'ഞങ്ങൾ ഇവിടെ തന്നെ കാണും, പ്രതിസന്ധികൾ അതിജീവിക്കും' - ആത്മവിശ്വാസം പ്രകടിപ്പിച്ച് 'വി' സി.ഇ.ഒ
text_fieldsരാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളാണ് 'വി' എന്നറിയപ്പെടുന്ന വോഡഫോണ്‍ ഐഡിയ. കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ കാരണമായിരുന്നു സമീപകാലത്തായി 'വി' വാർത്തകളിൽ നിറയാറുള്ളത്. ലക്ഷം കോടിയിലധികം കടബാധ്യതയുള്ള വി-ക്ക്, വരിക്കാരുടെ കൊഴിഞ്ഞുപോക്കും കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
2020 തുടക്കം മുതലുള്ള കണക്കുകൾ പ്രകാരം 5.1 കോടി വരിക്കാരെയാണ് വി-ക്ക് നഷ്ടപ്പെട്ടത്. ഈ കാലയളവില്‍ എയര്‍ടെലിന് 2.1 കോടിയും ജിയോയ്ക്ക് 6.2 കോടിയും പുതിയ വരിക്കാരെ ലഭിച്ചു. വോഡഫോണ്‍ ഐഡിയയിൽ നിന്നും പോകുന്നവരാണ് എയർടെലിനും ജിയോക്കും ഗുണകരമാവുന്നത്.
എന്നാൽ, ഇത്രയൊക്കെ തിരിച്ചടി നേരിട്ടിട്ടും വി തോറ്റുപിന്മാറാൻ തയ്യാറല്ല. എന്തൊക്കെ സംഭവിച്ചാലും അതെല്ലാം അതിജീവിച്ച് ഇന്ത്യയിൽ വി നിലനിൽക്കുമെന്ന് കമ്പനിയുടെ എംഡിയും സി.ഇ.ഒയുമായ രവീന്ദർ ടക്കാർ പറഞ്ഞു. "വോഡഫോൺ ഐഡിയ ഇവിടെ തന്നെ കാണും, ഞങ്ങളും മത്സര രംഗത്തുണ്ടാകും, ഇപ്പോൾ നിലനിൽക്കുന്ന പ്രതിസന്ധികൾ അതിജീവിക്കും, അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും എന്ന കാര്യത്തിൽ സംശയം വേണ്ട." -അദ്ദേഹം വ്യക്തമാക്കി.
കടക്കെണിയിലായതിനെ തുടർന്ന് സർക്കാർ സഹായമില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ആവർത്തിച്ച് ആശങ്ക പ്രകടിപ്പിച്ച കമ്പനിക്ക് ആശ്വാസമായി സർക്കാർ പുതിയ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അതോടെ, സാധ്യതയുള്ള നിക്ഷേപകരുമായി ധനസമാഹരണ കരാറിൽ എത്താൻ കഴിയുമെന്ന് ഇനി തങ്ങൾക്ക് ഉറപ്പുണ്ടെന്നും വീന്ദർ ടക്കാർ വ്യക്തമാക്കി.
അതേസമയം, രാജ്യത്തെ ടെലികോം മേഖലയിൽ കുറഞ്ഞത് മൂന്ന് കമ്പനികൾ മത്സരരംഗത്തുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തുന്നതും, സർക്കാരിന് നൽകാനുള്ള കുടിശ്ശിക അടയ്ക്കുന്നതിന് പകരമായി നിക്ഷേപം ബിസിനസിനായി ഉപയോഗിക്കുന്നതും നിക്ഷേപകർ മുന്നോട്ടുവെച്ച ആവശ്യമായി വോഡഫോൺ ഐഡിയ സിഇഒ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.