സാങ്കേതിക വിദ്യയുടെ വമ്പൻ സാധ്യത തുറക്കാൻ "യുമെക്സ്" അബൂദബിയിൽ
text_fieldsനൂതന കണ്ടെത്തലുകളും സാങ്കേതിക വിദ്യയും ഉൾക്കൊള്ളിച്ചു നിർമിച്ച കരയിലെയും കടലിലെയും ആകാശത്തെയും ആളില്ലാ സംവിധാനങ്ങളുടെ പ്രദർശനവേദിയായ അൺമാൻഡ് സിസ്റ്റംസ്(യുമെക്സ്),സിമുലേഷൻ ആൻഡ് ട്രെയിനിങ്( സിംടെക്സ്) എക്സിബിഷന് അടുത്തയാഴ്ച അബൂദബി വേദിയാവും.
അബൂദബി നാഷനൽ എക്സിബിഷൻ സെന്ററിൽ ജനുവരി 23 മുതലാണ് അബൂദബി ഉപഭരണാധികാരി ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ് യാന്റെ രക്ഷകർതൃത്വത്തിൽ ത്രിദിന സമ്മേളനം നടക്കുക. പ്രാദേശികവും ആഗോളതലത്തിലുമുള്ള സ്ഥാപനങ്ങൾ പരിപാടിയിൽ പങ്കെടുക്കും. 214 സ്ഥാപനങ്ങളാണ് പ്രദർശനത്തിൽ ഇത്തവണ പങ്കെടുക്കുകയെന്നും മുൻ വർഷത്തെ പ്രദർശനത്തെ അപേക്ഷിച്ച് ഇത്തവണ 19 ശതമാനം വർധനവാണ് പങ്കാളിത്തത്തിൽ ഉണ്ടായിട്ടുണ്ടെന്നും ഉന്നത സംഘാടന സമിതിയുടെ ചെയർമാൻ മേജർ ജനറൽ മുബാറക് സഈദ് ബിൻ ഗഫൻ അൽ ജാബ്രി പറഞ്ഞു.
30000 ചതുരശ്ര മീറ്ററിലാണ് പ്രദർശന വേദിയൊരുക്കിയിരിക്കുന്നത്. 35 രാജ്യങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. സൗദി അറേബ്യ, ഖത്തർ, സ്വിറ്റ്സർലന്റ്, ലക്സംബർഗ്, സിംഗപ്പൂർ, നെതർലൻഡ്സ്, സ്ലോവേനിയ, തായ് വാൻ, ഇസ്റ്റോണിയ, വിർജിൻ ഐലൻഡ്സ്, ചെക് റിപബ്ലിക് എന്നീ 11 രാജ്യങ്ങൾ ഇതാദ്യമായാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. അഡ്നെകിന്റെ വാട്ടർ ചാനലിൽ ആണ് കരയിലെയും കടലിലെയും ആളില്ലാ സംവിധാനങ്ങളുടെ പ്രദർശനം ഉണ്ടാവുക. വ്യോമ പ്രകടനം സ്വീഹാൻ ഹിൽസ് മേഖലയിലാണ്. പ്രദർശനവേദി നിരവധി പ്രതിരോധ ഇടപാടുകൾക്കും വേദിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.