ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും യൂറോപ്പിൽ പ്രവർത്തനം നിർത്തുമോ..? വിശദീകരണവുമായി മെറ്റ
text_fieldsഉപയോക്താക്കളുടെ വിവരങ്ങള്‍ യു.എസിലേക്ക് മാറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍ തങ്ങളുടെ കീഴിലുള്ള ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തിയുള്ള റിപ്പോർട്ടുകൾ തെറ്റാണെന്ന് വെളിപ്പെടുത്തി മാതൃകമ്പനി മെറ്റ. യൂറോപ്പില്‍ നിന്ന് പിന്‍വാങ്ങാന്‍ യാതൊരു ഉദ്ദേശവുമില്ലെന്ന് മെറ്റ അറിയിച്ചു. അന്താരാഷ്ട്ര ഡാറ്റാ ട്രാൻസ്ഫർ നിയമങ്ങളുടെ പേരിൽ രണ്ട് ആപ്പുകളും അടച്ചുപൂട്ടുമെന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്.
എന്നാൽ, തങ്ങൾ യൂറോപ്പ് വിടുമെന്ന് ഭീഷണി മുഴക്കുന്നില്ലെന്നും മറ്റ് എഴുപതോളം കമ്പനികളെ പോലെ മെറ്റയും യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്ക് ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്താണ് നിലനില്‍ക്കുന്നതെന്നും കമ്പനിയുടെ യൂറോപ്പ് പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് മാർകസ് റെയ്ൻഷ് വ്യക്തമാക്കി.
അതേസമയം, നിലവിലുള്ള ഉടമ്പടിയോ പുതിയ ഉടമ്പടിയോ ഉപയോഗിച്ച് ഡാറ്റ മാറ്റാന്‍ അനുമതിയില്ലെങ്കില്‍ യൂറോപ്പില്‍ തങ്ങളുടെ സേവനങ്ങൾ നല്‍കുന്നത് വിഷമകരമാകുമെന്നാണ് കമ്പനി മുന്നറിയിപ്പ് നൽകുന്നത്. ഉപയോക്തൃ വിവരങ്ങൾ യൂറോപ്യൻ യൂണിയനിലെ സർവറുകളിൽ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും വേണമെന്ന യൂറോപ്യന്‍ യൂണിയന്‍റെ പുതിയ അറ്റ്‌ലാന്റിക് ഡേറ്റാ ട്രാൻസ്ഫർ ഫ്രെയിംവർക്കാണ് മെറ്റക്ക് തലവേദനയായത്.
മെറ്റ അമേരിക്കയിലും യൂറോപ്പിലുമാണ് ഉപയോക്തൃ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ബിസിനസിനും പരസ്യ ടാർഗെറ്റിങ്ങിനും അത് അത്യാവശ്യമാണെന്നാണ് കമ്പനിയുടെ വാദം.
അതേസമയം, ഫേസ്ബുക്കിന്റെ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ, ഓഹരിവിപണിയിൽ മാതൃകമ്പനിയായ മെറ്റ കൂപ്പുകുത്തിയിരുന്നു. കമ്പനിയുടെ നാലാം പാദ റിപ്പോർട്ടിൽ ഫേസ്ബുക്കിലെ പ്രതിസന്ധി വെളിച്ചത്തായതോടെ മെറ്റയുടെ ഓഹരി 26 ശതമാനത്തോളമായിരുന്നു ഇടിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.