പിരിച്ചുവിട്ട ഗൂഗിൾ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇവയാണ്...
text_fieldsമൈക്രോസോഫ്റ്റ്, മെറ്റ, ആമസോൺ എന്നീ ടെക് ഭീമൻമാർക്ക് പിന്നാലെ ഗൂഗിളും കൂട്ടപ്പിരിച്ചുവിടലുമായി രംഗത്തെത്തിയത് ആഗോളതലത്തിൽ വലിയ വാർത്തയായി മാറിയിരുന്നു. തങ്ങളുടെ 12000 ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നായിരുന്നു ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് അറിയിച്ചത്. അവരുടെ ആകെ ജീവനക്കാരുടെ ആറ് ശതമാനത്തെയാണ് തീരുമാനം ബാധിക്കുക.
പുതിയ സാമ്പത്തിക സാഹചര്യത്തിൽ നീക്കം അനിവാര്യമാണെന്നും ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായും ഗൂഗ്ൾ സി.ഇ.ഒ സുന്ദർപിച്ചെ തൊഴിലാളികൾക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ പറഞ്ഞിരുന്നു.
ആഗോളതലത്തിലുള്ള പിരിച്ചുവിടൽ ആദ്യം ബാധിക്കുക, യു.എസിലെ ജീവനക്കാരെയാണ്. മറ്റ് രാജ്യങ്ങളിൽ അവിടുത്തെ നിയമങ്ങൾക്കനുസൃതമായാകും നടപടിയെടുക്കുക. അതേസമയം, പിരിച്ചുവിട്ടവർക്ക് ഗൂഗിൾ പലതരത്തിലുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അവയെന്തൊക്കെയാണെന്ന് നോക്കാം.
- പിരിച്ചുവിടൽ പ്രഖ്യാപനത്തിന് ശേഷമുള്ള നോട്ടിഫിക്കേഷൻ കാലയളവിൽ (കുറഞ്ഞത് 60 ദിവസം) ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.
- ജീവനക്കാർക്ക് നാല് മാസത്തെ ശമ്പളവും പിരിച്ചുവിടൽ പാക്കേജായി നൽകിയേക്കും. കൂടാതെ, സേവനമനുഷ്ഠിച്ച വർഷം കണക്കാക്കി ഓരോ വർഷത്തിനും രണ്ടാഴ്ചത്തെ ശമ്പളമെന്ന നിരക്കിൽ അധിക തുകയും നൽകും.
- 2022ലെ ബോണസും, ബാക്കിയുള്ള അവധിയും അനുവദിക്കും.
- വരുന്ന ആറ് മാസത്തേക്ക് ആരോഗ്യ പരിരക്ഷ സ്കീമും പുതിയ ജോലി കണ്ടെത്തുന്നതിനുള്ള സഹായങ്ങളും യാത്രാ സൗകര്യവും നൽകും.
- പിരിച്ചുവിടൽ ബാധിക്കപ്പെട്ട അമേരിക്കക്ക് പുറത്തുള്ള ജീവനക്കാർക്ക് അതാത് രാജ്യങ്ങളിലെ നിയമങ്ങൾക്ക് അനുസരിച്ചുള്ള ആനുകൂല്യങ്ങൾ നൽകുമെന്നും ഗൂഗിൾ അറിയിച്ചു.
- യോഗ്യരായ ജീവനക്കാർക്ക് കമ്പനി 80 ശതമാനം അഡ്വാൻസ് ബോണസ് നൽകും, ബാക്കി പിന്നീടുള്ള മാസങ്ങളിലുമായി നൽകുമെന്ന് ഒരു വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. തങ്ങളുടെ നീക്കം ഗൂഗിൾ കഴിഞ്ഞ വർഷം ജീവനക്കാരെ അറിയിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്
പിരിച്ചുവിടൽ പ്രഖ്യാപിച്ച ഇ-മെയിലിൽ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നും സി.ഇ.ഒ സുന്ദർ പിച്ചൈ അറിയിച്ചിച്ചിരുന്നു. “നിങ്ങൾ നിങ്ങളുടെ പ്രവൃത്തി ദിവസം ആരംഭിക്കുകയാണെങ്കിൽ, ദയവായി ഇന്ന് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ മടിക്കേണ്ടതില്ല,” -അദ്ദേഹം ഇമെയിലിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.