'ഇനി ടെക്സ്റ്റ് മെസ്സേജുകളും അപ്രത്യക്ഷമാകും'; പുതിയ ഫീച്ചർ പരീക്ഷിച്ച് വാട്സ്ആപ്പ്
text_fieldsവാട്സ്ആപ്പിലെ 'വ്യൂ വൺസ്' ഫീച്ചർ ഇപ്പോൾ യൂസർമാരുടെ ഏറ്റവും ഇഷ്ടപ്പെട്ട സവിശേഷതകളിൽ ഒന്നാണ്. ചിത്രങ്ങളും വിഡിയോകളും 'വ്യൂ വൺസ്' ഓപ്ഷൻ തെരഞ്ഞെടുത്ത് സ്വകാര്യമായോ, ഗ്രൂപ്പുകളിലോ അയച്ചുകഴിഞ്ഞാൽ അവ ഒരു തവണ മാത്രമേ, സ്വീകർത്താവിന് കാണാൻ സാധിക്കുകയുള്ളൂ. അത്തരത്തിൽ അയക്കപ്പെട്ട ചിത്രങ്ങൾ പങ്കുവെക്കാനോ, സ്ക്രീൻ ഷോട്ട് എടുക്കാനോ കഴിയുകയുമില്ല.
എന്നാൽ, വൈകാതെ ടെക്സ്റ്റ് മെസ്സേജുകൾക്കും വ്യൂ വൺസ് എന്ന ഫീച്ചർ അവതരിപ്പിക്കാൻ പോവുകയാണ് വാട്സ്ആപ്പ്. പ്രമുഖ വാട്സ്ആപ്പ് ഫീച്ചർ ട്രാക്കറായ WABetaInfo ആണ് ഇതുമായി ബന്ധപ്പെട്ട സൂചന നൽകിയിരിക്കുന്നത്.
അത്തരത്തിൽ അയച്ച ടെക്‌സ്‌റ്റുകൾ സ്വീകർത്താവ് ഒരിക്കൽ കണ്ടതിന് ശേഷം ചാറ്റിൽ നിന്ന് അപ്രത്യക്ഷമാകും. കൂടാതെ ടെക്‌സ്‌റ്റുകൾ ഫോർവേഡ് ചെയ്യാനോ പകർത്താനോ സ്‌ക്രീൻഷോട്ടുകൾ എടുക്കാനോ ഉപയോക്താക്കൾക്ക് കഴിയില്ല.
ചില ബീറ്റ ടെസ്റ്ററുകൾക്കായി പ്രസ്തുത ഫീച്ചർ നൽകിത്തുടങ്ങിയതായി WABetaInfo-യുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിലെ ആൻഡ്രോയിഡ് 2.22.25.20 അപ്‌ഡേറ്റിനായുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റയിലാണ് പുതിയ ഫീച്ചർ കണ്ടെത്തിയത്.
മുകളിലെ സ്‌ക്രീൻഷോട്ടിൽ ചാറ്റ് ബാറിന്റെ അങ്ങേയറ്റം വലതുവശത്ത് സ്ഥിതി ചെയ്യുന്ന പച്ച ബട്ടണും അതിനുള്ളിൽ ഒരു ലോക്ക് ചിഹ്നവും കാണാൻ കഴിയും. വ്യൂ വൺസ് തെരഞ്ഞെടുത്ത് ടെക്സ്റ്റ് മെസ്സേജുകൾ അയക്കുമ്പോൾ അങ്ങനെയാകും ദൃശ്യമാവുക. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള 'വ്യൂ വൺസ് ടെക്സ്റ്റ്' ഫീച്ചർ, യൂസർമാരിലേക്ക് എത്തുമ്പോൾ നിരവധി പരിഷ്കാരങ്ങൾ വരാൻ സാധ്യതയുണ്ട്.
ഉപയോക്താക്കൾക്ക് സ്വകാര്യവും രഹസ്യാത്മകവുമായ വിവരങ്ങൾ അയയ്‌ക്കാൻ കഴിയുമെന്നതാണ് ഈ ഫീച്ചറിന്റെ ഗുണം. അയച്ചുകഴിഞ്ഞാൽ, ഡിലീറ്റ് ചെയ്ത് കളയേണ്ട ആവശ്യവും വരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.