധേയനാകുകയാണ് മൈക്രോസോഫ്റ്റ് അവാർഡ് ജേതാവ് മുഹമ്മദ് അൽഫാൻ. വീട്ടമ്മമാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് മൈക്രോസോഫ്റ്റ് എക്സൽ സോഫ്റ്റ്‌വെയർ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിനെ കുറിച്ചുള്ള ക്ലാസാണ് മാതൃദിനത്തോടനുബന്ധിച്ച് അൽഫാൻ എടുത്തത്.
മൂന്ന് ദിവസങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എണ്ണൂറിലധികം വീട്ടമ്മമാർ ഓൺലൈൻ ക്ലാസിൽ പങ്കെടുത്തു. മാതൃദിനത്തിലും തലേന്നും പിറ്റേന്നുമായി സൂം ഉപയോഗിച്ചായിരുന്നു ക്ലാസ്. എക്സൽ, ഡാറ്റാ അനലറ്റിക്സ് എന്നിവ ഉപയോഗിച്ച് ജോലി എങ്ങിനെ കണ്ടെത്താം എന്നതായിരുന്നു പാഠ്യവിഷയങ്ങൾ. മൂന്ന് ദിവസങ്ങളിലായി ഏഴ് മണിക്കൂറിലധികം ക്ലാസ് നീണ്ടു.
എല്ലാ മേഖലയിലും ഉപയോഗിക്കുന്ന എക്സലിന്റെ അനന്ത സാധ്യതകൾ വളരെ ലളിതമായി മനസ്സിലായെന്നും ഏറെ ആത്മവിശ്വാസം ലഭിച്ചെന്നും പങ്കെടുത്ത വീട്ടമ്മമാർ പറഞ്ഞു. ടെക്നോളജി രംഗത്ത് നൽകിയ സംഭാവനകളെ അടിസ്ഥാനമാക്കിയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ് അൽഫാന് രണ്ട് മാസം മുമ്പ് മൈക്രോസോഫ്റ്റ് അവാർഡ് ലഭിച്ചത്. 90 രാജ്യങ്ങളിൽനിന്നായി മൂവായിരത്തോളം അപേക്ഷകളിൽ നിന്നായി 16 പേരെയായിരുന്നു തെരഞ്ഞെടുത്തിരുന്നത്. 25 വർഷത്തിനിടയിൽ ഇന്ത്യയിൽ നിന്ന് എക്സൽ വിഭാഗത്തിൽ അവാർഡ് നേടുന്ന നാലാമത്തെ ആളാണ് മുഹമ്മദ് അൽഫാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.