ലോകപ്രശസ്ത ചൈനീസ് ഡ്രോൺ കമ്പനിയെയും കരിമ്പട്ടികയിലാക്കി അമേരിക്ക; കാരണമുണ്ട്...!
text_fieldsഹ്വാവേ, ZTE എന്നീ പ്രമുഖ കമ്പനികൾക്ക് പിന്നാലെ ലോകപ്രശസ്ത ചൈനീസ് ഡ്രോൺ കമ്പനിയായ ഡി.ജെ.ഐയെയും ബ്ലാക്ലിസ്റ്റിൽ പെടുത്തി യു.എസ് വാണിജ്യ വകുപ്പ്. ചിപ് നിർമാതാക്കളായ എസ്.എം.െഎ.സിയും ഡസനോളം വരുന്ന മറ്റ് ചൈനീസ് കമ്പനികളും കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡി.ജെ.ഐ രാജ്യത്തിെൻറ സുരക്ഷക്ക് ഭീഷണിയാണെന്നാണ് യു.എസ് ആരോപണം. നിലവിൽ അമേരിക്കൻ കമ്പനികളുമായി ബിസിനസ് നടത്തുന്നതിൽ നിന്നും അവരെ വിലക്കിയിട്ടുണ്ട്.
ഒാരോ കമ്പനികളെയും നിരോധിച്ചതിന് അമേരിക്കയ്ക്ക് പറയാൻ വിചിത്രങ്ങളായ കാരണങ്ങളുമുണ്ട്. 'ദുരുപയോഗം ചെയ്യാനിടയുള്ള ജനിതക ശേഖരണത്തിലൂടെയും വിശകലനത്തിലൂടെയും ഉയർന്ന സാങ്കേതിക നിരീക്ഷണത്തിലൂടെയും ചൈനക്കുള്ളിൽ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് അത്തരം കമ്പനികൾ കാരണമാവുന്നുണ്ടെന്നാണ് യു.എസ് വാണിജ്യ വകുപ്പ് ആരോപിക്കുന്നത്.
ചൈനീസ് സർക്കാരുമായുള്ള ഡ്രോൺ കമ്പനിയുടെ നയതന്ത്രപരമായ പങ്കാളിത്തത്തെയും സിൻജിയാങ് പ്രവിശ്യയിലെ തടങ്കൽപ്പാളയങ്ങൾ നിരീക്ഷിക്കാൻ പൊലീസ് പ്രസ്തുത കമ്പനിയുടെ ഡ്രോണുകൾ ഉപയോഗിക്കുന്നതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ വിലക്കെന്നാണ് റിപ്പോർട്ട്. യു.എസ് വിദേശ നയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ലോകമെമ്പാടുമുള്ള അടിച്ചമർത്തൽ ഭരണകൂടങ്ങളിലേക്ക് ചൈന അവരുടെ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്ത് സഹായിക്കുന്നതും ചില കമ്പനികളെ കരിമ്പട്ടികയിൽ പെടുത്താൻ കാരണമായതായി അമേരിക്ക വ്യക്തമാക്കുന്നുണ്ട്.
അതേസമയം, യുഎസ് വാണിജ്യ വകുപ്പിെൻറ തീരുമാനത്തിൽ ഡി.ജെ.ഐ നിരാശ രേഖപ്പെടുത്തി. 'അമേരിക്കയിലെ ഉപഭോക്താക്കൾക്ക് സാധാരണ പോലെ തന്നെ ഡി.ജെ.ഐ ഉത്പന്നങ്ങൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും തുടരാം. ഞങ്ങളുടെ കമ്പനിയെ നിർവചിക്കുന്നതും ലോകത്തിന് പ്രയോജനം ചെയ്യുന്നതുമായ ഏറ്റവും നൂതനമായ ഉത്പ്പന്നങ്ങൾ വികസിപ്പിക്കുന്നതിന് ഡി.ജെ.ഐ പ്രതിജ്ഞാബദ്ധമാണ്, "കമ്പനി ഒൗദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.