സ്മാർട്ഫോൺ കണ്ട് ഞെട്ടി 28 വർഷം പാക് ജയിലിൽ കഴിഞ്ഞ് തിരികെയെത്തിയ ഗുജറാത്ത് സ്വദേശി
text_fieldsഅഹ്മദാബാദ്: സ്മാർട്ഫോൺ കണ്ട് ഞെട്ടിയിരിക്കയാണ് കുൽദീപ് യാദവ് എന്ന 59കാരൻ. സ്മാർട് ഫോൺ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണിപ്പോൾ. ചാരവൃത്തിക്കേസിൽ പാകിസ്താനിൽ 28 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച് കുൽദീപ് നാട്ടിൽ മടങ്ങിയെത്തിയിട്ട് ഒരാഴ്ചയായിട്ടേ ഉള്ളൂ. തിരികെയെത്തിയപ്പോഴേക്കും കുൽദീപിന്റെ ചുറ്റുമുള്ളതെല്ലാം മാറിയിരുന്നു. 1994ലാണ് കുൽദീപിനെ പാക് സുരക്ഷ ഏജൻസികൾ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
കഴിഞ്ഞാഴ്ചയാണ് പാക് സുപ്രീംകോടതി ജയിൽ മോചിതനാക്കിയത്. 1992ൽ ജോലി തേടിയാണ് ഇദ്ദേഹം പാകിസ്താനിലെത്തിയത്. രണ്ടുവർഷം ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ച കുൽദീപിനെ പാക് സുരക്ഷ ഏജൻസികൾ പിടികൂടുകയായിരുന്നു. 1996ൽ പാക് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. അന്നുമുതൽ ലാഹോറിലെ കോട് ലഖ്പത് ജയിലിൽ കഴിയുകയായിരുന്നു.
തീവ്രവാദവും ചാരവൃത്തിയും ചുമത്തപ്പെട്ട് ശിക്ഷയനുഭവിച്ച സരബ്ജീത് സിങും ഒപ്പമുണ്ടായിരുന്നു. പാക് ജയിലിൽ തടവുകാരുമായുണ്ടായ ഏറ്റുമുട്ടലിൽ സരബ്ജീത് സിങ് കൊല്ലപ്പെട്ടു. രണ്ടാഴ്ച കൂടുമ്പോൾ സരബ്ജീതുമായി കൂടിക്കാഴ്ച നടത്താൻ ജയിൽ അധികൃതർ അനുമതി നൽകിയ കാര്യവും കുൽദീപ് പങ്കുവെച്ചു. ജയിലിൽ പാക് തടവുകാരെയും ഇന്ത്യൻ തടവുകാരെയും വെവ്വേറെയാണ് താമസിപ്പിച്ചിരുന്നത്.
ഇത്രേം പ്രായമുള്ള താൻ എങ്ങനെയാണ് ജീവിക്കുക എന്നോർത്താണിപ്പോൾ കുൽദീപിന്റെ സങ്കടം. ഇളയ സഹോദരനെയും സഹോദരിയെയും ആശ്രയിക്കുകയാണിപ്പോൾ. സർക്കാർ എന്തെങ്കിലും ധനസഹായം നൽകുമെന്ന പ്രതീക്ഷയിലാണ് കുൽദീപ്. ഒരു തുണ്ട് ഭൂമിയും കയറിക്കിടക്കാൻ കൂരയും പെൻഷനും ലഭിക്കുകയാണെങ്കിലും ജീവിതം കരുപ്പിടിപ്പിക്കാനാവുമെന്നും ഈ 59 കാരൻ പറയുന്നു. ''നിരവധി വർഷം ഞാൻ രാജ്യത്തിന് വേണ്ടി സേവനം ചെയ്തു. വിരമിച്ച സൈനികരെ പോലെ ഞങ്ങളെയും കണക്കാക്കി എന്തെങ്കിലും ധനസഹായം നൽകണം.''-ഇതാണ് കുൽദീപിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.