സിം പോർട്ട് ചെയ്യാൻ ജിയോ സമ്മതിക്കുന്നില്ലെന്ന് കർഷകരുടെ പരാതി
text_fieldsന്യൂഡൽഹി: കർഷക പ്രക്ഷോഭത്തെ കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര സർക്കാർ ഉണരണമെങ്കിൽ കോർപറേറ്റുകൾക്ക് പൊള്ളണമെന്ന് തിരിച്ചറിഞ്ഞ സമരക്കാർ റിലയൻസ്, അദാനി ഗ്രൂപ്പുകൾക്കെതിരെ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ മുകേഷ് അംബാനിയുടെ ടെലികോം കമ്പനിയായ ജിയോയിൽ നിന്നും വരിക്കാർ വ്യാപകമായി മറ്റ് നെറ്റ്വർക്കുകളിലേക്ക് ചേക്കേറിയിരുന്നു. രണ്ടാമത്തെ നമ്പറായി ജിയോ ഉപയോഗിച്ചിരുന്നവർ നമ്പർ തന്നെ ഉപേക്ഷിച്ചു. എന്നാൽ ജിയോ സിം പേർട്ട് ചെയ്യാനുള്ള നടപടികൾ കമ്പനി തടസപ്പെടുത്തുന്നതായുള്ള പരാതിയാണ് ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്നത്.
നമ്പർ മാറാതെ സേവനദാതാവിനെ മാറ്റാനുള്ള മൊബൈൽ നമ്പർ പോർട്ടബിലിറ്റി സംവിധാനം (എം.എൻ.പി) ഉപയോഗപ്പെടുത്താൻ 1900 എന്ന നമ്പറിലേക്ക് 'പോർട്ട് (PORT)' എന്ന് സന്ദേശം അയക്കുകയാണ് ആദ്യത്തെ നടപടി. എന്നാൽ ഇത് ജിയോ കെയർ തടസപ്പെടുത്തിയതായി കാണിച്ച് കിസാൻ ഏകതാ മാർച്ചിന്‍റെ ട്വിറ്റർ അക്കൗണ്ട് പോസ്റ്റിട്ടിട്ടുണ്ട്. അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ ഇത് റീട്വീറ്റ് ചെയ്തു.
ജിയോയുടെ നടപടി ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെയും ഉപഭോകൃത അവകാശങ്ങളുടെയും ലംഘനമാണെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നു. കമ്മ്യൂണിക്കേഷൻസ്, ഐ.ടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദിനെ ടാഗ് ചെയ്തിട്ടുണ്ട്.
നേരത്തെ പ്രതിഷേധങ്ങളുടെ ഭാഗമായി പഞ്ചാബിലെ കർഷകർ 1300ലധികം വരുന്ന ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയിരുന്നു. ചില ടവറുകളിലെ ഫൈബറുകൾ മുറിച്ചു മാറ്റുകയും ചെയ്തിട്ടുണ്ട്.
പഞ്ചാബിലെ വിവിധ ഗ്രാമങ്ങളിലെ കർഷകർ ഡിസംബർ 25 മുതലാണ് ജിയോക്കെതിരെ പ്രതിഷേധം ശക്തമാക്കിയത്. ടെലികോം കമ്പനികൾക്കെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ആഹ്വാനം ചെയ്തെങ്കിലും ഫലമുണ്ടായിരുന്നില്ല.
ജിയോ സേവനങ്ങൾ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ ഗുരുദ്വാരകൾ കേന്ദ്രീകരിച്ചും പ്രചരണം നടന്നിരുന്നു. തങ്ങളുടെ നമ്പർ നിലനിർത്തി മറ്റ് നെറ്റ്വർക്കുകളിലേക്ക് മാറാൻ ഗുരുദ്വാരകളിലെ പബ്ലിക് അഡ്രസ് സിസ്റ്റം ഉപയോഗിച്ച് അറിയിപ്പുകൾ നൽകുന്നതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.