കേട്ടതെല്ലാം ശരി തന്നെ..! ഐ.ഒ.എസ് 18 ചരിത്രമാകും; ഐഫോണിനെ എ.ഐ-യിൽ മുക്കാൻ ആപ്പിൾ
text_fieldsആപ്പിൾ ഫാൻസിന് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് സി.ഇ.ഒ ടിം കുക്ക്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയായിരുന്ന തങ്ങളുടെ സ്വന്തം ജനറേറ്റീവ് എ.ഐ-യെ ഒടുവിൽ ആപ്പിൾ കെട്ടഴിച്ച് വിടാൻ പോവുകയാണ്. ഓപൺഎ.ഐയും ഗൂഗിളും മൈക്രോസോഫ്റ്റും എ.ഐ രംഗത്ത് പരസ്പരം മത്സരിക്കുമ്പോൾ ആപ്പിൾ മാത്രം ഈ മേഖലയിൽ പിന്നിലാകുന്നതിനെകുറിച്ച് ടെക് ലോകത്ത് ചർച്ചകൾ വന്നിരുന്നു. അതിനുള്ള മറുപടിയുമായാണ് ടിം കുക്കിന്റെ വരവ്.
കമ്പനിയുടെ ത്രൈമാസ വരുമാന റിപ്പോർട്ടിന്റെ സമയത്ത് ടിം കുക്ക് തന്നെ നിർമിത ബുദ്ധി മേഖലയിലെ ആപ്പിളിന്റെ നിക്ഷേപത്തെക്കുറിച്ച് അപൂർവമായ തുറന്നുപറച്ചിൽ നടത്തുകയായിരുന്നു. ഈ വർഷാവസാനത്തോടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന തരത്തിൽ "ജനറേറ്റീവ് എഐ" സവിശേഷതകളിൽ കമ്പനി പ്രവർത്തിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
ഏതാനും ദിവസങ്ങളായി iOS 18 പതിപ്പിനെ കുറിച്ചുള്ള ലീക്കുകൾ ഇന്റർനെറ്റിൽ വൈറലാകുന്നുണ്ട്. ഐ.ഒ.എസ് 18 ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപ്‌ഡേറ്റായിരിക്കുമെന്നുള്ള ഊഹാപോഹങ്ങളെ ശക്തിപ്പെടുത്തുന്നതാണ് ടിം കുക്കിന്റെ പുതിയ പ്രസ്താവനകൾ. നിർമിത ബുദ്ധിയുടെ സാധ്യതകൾ പരമാവധി ഉപയോഗിച്ചുകൊണ്ടുള്ളതാകും ഐ.ഒ.എസ് 18 എന്നാണ് പുറത്തുവരുന്ന വാർത്തകൾ. സാംസങ് അവരുടെ ഗ്യാലക്സി എസ് 24 സീരീസിനെ ഗ്യാലക്സി എ.ഐ ഉപയോഗിച്ച് അണിയിച്ചൊരുക്കിയത് പോലെ വരാനിരിക്കുന്ന ഐഫോണുകളെ ഒരുപടി മുകളിലെത്തിക്കാനാണ് ആപ്പിൾ പദ്ധതിയിടുന്നത്.
അയാക്സ് (Ajax) എന്ന പേരിൽ ആപ്പിൾ സ്വന്തം ലാർജ് ലാംഗ്വേജ് മോഡലിൽ (LLM) പ്രവർത്തിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. അതുപോലെ ആപ്പിളിന്റെ വോയ്സ് അസിസ്റ്റന്റായ സിരിയെ എ.ഐ ഉപയോഗിച്ച് കൂടുതൽ സ്മാർട്ടാക്കാനും പദ്ധതിയിടുന്നുണ്ട്. സിരി 2.0 ജനറേറ്റീവ് എഐ പിന്തുണയാൽ ഏവരെയും അമ്പരപ്പിക്കുന്ന തരത്തിലാകുമെന്നാണ് അവകാശവാദം.
ഐ മെസേജ്, മ്യൂസിക് ആപ്പ് തുടങ്ങിയവയിലും എഐ അധിഷ്ടിത സൗകര്യങ്ങള്‍ അവതരിപ്പിച്ചേക്കും. പേജസ്, കീനോട്ട് എന്നീ ആപ്പുകളിലും എഐ അപ്‌ഡേറ്റുകളെത്തും. ഐഒഎസ് 18 ല്‍ റിച്ച് കമ്മ്യൂണിക്കേഷന്‍ സര്‍വീസസ് അവതരിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നുണ്ട്. ആപ്പിള്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.