വിവോ ഫോണുകളെ അലങ്കരിക്കാൻ 'ഒറിജിൻ ഒഎസ്' എത്തി; ഇനി അടിമുടി മാറും
text_fieldsലോകത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ നിർമാതാക്കളിൽ ഒന്നാണ് വിവോ. വിപണിയുടെ കാര്യത്തിൽ സാംസങ്ങിനും ഹ്വാവേക്കും ആപ്പിളിനും പിറകിലുള്ള വിവോയെ കുറിച്ച് ആർക്കും മോശം അഭിപ്രായം ഉണ്ടാവാനിടയില്ല. ഒരേയൊരു കാര്യത്തിൽ ഒഴിച്ച്. അതെ, വിവോയുടെ ആൻഡ്രോയഡ് സ്കിൻ ആയ ഫൺടച്ച് ഒഎസിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ആപ്പിളിെൻറ ഐ.ഒ.എസും വൺപ്ലസിെൻറ ഒാക്സിജൻ ഒഎസും സാംസങിെൻറ വൺ യുഐയുമൊക്കെ ഇഷ്ടപ്പെടുന്നവർ ഏറെയുണ്ട്.
എന്നാൽ, പലർക്കും ഒത്തുപോവാൻ പറ്റാത്ത ആൻഡ്രോയ്ഡ് സ്കിൻ ആയി ചൂണ്ടിക്കാട്ടപ്പെടുന്നത് വിവോയുടെ ഫൺടച്ച് ഒഎസ്സിനെയാണ്. ആ ചീത്തപ്പേര് മാറ്റാനൊരുങ്ങുകയാണ് ചൈനീസ് കമ്പനിയായ വിവോ. പുതിയ യൂസർ ഇൻറർഫേസായ ഒറിജിൻ ഒഎസ് അവർ ചൈനയിൽ ലോഞ്ച് ചെയ്ത് കഴിഞ്ഞു. വിവോ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് മികച്ച അനുഭവം സമ്മാനിക്കുന്ന ഒന്നായിരിക്കും പുതിയ യുഐ എന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ഒരു വർഷത്തിലേറെയായി അതിന് വേണ്ടിയുള്ള കഠിന പരിശ്രമത്തിലായിരുന്നു കമ്പനി.
പുത്തൻ ഡിസൈനിലും ഉപയോഗിക്കാൻ രസമുള്ള തരത്തിലും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്നതുമായ രീതിയിലാണത്രേ ഒറിജിൻ ഒഎസ് ഒരുക്കിയിരിക്കുന്നത്. എന്തായാലും പുതിയ യുെഎയുടെ ചില വിശേഷങ്ങൾ അറിയാം.
ക്ലോട്സ്കി ഗ്രിഡ്
ഗ്രിഡ്ഡുകൾ അടിസ്ഥാനമാക്കിയുള്ള ഡിസൈനാണ് ഇത്തവണ വിവോ പരീക്ഷിച്ചിരിക്കുന്നത്. ജാപ്പനീസ് പസിൽ ഗെയിം ആയ ക്ലോട്സ്കി ഗ്രിഡ്ഡിനെ ഒാർമിപ്പിക്കുന്ന തരത്തിലാണ് ഹോം സ്ക്രീൻ. ഇത് യു.െഎ ഫ്ലെക്സിബിലിറ്റി വർധിപ്പിക്കുന്നുണ്ട്. വിൻഡോസ് 10ലെ സ്റ്റാർട്ട് മെനു പോലെയും തോന്നിക്കാം. ആപ്പ് െഎക്കണുകളും നാനോ കാർഡുകളും വിഡ്ജറ്റുകളും ഇഷ്ടമുള്ള രീതിയിൽ ക്രമീകരിക്കാം. ഐ.ഒ.എസ് 14ആം വേർഷനിൽ ഉള്ളതുപോലെ വ്യത്യസ്തങ്ങളായ പല വിഡ്ജെറ്റുകളും ഹോം സ്ക്രീനിൽ ചേർക്കാൻ സാധിക്കും.
നാനോ അലേർട്ട്സ്
ഉപയോക്താക്കൾ പ്രധാനപ്പെട്ട വിവരങ്ങൾ ശരിയായ സമയത്ത് നൽകാനുള്ള ശ്രമത്തിെൻറ ഭാഗമായി പുതിയ നാനോ അലേർട്ടും അവതരിപ്പിച്ചിരിക്കുകയാണ് വിവോ. യൂസർമാർ എല്ലാ ആപ്പുകളും വെറുതെ തുറന്നുനോക്കേണ്ട, അതിന് പകരം ആ ആപ്പുകൾ നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകൾ ഹോം സ്ക്രീനിൽ കാർഡുകളായി സജ്ജീകരിച്ചുവെക്കാം.
സ്ക്രീൻഷോട്ടുകളിൽ കാണുന്നത് പോലെ ഒറിജിൻ ഒഎസ് നിങ്ങൾക്ക് മണിക്കൂറുകളുടെ അടിസ്ഥാനത്തിൽ കാലാവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ തരും. ഹോം സ്ക്രീനിലുള്ള കാർഡിൽ തൊട്ട് അലാറാം സെറ്റ് ചെയ്യാനും നോട്ടുകൾ എഴുതിയെടുക്കാനും സാധിക്കും. നാനോ മ്യൂസിക് പ്ലെയർ, ഹോം സ്ക്രീനിൽ വെച്ചുതന്നെ പാട്ടുകൾ മാറ്റാനും നിർത്താനും സഹായിക്കും. ഇത്തരം കാർഡുകളിൽ ലോങ് പ്രെസ് ചെയ്താൽ കൂടുതൽ ഫീച്ചറുകൾ അവിടെയും കാണാം.
നാവിഗേഷൻ ഗെസ്ച്ചേർസ്
ഫോണുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നാവിഗേഷൻ ഗെസ്ച്ചറുകൾ. ആപ്പുകളിൽ നിന്ന് ആപ്പുകളിലേക്ക് മാറുന്നതും പിറകിലേക്ക് പോകുന്നതും ഫോണിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആപ്പുകളുടെ ലിസ്റ്റ് ഒരുമിച്ച് കാണാനുമൊക്കെയാണ് ഇവ സഹായിക്കുന്നത്. മൂന്ന് ബട്ടണുകൾ നൽകി ഇത്തരം കാര്യങ്ങൾ ചെയ്യുന്ന കാലം ഒക്കെ മാറി, ഇപ്പോൾ സ്ക്രീനിെൻറ വശങ്ങളിൽ നിന്ന് കൈ ഒന്ന് വലിച്ചാൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആപ്പ് ക്ലോസ് ചെയ്ത് ഹോമിലേക്ക് എത്താൻ സാധിക്കും.
ഇത്തരം നാവിഗേഷൻ ഗെസ്ച്ചറുകൾ യൂസർമാരുടെ ഇഷ്ടമനുസരിച്ച് ക്രമീകരിക്കാൻ വിവോ ഒറിജിൻ ഒഎസിലൂടെ അവസരം നൽകുന്നുണ്ട്. ഇത്തരം 26 നാവിഗേഷൻ കോമ്പിനേഷനുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
പാരലൽ വേൾഡ്
ഒറിജിൻ ഒഎസിലെ ഏറ്റവും നല്ല ഫീച്ചർ ഇതു തന്നെയാണ്. ആൻഡ്രോയ്ഡ് ഫോണുകൾ ഉപയോഗിക്കുന്നവരിൽ രണ്ട് വിഭാഗക്കാരാണ് ഉള്ളത്. ഒന്ന് - സ്റ്റോക് ആൻഡ്രോയ്ഡ് യൂസർ ഇൻറർഫേസ് ഇഷ്ടമുള്ളവർ, മറ്റൊന്ന് കസ്റ്റമൈസ്ഡ് സ്കിൻ (എം.െഎ.യു.െഎ, വൺ യു.െഎ, ഒാക്സിജൻ ഒഎസ്) ഇഷ്ടപ്പെടുന്നവർ.
വിവോ ഒറിജിൻ ഒഎസിലൂടെ ഇവ രണ്ടും ഉപയോഗിക്കാൻ അവസരം ഒരുക്കും. ഒറ്റ ക്ലിക്കിലൂടെ സ്റ്റോക് ആൻഡ്രോയ്ഡ് യു.െഎയിലേക്ക് മാറാൻ യൂസർമാർക്ക് കഴിയും. ഇത്തരത്തിൽ മാറുന്നതിലൂടെ ഒരു ഡാറ്റയും നഷ്ടപ്പെടുകയുമില്ല.
ഇനിയും അനേകം പുതിയ ഫീച്ചറുകളുമായി എത്തുന്ന ഒറിജിൻ ഒഎസിനായി കാത്തിരിക്കുകയാണ് വിവോ ആരാധകർ. ഏതൊക്കെ ഫോണുകളിൽ അത് ലഭ്യമാകുമെന്ന് ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.