ഇസിം ഉപയോഗിക്കുന്നവരാണോ..? സിം സ്വാപ്പർമാർ പണി തുടങ്ങിയിട്ടുണ്ട്, ജാഗ്രതൈ..!
text_fieldsഫിസിക്കൽ സിം കാർഡുകളുടെ അതേ പ്രവർത്തനം വാഗ്ദാനം ചെയ്യുന്ന മൊബൈൽ ഡിവൈസ് ചിപ്പുകളിൽ സംഭരിച്ചിരിക്കുന്ന ഡിജിറ്റൽ സിം കാർഡുകളാണ് ഇസിം (eSIM). ഉപയോക്താക്കൾക്ക് അവരുടെ സേവന ദാതാവ് നൽകുന്ന ഒരു QR കോഡ് സ്കാൻ ചെയ്തുകൊണ്ട് അവരുടെ ഫോണിലേക്ക് eSIM ചേർക്കാൻ കഴിയും. ഫിസിക്കൽ സിം കാർഡ് സ്ലോട്ടിൻ്റെ ആവശ്യകത ഇല്ലാതാക്കുകയും സ്മാർട്ട് വാച്ച് അടക്കമുള്ള ചെറിയ വെയറബിളുകളിൽ സെല്ലുലാർ കണക്റ്റിവിറ്റി പ്രാപ്തമാക്കുകയും ചെയ്യുന്നതിനാൽ ഈ സാങ്കേതികവിദ്യ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾക്കിടയിൽ ജനപ്രിയമാവുകയായിരുന്നു.
ഐഫോണുകളിലും ചില ആൻഡ്രോയ്ഡ് പ്രീമിയം സ്മാർട്ട്ഫോണുകളിലും മാത്രമാണ് ഇസിം പിന്തുണ നിലവിലുള്ളത്. എന്നാൽ, ഇസിം ഉപയോഗിക്കുന്നവർക്ക് ഗുരുതര മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് റഷ്യൻ സൈബർ സുരക്ഷാ കമ്പനിയായ F.A.C.C.T.
ഫോൺ നമ്പറുകൾ തട്ടിയെടുക്കാനും സുരക്ഷാ പ്രോട്ടോക്കോളുകൾ മറികടക്കാനും സിം സ്വാപ്പർമാർ eSIM സാങ്കേതികവിദ്യ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചാണ് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഉപയോക്താക്കളുടെ ഡാറ്റയും പണവും മോഷ്ടിക്കാനായി സൈബർ കുറ്റവാളികൾ ഇസിം പ്രൊഫൈലുകൾ ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്.
F.A.C.C.T-ന്റെ കീഴിലുള്ള ഫ്രോഡ് പ്രൊട്ടക്ഷൻ അനലിസ്റ്റുകൾ ഒരു സാമ്പത്തിക സ്ഥാപനത്തിലെ ഓൺലൈൻ സേവനങ്ങളിലെ ക്ലയൻ്റുകളുടെ സ്വകാര്യ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാനുള്ള നൂറിലധികം ശ്രമങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇസിം എളുപ്പത്തിൽ മറ്റൊരു ഫോണിലേക്ക് മാറ്റാനും പോർട്ട് ചെയ്യാനുമൊക്കെ കഴിയുമെന്നതിനാൽ ആ സൗകര്യമാണ് ഹാക്കർമാർ ഉപയോഗപ്പെടുത്തുന്നത്.
സൈബർ കുറ്റവാളികൾ മോഷ്ടിച്ചതോ ചോർന്നതോ ആയ ഡാറ്റകൾ ഉപയോഗിച്ച് ഉപയോക്താക്കളുടെ മൊബൈൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയും ശേഷം ഹൈജാക്ക് ചെയ്‌ത അക്കൗണ്ടുകളിലൂടെ ക്യുആർ കോഡുകൾ സൃഷ്‌ടിച്ച് ഇരകളുടെ നമ്പറുകൾ അവരുടെ സ്വന്തം ഫോണുകളിലേക്ക് മാറ്റുകയും ചെയ്യുന്നതായാണ് റിപ്പോർട്ട്. അതിലൂടെ ബാങ്ക് അക്കൗണ്ടുകളിൽ പ്രവേശനം നേടുകയും പണം കവരുകയും ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇസിം കണക്ഷനുകളിൽ ഉപയോഗിക്കുന്ന നമ്പർ ഏതെങ്കിലും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ഇത്തരം ഹാക്കിങ്ങുകളിൽ നിന്ന് രക്ഷനേടാനായി സെല്ലുലാർ സേവന ദാതാവിൻ്റെ അക്കൗണ്ടുകൾക്കായി സങ്കീർണ്ണമായ പാസ്വേഡുകൾ ഉപയോഗിക്കുക. കൂടാതെ ടു-ഫാക്ടർ ഒതന്റിക്കേഷന്‍ പ്രവർത്തനക്ഷമമാക്കാനും സൈബർ വിദഗ്ധർ ശുപാർശ ചെയ്യുന്നു.
ബാങ്കിംഗ്, ക്രിപ്‌റ്റോകറൻസി വാലറ്റുകൾ എന്നിവ പോലുള്ള ഉയർന്ന മൂല്യമുള്ള അക്കൗണ്ടുകൾക്ക്, ഉപയോക്താക്കൾ ഫിസിക്കൽ കീകൾ അല്ലെങ്കിൽ ഓതൻ്റിക്കേറ്റർ ആപ്പുകൾ പോലുള്ള അധിക സുരക്ഷാ നടപടികൾ പരിഗണിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.