യു.എസിലെ നിരോധനം മറികടക്കാൻ അവസാന ശ്രമവുമായി ടിക് ടോക്; നിയമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍
text_fieldsവിഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ ടിക് ടോക്, യു.എസില്‍ നിരോധനത്തിന്റെ വക്കിലാണ്. 17 കോടി ഉപയോക്താക്കളുള്ള യു.എസിലെ മാർക്കറ്റ് നഷ്ടപ്പെട്ടാൽ കനത്ത തിരിച്ചടിയാകുമെന്ന തിരിച്ചറിവിൽ, നിരോധനം മറികടക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് കമ്പനി. ടിക് ടോക് വില്‍ക്കുകയോ അല്ലെങ്കില്‍ യു.എസില്‍ നിരോധനം നേരിടുകയോ ചെയ്യണമെന്ന് നിര്‍ബന്ധമാക്കുന്ന നിയമം താൽക്കാലികമായി തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് കമ്പനി.
നിയമം നടപ്പിലാകുന്നതോടെ ജനുവരി 19ന് മുമ്പ് മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സുമായുള്ള ബന്ധം എന്നന്നേക്കുമായി ഉപേക്ഷിച്ച് ടിക് ടോക്കിനെ അമേരിക്കന്‍ കമ്പനികള്‍ക്ക് വില്‍ക്കണം. എങ്കില്‍ മാത്രമേ ടിക് ടോക്കിന് തുടര്‍ന്നും യു.എസില്‍ പ്രവര്‍ത്തിക്കാനാകൂ. അതിന് സാധിച്ചില്ലെങ്കില്‍ യു.എസില്‍ നിരോധനത്തിന് വിധേയമായി സേവനം അവസാനിപ്പിക്കണം. നേരത്തെ നിയമം തടയണമെന്നാവശ്യപ്പെട്ട് കീഴ്‌കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു.
അമേരിക്കൻ പാർലമെന്റായ കോണ്‍ഗ്രസ് ഇക്കഴിഞ്ഞ ഏപ്രിലിലാണ് ടിക് ടോക്കിന് വിലക്കിടുന്ന നിയമം പാസാക്കിയത്. 18 നെതിരെ 79 വോട്ടുകള്‍ക്കാണ് സെനറ്റ് ബില്‍ ബാസാക്കിയത്. പ്രസിഡന്റ് ബൈഡന്‍ ഇതില്‍ ഒപ്പുവെക്കുകയും ചെയ്തു. എന്നാൽ ഉപയോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യം ചൂണ്ടിക്കാണിച്ചാണ് ടിക് ടോക് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. യു.എസില്‍ നിന്നുള്ള ടിക് ടോക് ഉപയോക്താക്കളുടെ സംഘവും നിരോധനം ഒഴിവാക്കണമെന്ന ആവശ്യവുമായി കോടതിയിൽ എത്തിയിരുന്നു.
ബൈറ്റ് ഡാൻസിന്റെ ചൈനീസ് ബന്ധമാണ് യു.എസിന്റെ ടിക് ടോക് നിരോധന നീക്കത്തിന് കാരണമായത്. അമേരിക്കന്‍ ഉപയോക്താക്കളുടെ ലൊക്കേഷന്‍, സ്വകാര്യ സന്ദേശങ്ങള്‍ ഉള്‍പ്പടെയുള്ള ഉള്ളടക്കങ്ങളിലേക്ക് രാജ്യവിരുദ്ധ ശക്തികള്‍ക്ക് അനധികൃത പ്രവേശനം ലഭിക്കുമെന്ന ആശങ്കയാണ് പ്രധാന പ്രശ്നമായി യു.എസ് ചൂണ്ടിക്കാണിക്കുന്നത്. ഒപ്പം ടിക് ടോക്കിലെ ഉള്ളടക്കങ്ങളിലൂടെ യു.എസ് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കുമെന്ന സാധ്യതയും നിരോധന നടപടിക്ക് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.