‘ത്രെഡ്സ്’ ആപ്പിന് എന്ത് സംഭവിച്ചു..?പുതിയ വെളിപ്പെടുത്തലുമായി മാർക്ക് സക്കർബർഗ്
text_fieldsഇലോൺ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ വൻ പ്രതിസന്ധിയിലായ ട്വിറ്ററിന് (ഇപ്പോൾ ‘എക്സ്’) ബദലായി മാർക്ക് സക്കർബർഗ് ഇൻസ്റ്റഗ്രാമിന് കീഴിൽ അവതരിപ്പിച്ച മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായിരുന്നു ത്രെഡ്സ് (Threads). ഏറെ കൊട്ടിഘോഷിച്ചെത്തിയ ത്രെഡ്സ് എന്ന ടെക്സ്റ്റ് ബേസ്ഡ് ആപ്പ്, വെറും അഞ്ച് ദിവസങ്ങൾ കൊണ്ട് 100 ദശലക്ഷം യൂസർമാരെ സ്വന്തമാക്കി റെക്കോർഡ് സൃഷ്ടിച്ചിരുന്നു.
ഇൻസ്റ്റഗ്രാം യൂസർമാർ കൂട്ടമായെത്തിയതായിരുന്നു ത്രെഡ്സിന് ഗുണമായത്. എന്നാൽ, ആപ്പിനോടുള്ള ആവേശം കെട്ടടങ്ങിയതോടെ എല്ലാവരും ഇറങ്ങിപ്പോവുകയും ചെയ്തു. അതോടെ, 80 ശതമാനം യൂസർ ബേസിനെയും ത്രെഡ്സിന് നഷ്മായി. പ്രതിദിനം 10 ദശലക്ഷം സജീവ ഉപയോക്താക്കൾ മാത്രമുള്ള ആപ്പായി ത്രെഡ്സ് മാറുകയും ചെയ്തു. ‘എക്സി’നുള്ള യൂസർ ബേസിന്റെ പത്തിലൊന്ന് പോലും ഇല്ലാത്ത അവസ്ഥയിലേക്ക് സക്കർബർഗിന്റെ പുതിയ ആപ്പ് തകരുകയായിരുന്നു.
എന്നാലിപ്പോൾ, പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മെറ്റ സി.ഇ.ഒ. ത്രഡ്‌സ് പ്ലാറ്റ്‌ഫോമിന്റെ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം നുറു മില്ല്യണിലെത്തിയെന്നാണ് അദ്ദേഹം പറയുന്നത്. മണികൺട്രോൾ റിപ്പോർട്ട് അനുസരിച്ച് കമ്പനിയുടെ വരുമാനവുമായി ബന്ധപ്പെട്ട കോൺഫറൻസ് കോളിനിടെയാണ് സക്കർബർഗ് ഇക്കാര്യം അറിയിച്ചത്.
ആപ്പ് റിലീസ് ചെയ്ത് മൂന്ന് മാസങ്ങൾ പിന്നിട്ടപ്പോൾ, കമ്പനിയുടെ പോക്കിൽ താൻ സംതൃപ്തനാണെന്നും കമ്യൂണിറ്റിയെ കൂടുതൽ വ്യാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുകയാണെന്നും അദ്ദേഹം അറിയിച്ചു. പ്ലാറ്റ്‌ഫോമിന്റെ ഭാവിയെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും ഫേസ്ബുക്ക് തലവൻ പങ്കുവെച്ചു. ‘‘ഒരു ബില്യൺ ആളുകളുടെ പൊതു സംഭാഷണ ആപ്പിനെക്കുറിച്ച് കുറച്ചുകൂടി പോസിറ്റീവായി ചിന്തിക്കുകയാണെന്നും കുറച്ച് വർഷങ്ങൾ കൂടി ഇതുപോലെ നമ്മൾ തുടരുകയാണെങ്കിൽ, ആ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള നല്ല അവസരമുണ്ടെന്ന് കരുതുന്നതായും” അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.