ഏഷ്യയിലെ ആദ്യത്തെ 'മെറ്റാവേഴ്സ് വിവാഹ സൽക്കാരം' കഴിഞ്ഞു; ചിത്രങ്ങളും വിഡിയോയും കാണാം...
text_fieldsകോവിഡ് കേസുകൾ ദിനംപ്രതി വർദ്ധിച്ച് കൊണ്ടിരിക്കുമ്പോൾ ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം ഉൾപ്പെടുത്തി വിവാഹ സൽക്കാരമുൾപ്പടെയുള്ള ചടങ്ങുകൾ നടത്താൻ പലരും പാടുപെടുകയാണ്. ഈ സാഹചര്യത്തിൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മെറ്റാവേഴ്സിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം സാന്നിധ്യത്തിൽ വിവാഹ സൽക്കാരം ആഘോഷമാക്കിയിരിക്കുകയാണ് തമിഴ്നാട്ടിൽ നിന്നുള്ള ദിനേശ് - ജനഗനന്ദിനി ദമ്പതികൾ.
ഫെബ്രുവരി ആറിന് തമിഴ്‌നാട്ടിലെ ആദിവാസി ഗ്രാമമായ ശിവലിംഗപുരത്ത് വച്ചാണ് ഇരുവരും വിവാഹിതരായത്. മെറ്റാവേഴ്സിലെ വിവാഹ സൽക്കാരത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
പാരമ്പര്യത്തെയും സാങ്കേതികവിദ്യയെയും ഒരേ വേദിയിൽ ഒരുമിച്ച് കൊണ്ടുവന്ന വെർച്വൽ വിവാഹ സൽക്കാരത്തിൽ ഇരുവരുടെയും ലോകമെമ്പാടുമുള്ള സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പങ്കെടുക്കാൻ കഴിഞ്ഞു.
3ഡി വെർച്വൽ റിയാലിറ്റി, ഓഗ്മെന്‍റഡ് റിയാലിറ്റി എന്നീ സാങ്കേതികവിദ്യകൾ സംയോജിപ്പികൊണ്ടുള്ള ഒരു വെർച്വൽ ലോകമാണ് മെറ്റാവേഴ്സ്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകൾക്ക് ഈ വെർച്വൽ ലോകത്ത് പ്രവേശിക്കാനും, ഓരോരുത്തർക്കും ഡിജിറ്റൽ അവതാറുകളായി പരസ്പരം ഇടപഴകാനും സാധിക്കും.
കോവിഡ് നിയന്ത്രണങ്ങൾ കാരണം വിവാഹ ചടങ്ങുകൾ 100 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളു എന്നതിനാൽ ശിവലിംഗപുരത്ത് വച്ച് തന്‍റെ വിവാഹ സൽക്കാരം വെർച്വലായി മെറ്റാവേഴ്സിൽ നടത്താൻ തീരുമാനിച്ചെന്നും, ഒരു വർഷത്തോളമായി താൻ ഈ സാങ്കേതികവിദ്യയെ ഉപയോഗിച്ച് വരികയാണെന്നും ഐ.ഐ.ടി മദ്രാസിൽ പ്രോജക്ട് അസോസിയേറ്റായ ദിനേശ് പറഞ്ഞു.
ഇരുവരും ഹാരിപ്പോട്ടർ ആരാധകരായതിനാൽ വിവാഹ സൽക്കാരത്തിന് ഹോഗ്വാർട്സ് പ്രമേയമാണ് തിരഞ്ഞെടുത്തത്. ട്രെഡിവേഴ്സ് എന്ന സ്റ്റാർട്ടപ്പ് ഉപയോഗിച്ച് ഒരു മാസത്തോളം നീണ്ട പ്രയത്നങ്ങൾക്കൊടുവിലാണ് മെറ്റാവേഴ്സിലെ വിവാഹം സാധ്യമാക്കിയത്. അതിഥികളുടെയും വധൂവരന്മാരുടെയും അവതാറുകൾക്ക് പുറമേ വധുവിന്‍റെ പരേതനായ പിതാവിന്‍റെ രൂപവും സൃഷ്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.