കുറച്ച് കാലത്തേക്ക് വർഷം തോറും കോവിഡ് വാക്സിനെടുക്കേണ്ടി വരും -ബിൽ ഗേറ്റ്സ്
text_fieldsകോവിഡ് 19 പ്രതിരോധ വാക്സിനുകൾ കൊറോണ വൈറസിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെയും മരണത്തെയും പോലും തടയുന്നുണ്ടെങ്കിലും അവ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നില്ലെന്ന് മൈക്രോസോഫ്റ്റ് സഹ സ്ഥാപകനും ലോക കോടീശ്വരനുമായ ബിൽ ഗേറ്റ്സ്. 'പൂർണ്ണമായി വാക്സിനേഷൻ എടുത്ത ആളുകൾ പോലും വൈറസിന്റെ പുതിയതും ശക്തവുമായ വകഭേദങ്ങൾ കാരണം വീണ്ടും രോഗബാധിതരാകുന്നു, കൂടാതെ വാക്സിെൻറ ഫലപ്രാപ്തിയുടെ ദൈർഘ്യം ഇപ്പോഴും വളരെ കുറവാണെന്നും ' ബിൽ ഗേറ്റ്സ് ട്വിറ്ററിൽ കുറിച്ചു.
വീണ്ടും അണുബാധയുണ്ടാക്കാത്തതും വർഷങ്ങളോളം ഫലപ്രാപ്തി നൽകുന്നതുമായ വാക്സിനുകൾ നമുക്ക് ആവശ്യമാണെന്നും ഗേറ്റ്സ് അഭിപ്രായപ്പെട്ടു. എഡിൻബ്ര യുനി മെഡ് സ്കൂൾ സ്കോട്ട്ലൻഡ്, ഗ്ലോബൽ പബ്ലിക് ഹെൽത്ത് പ്രൊഫസറും ചെയറുമായ ദേവി ശ്രീധറിെൻറ ചോദ്യങ്ങൾക്ക് ട്വിറ്ററിലൂടെ മറുപടി പറയുകയായിരുന്നു അദ്ദേഹം.
വർഷാവർഷം കോവിഡ് വാക്സിൻ
കുറച്ച് കാലത്തേക്കെങ്കിലും നാം വർഷാവർഷം കോവിഡ് പ്രതിരോധ വാക്സിനെടുക്കേണ്ടി വന്നേക്കാമെന്നും ഗേറ്റ്സ് പറഞ്ഞു. കോവിഡിെൻറ ഉത്ഭവം മറ്റൊരു ജീവിയിൽ നിന്നാണെന്ന് തെളിയിക്കുന്ന ഡാറ്റകളുണ്ടെന്ന് പറഞ്ഞ അദ്ദേഹം ലാബുകളെല്ലാം അതീവ ശ്രദ്ധയോടെ പ്രവർത്തിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ഭാവിയിൽ മറ്റ് ജീവജാലങ്ങളിൽ നിന്ന് മഹാമാരികൾ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ട്, അതിനാൽ തയ്യാറായി നിൽക്കാനായി ധാരാളം നിക്ഷേപം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒമിക്രോൺ എന്ന വെല്ലുവിളി
ഗേറ്റ്‌സ് പറയുന്നതനുസരിച്ച്, കോവിഡിെൻറ ഒമിക്രോൺ വകഭേദം ലോകമെമ്പാടുമുള്ള ആരോഗ്യസംരക്ഷണ സംവിധാനങ്ങളെ വെല്ലുവിളിക്കും. ഏറ്റവും ഗുരുതരമായി അത് ബാധിക്കുക വാക്സിനേഷൻ എടുക്കാത്ത ആളുകളെ ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്നാൽ, ഒമിക്രോൺ ഒരു രാജ്യത്ത് പടർന്നുപിടിച്ചു കഴിഞ്ഞാൽ, അവിടുത്തെ കേസുകൾ ഇല്ലാതാവുകയും പിന്നാലെ കോവിഡിനെ ഒരു സീസണൽ ഫ്ലൂ പോലെ പരിഗണിക്കാനും തുടങ്ങിയേക്കുമെന്നും ബിൽ ഗേറ്റ്സ് അഭിപ്രായപ്പെട്ടു. അടുത്ത വർഷത്തേക്കെങ്കിലും ഒമിക്കോൺ ധാരാളം പ്രതിരോധശേഷി സൃഷ്ടിക്കുമെന്നും കോവിഡിന്റെ കൂടുതൽ സംക്രമണ വകഭേദത്തിന് ഇനി സാധ്യതയില്ലെന്നും എന്നാൽ അക്കാര്യത്തിൽ ഇപ്പോൾ ഉറപ്പുനൽകാൻ കഴിയില്ലെന്നും ഗേറ്റ്സ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.