ട്വിറ്റർ എങ്ങോട്ട്, തലപുകച്ച് ടെക് ലോകം
text_fieldsസാൻ ഫ്രാൻസിസ്കോ: സ്‍പേസ് എക്സ്, ടെസ്‍ല സ്ഥാപകനും ലോകസമ്പന്നനുമായ ഇലോൺ മസ്‌ക് ഏറ്റെടുത്തതോടെ ട്വിറ്ററിന്റെ ഭാവി എന്താകുമെന്ന് തലപുകക്കുകയാണ് സമൂഹമാധ്യമ ലോകം. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള സങ്കേതമാക്കി മാറ്റുക എന്ന ലക്ഷ്യവുമായാണ് മസ്ക് ട്വിറ്ററിനെ 4400 കോടി യു.എസ് നൽകി ഏറ്റെടുക്കുന്നതെന്നാണ് വിലയിരുത്തലുകൾ.
4400 കോടി യു.എസ് ഡോളറിന്റെ കരാർ പുതിയ ഉടമയുമായി അവസാനിച്ചുകഴിഞ്ഞാൽ ഈ കമ്പനി ഏത് ദിശയിലേക്കാണ് പോകുകയെന്ന് തനിക്ക് അറിയില്ലെന്ന് ആശങ്കാകുലരായ ജീവനക്കാരോട് ഇന്ത്യക്കാരനായ ട്വിറ്റർ സി.ഇ.ഒ പരാഗ് അഗർവാൾ പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ട്വിറ്റർ ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അഞ്ച് മാസം മുമ്പ് ട്വിറ്ററിന്റെ ചുക്കാൻ ഏറ്റെടുത്ത അഗർവാളിന്റെ പരാമർശം. ഇടപാട് പൂർത്തിയാകുമ്പോൾ, ട്വിറ്റർ ഒരു സ്വകാര്യ കമ്പനിയായി മാറും. കരാർ പൂർത്തിയാകാൻ മൂന്നു മുതൽ ആറ് മാസം വരെ എടുക്കുമെന്ന് താൻ കണക്കാക്കുന്നതായി അഗർവാൾ ജീവനക്കാരോട് പറഞ്ഞു. മസ്‌കിന്റെ ഏറ്റെടുക്കലിന്റെ പശ്ചാത്തലത്തിൽ പിരിച്ചുവിടലിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ട്വിറ്റർ ജീവനക്കാരുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ട്വിറ്ററിൽ മസ്‌ക് എങ്ങനെ പ്രവർത്തിക്കുമെന്ന് വ്യക്തമല്ലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പറയുന്നു.
തന്നെയോ കമ്പനിയെയോ വിമർശിക്കുന്ന സോഷ്യൽ മീഡിയ ഉപയോക്താക്കളെ മസ്‌ക് പതിവായി വിലക്കുകയും ചിലപ്പോൾ വിമർശനാത്മക ലേഖനങ്ങൾ എഴുതിയ റിപ്പോർട്ടർമാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. തന്റെ കമ്പനിയെക്കുറിച്ച് എഴുതുന്ന റിപ്പോർട്ടർമാരെ അദ്ദേഹം പതിവായി ട്വീറ്റ് ചെയ്യുന്നു. 'അപമാനിക്കുമ്പോഴാണ് ഞാൻ ആളുകളെ വിലക്കുന്നത്' ഒരു റിപ്പോർട്ടറുടെ ട്വീറ്റിന് മറുപടിയായി 2020ൽ മസ്‌ക് ട്വീറ്റ് ചെയ്തു.
ട്രംപിന്റെ ട്രൂത്ത് സോഷ്യൽ ഉൾപ്പെടെയുള്ള യാഥാസ്ഥിതികരെ ലക്ഷ്യം വെച്ചുള്ള പുതിയ സോഷ്യൽ മീഡിയ ആപ്പുകൾ ഫേസ്ബുക്കിന്റെയോ ട്വിറ്ററിന്റെയോ അയലത്തുപോലും എത്തിയിട്ടില്ല. നിലവിലുള്ളതും കൂടുതൽ മെച്ചപ്പെട്ടതുമായ പ്ലാറ്റ്‌ഫോമുകളിൽ നിരവധിപേർ ആകർഷിക്കപ്പെടുന്നതും പ്രകോപനപരമോ തെറ്റായതോ അക്രമാസക്തമോ ആയ പോസ്റ്റുകളുടെ കുത്തൊഴുക്കും കാരണമാണ്. കഴിഞ്ഞ വർഷം, വലതുപക്ഷ സോഷ്യൽ മീഡിയ സൈറ്റായ പാർലർ ഇന്റർനെറ്റിൽനിന്ന് ഏതാണ്ട് തുടച്ചുനീക്കപ്പെട്ടു. അക്രമാസക്തമായ സന്ദേശങ്ങൾ പ്രചരിപ്പിക്കാനും കാപിറ്റോൾ അക്രമത്തിനും ഉപയോഗിച്ചുവെന്ന് വ്യക്തമായപ്പോൾ ആപ്പിളും ഗൂഗ്ളും ഓൺലൈൻ സ്റ്റോറുകളിൽ വിലക്കി.
ട്വിറ്റർ പണ്ട് സ്വതന്ത്ര അഭിപ്രായപ്രകടന വേദിയായി തിളങ്ങിയിരുന്നു. എന്നാൽ, പിന്നീട് വഴിമാറിയായി സഞ്ചാരം. ഒരു പതിറ്റാണ്ടുമുമ്പ് സ്വതന്ത്ര അഭിപ്രായപ്രകടനക്കാരുടെ വിഭാഗമായി ഒരു ട്വിറ്റർ എക്സിക്യൂട്ടിവ് വിശേഷിപ്പിക്കുകകൂടി ചെയ്തിരുന്നു. 'അറബ് വസന്ത' പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ ട്വിറ്റർ ഉപയോക്താക്കളെ ഭരണകൂടങ്ങൾ അടിച്ചമർത്തുമ്പോൾ തുടർ സംഭവങ്ങൾ അക്കാര്യം പരീക്ഷിച്ചു.
2014ൽ യു.എസ് പത്രപ്രവർത്തകയായ അമൻഡ ഹെസ് എഴുതിയ ലേഖനം ട്വിറ്ററിലോ മറ്റ് ഓൺലൈൻ ഫോറങ്ങളിലോ പോസ്റ്റുചെയ്തതുകൊണ്ട് മാത്രം നിരവധി സ്ത്രീകൾ നേരിടുന്ന നിരന്തരമായ നീചമായ പീഡനങ്ങൾ തുറന്നുകാട്ടി. തുടർ വർഷങ്ങളിൽ, വൻതോതിൽ നിയന്ത്രിക്കപ്പെടാത്ത സമൂഹ മാധ്യമം പ്രവർത്തിപ്പിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ട്വിറ്റർ കുറച്ച് കാര്യങ്ങൾ മനസ്സിലാക്കി.
അക്രമാസക്തമായ ഭീഷണികൾ, വിദ്വേഷ പ്രസംഗങ്ങൾ, തെറ്റായ വിവരങ്ങൾ എന്നിവയിൽ പരസ്യങ്ങൾ നൽകാൻ കമ്പനികൾ വിമുഖരാകുന്നു എന്നതാണത്. അഭിപ്രായപ്രകടനം എത്രത്തോളം അനാരോഗ്യകരമാണെന്ന് വ്യക്തമായതിനാൽ ട്വിറ്റർ സഹസ്ഥാപകനും മുൻ സി.ഇ.ഒയുമായ ജാക്ക് ഡോർസി പ്ലാറ്റ്‌ഫോമിലെ അഭിപ്രായ 'ആരോഗ്യം' മെച്ചപ്പെടുത്താൻ വർഷങ്ങൾ ശ്രമിച്ചു. ട്വിറ്റർ നിയമങ്ങൾ രൂപപ്പെടുത്തുന്നത് തുടരുകയും നയങ്ങൾ ലംഘിക്കുന്ന അക്രമാസക്തമായ ഭീഷണികൾ, ഉപദ്രവം, തെറ്റായ വിവരങ്ങൾ എന്നിവ കണ്ടെത്തുന്ന ജീവനക്കാരെ നിയോഗിക്കുകയും സാങ്കേതികവിദ്യ കൊണ്ടുവരുകയും ചെയ്തു. 2016 ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ റഷ്യ ഉപയോഗിച്ചതായ തെളിവുകൾ പുറത്തുവന്നശേഷം, മറ്റ് സമൂഹ മാധ്യമ കമ്പനികളും തെറ്റായ രാഷ്ട്രീയ വിവരങ്ങൾക്കെതിരായ നീക്കം കടുപ്പിച്ചു.
'സ്വാതന്ത്ര്യവാദി' എന്ന് സ്വയം വിശേഷിപ്പിക്കുന്ന മസ്‌ക്, ഈ സംവിധാനങ്ങളെ എത്രത്തോളം പിന്നാക്കമാക്കുമെന്നും അങ്ങനെ ചെയ്താൽ ഉപയോക്താക്കളും പരസ്യദാതാക്കളും ഉറച്ചുനിൽക്കുമോ എന്നതുമാണ് ഇപ്പോഴത്തെ വലിയ ചോദ്യം.
മറ്റേതൊരു ഓൺലൈൻ ഫോറത്തേക്കാളും സമൂഹ മാധ്യമങ്ങളിൽ ആക്രമിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് അമേരിക്കക്കാർ വിശ്വസിക്കുന്നത്. സ്ത്രീകളും കറുത്തവരും എൽജിബിടിക്യു ഉപയോക്താക്കളും ആ ദുരുപയോഗത്തിന്റെ ഇരകളാകുന്നു. ഇത്തരം ആക്രമണം കൈകാര്യം ചെയ്യുന്നതിൽ കമ്പനികൾ ഇപ്പോഴും കുറഞ്ഞ ജോലി മാത്രമേ ചെയ്യുന്നുള്ളൂവെന്ന് 80 ശതമാനം ഉപയോക്താക്കളും വിശ്വസിക്കുന്നതായാണ് കഴിഞ്ഞ വർഷം യു.എസിലെ മുതിർന്നവരിൽ നടത്തിയ പ്യൂ റിസർച്ച് സെന്റർ സർവേ വെളിപ്പെടുത്തിയത്.
കഴിഞ്ഞ വർഷം ജനുവരി ആറിന് യു.എസ് കാപിറ്റോൾ അക്രമത്തിന് പ്രേരണ നൽകിയതായ സന്ദേശങ്ങളുടെ പേരിൽ അന്നത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ട്വിറ്റർ വിലക്കിനെ വിമർശിച്ച് മസ്‌ക് പ്രത്യക്ഷപ്പെട്ടിരുന്നു. മകൻ ഡോണൾഡ് ട്രംപ് ജൂനിയർ ഉൾപ്പെടെ കമ്പനിയെ വാങ്ങാൻ മസ്കിനോട് അഭ്യർഥിച്ചിരുന്നു.
'ഇലോൺ മസ്‌കിന് സ്വകാര്യമായി ആളുകളെ ബഹിരാകാശത്തേക്ക് അയക്കാൻ കഴിയുമെങ്കിൽ, പക്ഷപാതപരമല്ലാത്ത ഒരു സോഷ്യൽ നെറ്റ്‌വർക്ക് രൂപകൽപന ചെയ്യാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്' കഴിഞ്ഞ ഏപ്രിലിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയുടെ അടിക്കുറിപ്പിൽ ട്രംപ് ജൂനിയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.