ട്വിറ്റർ ബ്ലൂ ഇന്ത്യയിലും; ഇന്ന് മുതൽ സബ്സ്ക്രൈബ് ചെയ്യാം
text_fieldsഇന്ത്യൻ ഉപയോക്താക്കൾക്കും ഇന്നു മുതൽ ട്വിററർ ബ്ലൂ സൗകര്യം ലഭ്യമാകും. തെരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമാണ് നേരത്തെ ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ സൗകര്യമുണ്ടായിരുന്നത്. അക്കൗണ്ടിന്റെ ആധികാരികത ഉറപ്പാക്കുന്ന ബ്ലൂടിക്ക് ലഭിക്കുന്നതിനാണ് ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബ് ചെയ്യേണ്ടത്.
മാസം 650 രൂപ വീതം അടച്ച് വെബ്സൈറ്റിലും 900 രൂപ അടച്ച് മൊബൈലിലും ഉപയോഗിക്കാം. വാർഷിക സബ്സ്ക്രിപ്ഷന് 1000 രൂപയുടെ ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 7800 രൂപക്ക് പകരം 6800 രൂപ അടച്ച് വാർഷിക സബ്സ്ക്രിപ്ഷനും നേടാം.
നേരത്തെ, ബ്ലൂടിക്കിന് പ്രത്യേകം അപേക്ഷിക്കണമായിരുന്നെങ്കിലും പണം അടക്കേണ്ടതില്ലായിരുന്നു.
ട്വിറ്റർ ബ്ലൂ ഉപയോക്താക്കൾക്ക് ട്വീറ്റുകൾ എഡിറ്റ് ചെയ്യാനും ദൈർഘ്യമേറിയ വിഡിയോകൾ അപ്ലോഡ് ചെയ്യാനും സാധിക്കും. ട്വീറ്റുകൾ പോസ്റ്റ് ചെയ്ത് 30 മിനിട്ടിനുള്ളിൽ അഞ്ചു തവണ വരെ എഡിറ്റ് ചെയ്യാം. ട്വിറ്റർ ബ്ലൂ ഉപയോക്താക്കൾക്ക് 50 ശതമാനം പരസ്യങ്ങൾ മാത്രമേ കണേണ്ടി വരികയുള്ളു. മാത്രമല്ല, പുതിയ ഫീച്ചറുകൾ ആദ്യം ലഭ്യമാകുന്നതും ഇവർക്കായിരിക്കും.
ട്വിറ്റർ ബ്ലൂ എങ്ങനെ ലഭ്യമാകും?
പ്രൊഫൈലിൽ ഇടതു ഭാഗത്ത് മുകളിലായുള്ള പ്രൊഫൈൽ പിക്ചറിൽ ക്ലിക്ക് ചെയ്ത് ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബ് ചെയ്യാം. 90 ദിവസമെങ്കിലും ആയ അക്കൗണ്ടുകൾക്ക് മാത്രമേ സബ്സ്ക്രിപ്ഷൻ ലഭിക്കുകയുള്ളു.
സബ്സ്ക്രൈബ്ഡ് യൂസർമാർ റിവ്യൂ സമയത്ത് അവരുടെ ഡിസ് പ്ലേ ചിത്രവും പേരും യൂസർനെയിമും മാറ്റരുതെന്ന് ട്വിറ്റർ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യുമ്പോൾ ആളുകളെ തിരിച്ചറിയാൻ ബുദ്ധിമുട്ടാകുമെന്നും ട്വിറ്റർ വ്യക്തമാക്കുന്നു. നിലവിലെ വെരിഫൈഡ് യൂസർമാരുടെ കാര്യത്തിൽ ട്വിറ്റർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.