ഒരു മാസത്തെ പ്ലാൻ ചെയ്താൽ 28 ദിവസമോ! വടിയെടുത്ത് ട്രായ്; പുതിയ പ്ലാനുകളുമായി സേവനദാതാക്കൾ
text_fieldsന്യൂഡൽഹി: മൊബൈൽ ഫോൺ റീചാർജിന്റെ സമയപരിധി 28 ദിവസമാക്കി ചുരുക്കുന്ന ടെലികോം സേവനദാതാക്കൾക്കെതിരെ വടിയെടുത്ത് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇനി മുതൽ 30 ദിവസത്തെ റീചാർജ് പ്ലാനുകൾ നടപ്പാക്കണമെന്ന് ട്രായ് നിർദേശിച്ചു. ട്രായിയുടെ തീരുമാനം പ്രഖ്യാപിച്ചതിന് പിറകെ എല്ലാ ടെലികോം കമ്പനികളും 30 ദിവസം കാലാവധിയുള്ളതും ഒരേ തീയതിയിൽ പുതുക്കാവുന്നതുമായ പ്ലാനുകൾ പ്രഖ്യാപിച്ചു.
28 ദിവസത്തിലൊരിക്കൽ പുതുക്കുമ്പോൾ വർഷത്തിൽ '13 മാസം' എന്ന വിചിത്രമായ കണക്കാണ് ഇതോടെ ഇല്ലാതാകുന്നത്. 28, 56, 84 ദിവസങ്ങളായിട്ടായിരുന്നു ഇതുവരെയുള്ള റീചാർജ്. മാസത്തിന്റെ അവസാന തീയതിയിലോ ചാർജ് ചെയ്തതിന്റെ തൊട്ടടുത്ത മാസത്തെ അതേ തീയതിയിലോ റീചാർജ് ചെയ്യണമെന്നാണ് പുതിയ നിബന്ധന. എല്ലാ ടെലികോം സേവന ദാതാക്കളും കുറഞ്ഞത് ഒരു പ്ലാന്‍ വൗച്ചര്‍, പ്രത്യേക താരിഫ് വൗച്ചര്‍, കോമ്പിനേഷന്‍ വൗച്ചര്‍ എന്നിവ 30 ദിവസ കാലാവധിയില്‍ ഉപഭോക്താക്കൾക്ക് നൽകണം.
28 ദിവസത്തെ പ്ലാൻ കണക്കാക്കുമ്പോൾ ഒരു വര്‍ഷം ഒരു മാസത്തെ അധികതുക ടെലികോം കമ്പനികള്‍ ഈടാക്കുന്നതായി പരാതിയുയർന്നിരുന്നു. തുടർന്നാണ് ടെലികോം താരിഫ് ഉത്തരവിൽ ട്രായ് ഭേദഗതി വരുത്തി ഉത്തരവിറക്കിയത്. 30, 31, ഫെബ്രുവരി 28, 29 എന്നിങ്ങനെ വ്യത്യസ്തമായ ദിവസങ്ങളുള്ളതിനാൽ ഒരു മാസത്തിലെ അവസാന ദിവസം പുതുക്കുന്ന പ്ലാനുകൾ വേണമെന്നും നിർദേശിച്ചിട്ടുണ്ട്.
എയർടെൽ 30 ദിവസത്തേക്ക് 128 രൂപയുടെ പ്ലാൻ വൗച്ചറാണ് പ്രഖ്യാപിച്ചത്. അടുത്തമാസം അതേ തീയതിയിൽ പുതുക്കുമ്പോൾ 131 രൂപ നൽകണം. നിലവിലുള്ളതിലും കുറഞ്ഞ തുകയാണിത്. മറ്റ് സേവനദാതാക്കൾ 30 ദിവസത്തേക്കും അടുത്തമാസം അതേ തീയതിയിലും പുതുക്കുമ്പോഴുള്ള തുക: ബി.എസ്.എൻ.എൽ- 199, 229, എം.ടി.എൻ.എൽ- 151,97, റിലയൻസ് ജിയോ- 296,259, വോഡഫോൺ ഐഡിയ (വി.ഐ)-137, 141.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.