‘5ജി ഇല്ലെങ്കിലെന്താ..’; കേരളത്തിലെ ഉപഭോക്താക്കൾക്കായി നെറ്റ്‌വർക് മെച്ചപ്പെടുത്തി വി.ഐ
text_fieldsറിലയൻസ് ജിയോയും ഭാരതി എയർടെലും രാജ്യമെമ്പാടും 5ജി സേവനം ലഭ്യമാക്കിയെങ്കിലും വൊഡാഫോൺ ഐഡിയക്ക് (വിഐ) ഇപ്പോഴും ഇന്ത്യയിലെ രണ്ട് നഗരങ്ങളിൽ മാത്രമാണ് അഞ്ചാം തലമുറ മൊബൈല്‍ കണക്ടിവിറ്റി നൽകാൻ കഴിഞ്ഞത്. വി.ഐ-ക്കും അദാനി ഗ്രൂപ്പ് സ്ഥാപനമായ അദാനി ഡാറ്റ നെറ്റ്‌വർക്ക്‌സിനും കഴിഞ്ഞ ദിവസം ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
കാലതാമസത്തിൻ്റെ കാരണങ്ങളും സേവനങ്ങൾ ആരംഭിക്കുന്ന സമയക്രമവും അന്വേഷിച്ചുള്ളതായിരുന്നു നോട്ടീസ്. 5ജി നെറ്റ്‍വർക്കിന്റെ മിനിമം റോൾഔട്ട് ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിന് ഇരു കമ്പനികൾക്കും പിഴയീടാക്കിയിട്ടുമുണ്ട്.
അതേസമയം, 5ജി സേവനം സമയത്തിന് നൽകാൻ കഴിഞ്ഞില്ലെങ്കിലും കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി നെറ്റ്‌വർക് അനുഭവങ്ങള്‍ മെച്ചപ്പെടുത്തിയിരിക്കുകയാണ് വി.ഐ. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി ഉയർന്ന കാര്യക്ഷമതയുള്ള 900 മെഗാഹെര്‍ട്സ് സ്പെക്ട്രമാണ് വി.ഐ കേരളത്തിലെ 950-ലേറെ സൈറ്റുകളിലായി സ്ഥാപിച്ചത്.
സംസ്ഥാനത്തെ 2500-ലേറെ സൈറ്റുകളില്‍ കാര്യക്ഷമതയും വര്‍ധിപ്പിച്ചിട്ടുണ്ട്. കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറവുമടക്കമുള്ള വലിയ പട്ടണങ്ങളിലെ വി.ഐ ഉപഭോക്താക്കള്‍ക്ക് വീടുകളിലും വാണിജ്യ സ്ഥലങ്ങളിലും ഏറെ വ്യക്തതയുള്ള വോയ്സ് കോളും ഡാറ്റയും ലഭിക്കുന്നുണ്ട്.
900 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ്, 2300 മെഗാഹെര്‍ട്സ്, 2500 മെഗാഹെര്‍ട്സ് തുടങ്ങിയ വിവിധ ബാന്‍ഡുകളിലായി 114.8 മെഗാഹെര്‍ട്സ് സ്പെക്ട്രത്തിലൂടെ കേരളത്തില്‍ എൽ.ടി.ഇ നെറ്റ്‌വർക്കിൽ ഏറ്റവും വലിയ സ്പെക്ട്രം കൈവശമുള്ളതിനാൽ കേരളത്തിലെ ഏറ്റവും മികച്ച ടെലികോം സേവനദാതാവായി വി.ഐ മാറുകയാണെന്നു കമ്പനി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.