ഇലോൺ മസ്കും സക്കർബർഗും ഇടിക്കൂട്ടിലേക്ക്..! യു.എഫ്.സി തലവന്റെ വെളിപ്പെടുത്തലിൽ അമ്പരന്ന് ആരാധകർ
text_fieldsടെസ്‍ല തലവനും ശതകോടീശ്വരനുമായ ഇലോൺ മസ്കും സോഷ്യൽ മീഡിയ ഭീമനായ മെറ്റയുടെ തലവനായ മാർക് സക്കർബർഗും തമ്മിലുള്ള ഭിന്നതകൾ ടെക് ലോകത്ത് പരസ്യമായ കാര്യമാണ്. ‘മെറ്റാവേർസ്’ മുതൽ ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’, ‘അഭിപ്രായ സ്വാതന്ത്ര്യം’ തുടങ്ങി പല വിഷയങ്ങളിലും ഇരുവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. ട്വിറ്ററിനൊരു എതിരാളിയുമായി മെറ്റ വരുന്നതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ, പോരിന് കാഠിന്യം കൂടി. എന്നാൽ, വർഷങ്ങളായി തുടരുന്ന വാക്പോര് അടിപിടിയിൽ കലാശിക്കുമോ എന്നാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്.
‘എന്നെ തല്ലിത്തോൽപ്പിക്കാൻ പറ്റുമോ’.? എന്ന് ചോദിച്ച് ഇലോൺ മസ്ക് കുറേയായി മാർക് സക്കർബർഗിനെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ പൊതുവേ, സക്കർബർഗ് തമാശയാക്കി അവഗണിക്കുകയാണ് പതിവ്. എന്നാൽ, തല്ലുകൂടാൻ റെഡിയാണെന്ന് മെറ്റ തലവനും അറിയിച്ചതോടെ അമ്പരന്നിരിക്കുകയാണ് ടെക് ലോകം.
ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെയാണ് ഒരു കേജ് മാച്ചിൽ പോരാടാൻ തയ്യാറായതിന്റെ സൂചന നൽകിയിരിക്കുന്നത്. മസ്‌ക് ട്വിറ്ററിലൂടെയാണ് തന്റെ താൽപര്യം അറിയിച്ചത്. ‘എനിക്ക് ലൊക്കേഷൻ അയക്കുക’ എന്ന അടിക്കുറിപ്പോടെ മസ്ക് പങ്കുവെച്ച ട്വീറ്റിന്റെ സ്ക്രീൻഷോട്ട് സക്കർബർഗ് പോസ്റ്റ് ചെയ്തതോടെ നെറ്റിസൺസിന് ആവേശമായി. ഇലോൺ മസ്ക് അതിന് മറുപടിയായി ‘വേഗാസ് ഒക്ടാഗൺ’ എന്ന ട്വീറ്റ് ചെയ്തു. അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ്പ് അഥവാ യു.എഫ്.സി മത്സരങ്ങൾ നടക്കുന്ന ഇടമാണ് വേഗാസ് ഒക്ടാഗൺ. ഫെൻസുകളുള്ള ഇടിക്കൂടാണ് ഒക്ടാഗണിന്റെ പ്രത്യേകത.
രണ്ട് ശതകോടീശ്വരൻമാരും തമാശ കളിക്കുകയാണെന്ന് കരുതിയവരെ അമ്പരപ്പിച്ചുകൊണ്ട് യു.എഫ്.സി പ്രസിഡന്റ് ഡാന വൈറ്റ് തന്നെ രംഗത്തുവന്നു. ഒക്ടാഗണിൽ തമ്മിൽ ഏറ്റുമുട്ടുന്ന കാര്യത്തിൽ മസ്കും സക്കർബർഗും വളരെ സീരിയസാണെന്നാണ് അവർ TMZ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. “ഇന്നലെ രാത്രി ഞാൻ ഇലോണിനോടും മാർക്കിനോടും സംസാരിച്ചിരുന്നു. രണ്ടുപേരും ഇക്കാര്യത്തിൽ വളരെ സീരീയസാണ്. 'അതെ, ഞങ്ങൾ അത് ചെയ്യും!', - എന്നാണ് എന്നോട് പ്രതികരിച്ചത് - യു.എഫ്.സി പ്രസിഡന്റ് പറഞ്ഞു.
എന്നാൽ, സക്കർബർഗിനെ വെല്ലുവിളിച്ചതിന് ശേഷം ഫൈറ്റിൽ താൻ പ്രയോഗിക്കാൻ പോകുന്ന നീക്കങ്ങളുമായി ബന്ധപ്പെട്ട് ഇലോൺ മസ്ക് പങ്കുവെച്ച തമാശ നിറഞ്ഞ ട്വീറ്റുകൾ, തല്ല് കാത്തിരുന്നവരെ നിരാശപ്പെടുത്തുന്നതായിരുന്നു. മസ്ക് പതിവുപോലെ തമാശ കളിക്കുകയാണെന്ന് പലരും ട്വീറ്റ് ചെയ്തു.
‘‘ദ വാൽറസ്’’ എന്ന് ഞാൻ വിളിക്കുന്ന ഒരു മഹത്തായ അടവ് എന്റെ കൈയ്യിലുണ്ട്, ഞാൻ എന്റെ എതിരാളിയുടെ മുകളിൽ അങ്ങനെ കിടക്കും, ഒന്നും ചെയ്യാതെ....’’ - ഇലോൺ മസ്ക് പങ്കുവെച്ച ഒരു ട്വീറ്റ് ഇങ്ങനെയായിരുന്നു. ഫൈറ്റുമായി ബന്ധപ്പെട്ട് ട്വിറ്റർ തലവന്റെ മാതാവ് മായെ മസ്ക് പങ്കുവെച്ച ട്വീറ്റും വൈറലാണ്. ‘മസ്കും മാർക്കും തമ്മിലുള്ള ഫൈറ്റ് താൻ റദ്ദാക്കി’ എന്നാണ് അവർ പറഞ്ഞത്. താൻ ഇതുവരെ ഇക്കാര്യം അവരോട് പറഞ്ഞിട്ടില്ലെന്നും അവർ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.