ക്യു.ആർ കോഡ് സ്കാൻ ചെയ്യാറുണ്ടോ? ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം...
text_fieldsകെ.എസ്.ഇബി ബില്ലടക്കുന്നത് മുതൽ ബാങ്ക് പാസ് വേഡ് വരെ, എ.ടി.എം ഇടപാട് മുതൽ ഒ.ടി.പി വരെ, പലപേരിലും പല രൂപത്തിലും ഓൺലൈൻ തട്ടിപ്പുകാർ വിലസുകയാണ്. കാര്യമായ ഒരു തട്ടിപ്പെങ്കിലും നടക്കാത്ത ദിവസം ഇല്ല എന്നു തന്നെ പറയാം. പൊലീസും സൈബർ സെല്ലും മാധ്യമങ്ങളും നാഴികക്ക് നാൽപത് വട്ടം ഉപദേശവും നിർദേശങ്ങളും നൽകിയിട്ടും ഇവരുടെ കെണിയിൽപെടുന്നവരുടെ എണ്ണം അടിക്കടി കൂടിക്കൊണ്ടിരിക്കുകയാണ്.
ഒ.ടി.പി ചോദിച്ചുവാങ്ങിയാണ് ആളുകളെ സാധാരണ പറ്റിച്ചിരുന്നതെങ്കിൽ ഇപ്പോൾ കുറച്ചുകൂടി 'പ്രഫഷനലാ'യാണ് തട്ടിപ്പ് നടത്തുന്നത്. ക്യു.ആർ കോഡ് നൽകി സ്കാൻ ചെയ്യിപ്പിക്കൽ, സ്ക്രീൻ ഷെയറിങ് ആപ്പുകളായ എനി ഡെസ്ക്, ടീം വ്യൂവർ തുടങ്ങിയവ ഡൗൺലോഡ് ചെയ്യിപ്പിച്ച് പേയ്മെന്റ് ആപ്പുകളിലൂടെ പണം തട്ടൽ തുടങ്ങിയവയാണ് അതിൽ ചിലത്.
ക്യു.ആർ കോഡ് തട്ടിപ്പ്
ഒ.എൽ.എക്സ് പോലുള്ള വിൽക്കൽ-വാങ്ങൽ ആപ്പുകളിലെ ഉപഭോക്താക്കളെയാണ് പ്രധാനമായും ക്യു.ആർ കോഡ് തട്ടിപ്പിനിരയാക്കുന്നത്. ഇത്തരം തട്ടിപ്പിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ഇന്ത്യ ടുഡേ റിപ്പോർട്ടർ സ്നേഹ സഹ തന്റെ അനുഭവം പങ്കുവെച്ച്, ഇടപാടുകൾ നടത്തുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ വിശദീകരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഒ.എൽ.എക്സിൽ ഫർണിച്ചർ വിൽക്കാനുണ്ടെന്ന പരസ്യം നൽകിയപ്പോഴാണ് ഓൺലൈൻ തട്ടിപ്പുകാർ ഇവരെ വട്ടമിട്ടത്. പരസ്യം ചെയ്തയുടനെ വിലപേശുക പോലും ചെയ്യാതെ പറഞ്ഞ വിലയ്ക്ക് സാധനം വാങ്ങാൻ തയാറാണെന്നറിയിച്ച് മൂന്ന് പേർ ബന്ധപ്പെട്ടു. വിലപേശാത്തത് തന്നിൽ സംശയം ജനിപ്പിച്ചതായി സ്നേഹ പറയുന്നു. വാങ്ങുന്നയാൾ ഉടൻ തന്നെ മൊബൈൽ നമ്പർ ചോദിച്ചു വാങ്ങി ഇവരെ വിളിച്ചു. സാധനം ലഭിക്കുന്നതിന് മുമ്പ് തന്നെ പണം നൽകാമെന്ന് കൂടി കക്ഷി പറഞ്ഞതോടെ ഇത് തട്ടിപ്പാണെന്ന് സ്നേഹ ഉറപ്പിച്ചു.
പണം തരുംമുമ്പ് ആദ്യം ഫർണിച്ചർ പരിശോധിക്കാൻ അയാളോട് ആവശ്യപ്പെട്ടപ്പോൾ അത് വേണ്ടെന്ന് ആവർത്തിച്ചു. തന്റെ സെക്കൻഡ് ഹാൻഡ് ഫർണിച്ചർ കടയിലേക്ക് സാധനം എടുക്കുമ്പോൾ പിന്തുടരുന്ന നയമാണ് ഇതെന്നായിരുന്നു അയാൾ പറഞ്ഞത്. പിന്നീട്, ലൊക്കേഷനും യുപിഐ ഐഡിയും പേയ്‌മെന്റ് ഐഡിയും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും തട്ടിപ്പുകാരൻ ആവശ്യപ്പെട്ടു. സംശയം തോന്നിയതിനാൽ പ്രതികരിക്കാൻ കുറച്ച് സമയമെടുത്തു. എന്നാൽ, അവർ വിടാൻ ഒരുക്കമായിരുന്നില്ല. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ട് തുടരെ തുടരെ വിളിച്ചുകൊണ്ടിരുന്നു. ഇതോടെ തട്ടിപ്പാണെന്ന കാര്യം സ്നേഹ സംശയലേശമന്യേ ഉറപ്പിച്ചു.
അവർ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറിയതോടെ, തുക രേഖപ്പെടുത്തിയ ഒരു ക്യുആർ കോഡ് തട്ടിപ്പുസംഘം സ്നേഹയുടെ വാട്സാപ്പിൽ അയച്ചു കൊടുത്തു. ഇത് എന്തിനാണെന്ന് തിരക്കിയപ്പോൾ 'ഗൂഗ്ൾ പേ അല്ലെങ്കിൽ ഫോൺ പേ വഴി ഈ ക്യ.ആർ കോഡ് സ്കാൻ ചെയ്താൽ പണം അക്കൗണ്ടിൽ കയറും' എന്നായിരുന്നു മറുപടി. ഇങ്ങനെ ഒരു രീതി ഇതുവരെ കേട്ടുകേൾവി ഇല്ലാത്തതിനാൽ, ഇത് പണംപിടുങ്ങാനുള്ള തന്ത്രമാണെന്ന് മനസ്സിലായതോടെ ക്യു.ആർ സ്കാൻ ചെയ്യാൻ വിസമ്മതിച്ചു. ഉടനെ തട്ടിപ്പുസംഘം കോൾ കട്ട് ചെയ്തു പിൻമാറി. അങ്ങനെ വൻതട്ടിപ്പിൽ നിന്ന് സ്നേഹ രക്ഷപ്പെട്ടു.
ക്യൂ.ആർ സ്കാൻ ചെയ്താൽ പണം കിട്ടുമോ?
ക്യൂ.ആർ സ്കാൻ ചെയ്താൽ പണം കിട്ടുമെന്ന് പറഞ്ഞ് ആരെങ്കിലും നിങ്ങളെ വാട്ട്‌സ്ആപ്പിലോ മറ്റേതെങ്കിലും പ്ലാറ്റ്‌ഫോമിലോ സമീപിച്ചാൽ ഒരിക്കലും അങ്ങനെ ചെയ്യരുത്. അത്തരക്കാർ തട്ടിപ്പുകാരനാണെന്നും നിങ്ങളെ വഞ്ചിക്കുകയാണെന്നും ഉറപ്പിക്കാം. സാധാരണക്കാരെ കബളിപ്പിക്കാൻ ഉപയോഗിക്കുന്ന രീതികളിലൊന്നാണിത്.
ക്യു.ആർ സ്കാൻ ചെയ്താൽ എന്ത് സംഭവിക്കും?
ക്യുആർ കോഡ് സ്കാൻ ചെയ്താൽ പണം അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നതിന് പകരം നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫറാവുകയാണ് ചെയ്യുക. ഒന്നിലധികം ഇടപാട് നടത്തി അക്കൗണ്ടിലെ മുഴുവൻ പണവും ചോർത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം:
- സ്ക്രീൻ ഷെയറിങ് ആപ്പുകളായ എനി ഡെസ്ക്, ടീം വ്യൂവർ തുടങ്ങിയവ അപരിചതർ ആവശ്യപ്പെട്ടാൽ ഒരുകാരണവശാലും ഡൗൺലോഡ് ചെയ്യരുത്. അങ്ങനെ ചെയ്താൽ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം അത്തരക്കാർ കൈക്കലാക്കും.
- നിങ്ങളുടെ യു.പി.ഐ ഐ.ഡിയോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ അപരിചിതരുമായി ഒരിക്കലും പങ്കുവെക്കരുത്.
- സാധ്യമെങ്കിൽ പണമായി തുക കൈമാറുക.
- അപരിചിതർ പണം ഇങ്ങോട്ട് തരാൻ ക്യു.ആർ കോഡ് അയച്ചാൽ അത് ഒരിക്കലും സ്കാൻ ചെയ്യരുത്.
- ഒ.ടി.പി എന്നത് നിങ്ങൾ മാത്രം കൈകാര്യം ചെയ്യേണ്ട രഹസ്യ നമ്പറാണ്. ഒ.ടി.പി ആർക്കും കൈമാറരുത്.
- ഒ.എൽ.എക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താവിന്റെ സത്യസന്ധത നിങ്ങൾ തന്നെ പരിശോധിക്കണം.
- ഒ.എൽ.എക്സ് ഇടപാടുകാരുടെ പ്രൊഫൈൽ ഫോട്ടോ, പേര്, ഫോൺ നമ്പർ, ചേർന്ന തീയതി എന്നിവ പരിശോധിക്കണം. തട്ടിപ്പിനെ തുടർന്ന് പ്രസ്തുത അക്കൗണ്ട് ആരെങ്കിലും മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ അത് ഒ.എൽ.എക്സിൽ കാണാം. ഇത്തരക്കാരോട് ഇടപാട് നടത്തുമ്പോൾ ജാഗ്രത പാലിക്കണം. അക്കൗണ്ട് പുതിയതാണെങ്കിലും മുൻകരുതൽ സ്വീകരിക്കണം.
- പേയ്മെന്റ് ആപ്പുകൾക്ക് സുരക്ഷിതമായ പാസ്വേഡ് ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.