ജാക്ക് ഡോർസി പറഞ്ഞു 'അപകടമാണ്.. വരില്ല'; എന്നാൽ, ട്വിറ്റർ ആ 'ഫീച്ചറു'മായി എത്തുന്നു
text_fieldsട്വിറ്റർ യൂസർമാർക്ക് സന്തോഷ വാർത്ത. ഇന്റർനെറ്റ് ലോകത്തേക്ക് വന്നതിന് ശേഷമുള്ള ഏറ്റവും വലിയ മാറ്റത്തിനൊരുങ്ങുകയാണ് ട്വിറ്റർ. അതെ..! ഒടുവിൽ ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി മൈക്രോ ബ്ലോഗിങ് സൈറ്റ് എത്തുകയാണ്. വിവിധ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും സർക്കാർ വകുപ്പുകളുമടക്കം പ്രധാന വിവരങ്ങൾ കൈമാറാനായി ആശ്രയിക്കുന്ന സമൂഹ മാധ്യമമായിട്ടുകൂടി, ട്വീറ്റുകൾ തിരുത്താനുള്ള സൗകര്യം പ്ലാറ്റ്ഫോമിൽ ഇല്ലാത്തത് ട്വിറ്ററാട്ടികൾക്കിടയിൽ വലിയ മുറുമുറുപ്പുണ്ടാക്കിയിരുന്നു.
നിലവിൽ ട്വീറ്റുകൾ തെറ്റി പോസ്റ്റ് ചെയ്താൽ, അത് ഡിലീറ്റ് ചെയ്യുകയെല്ലാതെ വേറെ രക്ഷയില്ല. യൂസർമാരുടെ വർഷങ്ങളായുള്ള പരാതികൾക്കാണ് കമ്പനി തീരുമാനമുണ്ടാക്കാൻ പോകുന്നത്. അതേസമയം, ട്വിറ്റർ ബ്ലൂ വരിക്കാർക്കായിരിക്കും എഡിറ്റ് ബട്ടൺ ആദ്യം ലഭിക്കുകയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ, ട്വീറ്റ് എഡിറ്റ് ചെയ്താലും ആദ്യം പങ്കുവെച്ച ട്വീറ്റ് യൂസർമാർക്ക് കാണാൻ കഴിയുന്ന രീതിയിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുക.
44 ബില്യൺ ഡോളർ ഏറ്റെടുക്കൽ കരാർ റദ്ദാക്കിയതിനെച്ചൊല്ലി ടെസ്‌ല സിഇഒ എലോൺ മസ്‌കുമായുള്ള നിയമപോരാട്ടത്തിനിടയിലാണ് ട്വീറ്റ് എഡിറ്റ് ബട്ടണിൽ ട്വിറ്റർ ടീം ആന്തരികമായി പ്രവർത്തിക്കുന്നത്.
എഡിറ്റ് ബട്ടൺ കൊണ്ടുവന്നാലുള്ള പ്രശ്നങ്ങൾ പഠിക്കാനായി നിലവിൽ ഒരു കൂട്ടം യൂസർമാരിൽ ഫീച്ചർ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. "ആളുകൾ ഫീച്ചർ എങ്ങനെ ദുരുപയോഗം ചെയ്യാം എന്നതിനെ കുറിച്ചും പഠിക്കുകയാണെന്ന്" ട്വിറ്റർ അറിയിച്ചിട്ടുണ്ട്.
എഡിറ്റ് ബട്ടൺ പ്രവർത്തനം ഇങ്ങനെ...
ട്വീറ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം 30 മിനിറ്റ് വരെ മാത്രമായിരിക്കും നിലവിലുള്ള ട്വീറ്റുകളിൽ മാറ്റങ്ങൾ വരുത്താൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുക. പ്രസിദ്ധീകരിച്ച ട്വീറ്റിൽ അത് എഡിറ്റ് ചെയ്യപ്പെട്ടതായി സൂചിപ്പിക്കുന്ന ലേബൽ, അല്ലെങ്കിൽ ടൈംസ്റ്റാമ്പ് ഉണ്ടായിരിക്കും. ട്വിറ്റർ ഉപയോക്താക്കൾക്ക് ട്വീറ്റിൽ ക്ലിക്ക് ചെയ്യാനും യഥാർത്ഥ ഉള്ളടക്കത്തിൽ വരുത്തിയ എല്ലാ മാറ്റങ്ങളും കാണാനും കഴിയും.
ജാക്ക് ഡോർസി പറഞ്ഞത്...
തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കാൻ സഹായിക്കുന്നതിനാൽ കമ്പനി "ഒരിക്കലും" "എഡിറ്റ് ട്വീറ്റ്" ഫീച്ചർ കൊണ്ടുവരില്ലെന്ന് ട്വിറ്റർ മുൻ സിഇഒ ജാക്ക് ഡോർസി 2020-ൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ, പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതോടെ ട്വിറ്റർ ലോകത്ത് എന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ് നെറ്റിസൺസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.