വാട്സ്ആപ്പിെൻറ പകരക്കാർ ആരൊക്കെ...? സ്നോഡനും മസ്കും ചൂണ്ടിക്കാട്ടുന്ന ആപ്പ്..!
text_fieldsലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മെസ്സേജിങ് ആപ്പാണ് വാട്സ്ആപ്പ്. തങ്ങളുടെ യൂസർമാർ മത്സര രംഗത്തുള്ള മറ്റ് ആപ്പുകളിലേക്ക് ചേക്കേറാതിരിക്കാൻ അപ്ഡേറ്റുകളായി നിരന്തരം പുത്തൻ ഫീച്ചറുകൾ വാട്സ്ആപ്പ് കൊണ്ടുവരാറുമുണ്ട്. എന്നാൽ, സമീപ കാലത്തായി നേരിടുന്ന ചില സുരക്ഷാ പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഫേസ്ബുക്ക് അവതരിപ്പിച്ച പുതിയ സ്വകാര്യത നയ പരിഷ്കാരങ്ങളുമൊക്കെ യൂസർമാരെ ചെറുതായി അസന്തുഷ്ടരാക്കാൻ തുടങ്ങിയിട്ടുണ്ട്.
വാട്സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കളിൽ നിന്നും എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുന്നതെന്നും അവ ആരുമായൊക്കെ പങ്കുവെക്കുന്നുണ്ടെന്നും അവർ തന്നെ വെളിപ്പെടുത്തി രംഗത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ പുതിയ മെസ്സേജിങ് ആപ്പുകൾ തേടിയുള്ള നെറ്റിസൺസിെൻറ പോസ്റ്റുകളുടെ പ്രളയമാണ്. എന്നാൽ, വാട്സ്ആപ്പിന് പകരക്കാരനായി സിഗ്നലിനെയാണ് പ്രമുഖരായ പലരും ചൂണ്ടിക്കാട്ടുന്നത്. 2021ൽ വാട്സ്ആപ്പിന് പകരക്കാരായി ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും മികച്ച ആപ്പുകൾ പരിചയപ്പെടാം... പ്രധാനമായും സന്ദേശങ്ങൾക്ക് എൻഡ് ടു എൻഡ് എൻക്രിപ്ഷനും മറ്റ് സ്വകാര്യതാ സംവിധാനങ്ങളും ഒപ്പം മികച്ച ഫീച്ചറുകളും നൽകുന്ന ആപ്പുകളെയാണ് പകരക്കാരായി ഇവിടെ തെരഞ്ഞെടുത്തിരിക്കുന്നത്.
1 - സിഗ്നൽ പ്രൈവറ്റ് മെസ്സെഞ്ചർ
'ഏറ്റവും കൂടുതൽ യൂസർമാരുള്ള വാട്സ്ആപ്പും ടെലഗ്രാമും 'സിഗ്നൽ' വികസിപ്പിച്ചെടുത്ത എൻക്രിപ്ഷൻ പ്രോട്ടോക്കോളാണ് ഉപയോഗിക്കുന്നത്' എന്ന് അറിയാത്തവരായിരിക്കും പലരും. അമേരിക്കക്കാരനായ മോക്സി മാർലിൻസ്പൈക്കാണ് സിഗ്നലിന് പിന്നിൽ. ലാഭേച്ഛയില്ലാതെ സംഭാവനകളും ഗ്രാൻറുകളും സ്വീകരിച്ച് പ്രവർത്തിക്കുന്ന ഇൗ ആപ്പ് ഒരു ഒാപൺ സോഴ്സ് പ്രൊജക്ടാണ്. ആപ്പിൽ വരുന്ന പാളിച്ചകൾ സൈബർ വിദഗ്ധർക്ക് പോലും പരിശോധിക്കാൻ സാധിക്കുമെന്നതാണ് അതിെൻറ ഗുണം.
സുരക്ഷാ വിദഗ്ധർ, സ്വകാര്യതാ ഗവേഷകർ, അക്കാദമിക് വിദഗ്ധർ, ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ എന്നിവർ വ്യാപകമായി ഉപയോഗിക്കുന്ന സ്വകാര്യത കേന്ദ്രീകരിച്ചുള്ള ആപ്പായ സിഗ്നലിന് പിന്തുണയുമായി 2018 ഫെബ്രുവരിയിൽ വാട്സ്ആപ്പിെൻറ സഹസ്ഥാപകൻ ബ്രയാൻ ആക്റ്റൻ എത്തിയിരുന്നു. വരുമാനമില്ലാതെ പ്രവർത്തിക്കുന്നതിനാൽ അദ്ദേഹം 50 മില്യൺ ധനസഹായവും ആപ്പിന് നൽകി. വാട്സ്ആപ്പിലുള്ളത് പോലെ ടെക്സ്റ്റ്, ഡോക്യുമെൻറ്, ചിത്രങ്ങൾ, വിഡിയോകൾ എന്നിവ അയക്കാനും വോയ്സ്-വിഡിയോ കോളുകൾ ചെയ്യാനും ഡെസ്ക്ടോപ്പിൽ ഉപയോഗിക്കാനും സാധിക്കുന്ന അതീവ സുരക്ഷയുള്ള ആപ്പാണ് സിഗ്നൽ.
നിലവിൽ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലെയും ടെക്നോളജി വിദഗ്ധർ വാട്സ്ആപ്പിന് പകരമായി ഉപയോഗിക്കാൻ നിർദേശിക്കുന്ന ആപ്പ് കൂടിയാണ് സിഗ്നൽ. സ്വകാര്യതയ്ക്ക് വേണ്ടി നിലകൊണ്ട് ലോകമറിയപ്പെട്ട എഡ്വേർഡ് സ്നോഡൻ പറയുന്നത് ലോകത്തിലെ ഏറ്റവും മികച്ച മെസ്സേജിങ് ആപ്പ് സിഗ്നലാണെന്നാണ്. ട്വിറ്റർ മേധാവി ജാക്ക് ഡോർസിക്കും സമാന അഭിപ്രായമാണ്. അതുപോലെ പ്രമുഖരായ പലരും തങ്ങൾ സിഗ്നലിലേക്ക് മാറിയതായി സൂചന നൽകിയിട്ടുണ്ട്.
എന്നാൽ, സിഗ്നൽ ആപ്പിന് പിന്നിലുള്ളവരെ ഏറ്റവും സന്തോഷിപ്പിച്ച ഒരു മുഹൂർത്തമുണ്ടായത്, ഇൗ കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു. ലോക സമ്പന്നനായ ഇലോൺ മസ്കിെൻറ ഒറ്റ ട്വീറ്റ് അവർക്ക് സമ്മാനിച്ചത്, ഞെട്ടിക്കുന്ന മുന്നേറ്റമാണ്. അദ്ദേഹം ട്വിറ്ററിൽ 'Use Signal' - സിഗ്നൽ ഉപയോഗിക്കുക എന്ന് മാത്രം ട്വീറ്റ് ചെയ്തിരുന്നു.
Use Signal
— Elon Musk (@elonmusk) January 7, 2021
ഇപ്പോൾ 2.4 ലക്ഷത്തിലധികം ലൈക്കുകളും 11000ത്തിലധികം കമൻറുകളും 31000 ത്തിലധികം റീ-ട്വീറ്റുകളും ലഭിച്ച മസ്കിെൻറ ആ ട്വീറ്റിന് പിന്നാലെ സിഗ്നൽ ആപ്പിന് ആപ്പിളിെൻറ ആപ് സ്റ്റോറിലും ഗൂഗ്ളിെൻറ പ്ലേസ്റ്റോറിലും ലക്ഷക്കണക്കിന് ഡൗൺലോഡാണ് ലഭിച്ചത്. അഞ്ചുകോടിക്കടുത്ത് ഫോളോവേഴ്സുള്ള ഇലോൺ മസ്കിെൻറ പിന്തുണ ഒടുവിൽ സിഗ്നൽ ആപ്പിന് നിയന്ത്രിക്കാനാവാത്ത ട്രാഫിക്കാണ് സമ്മാനിച്ചത്. ഉദ്യോഗസ്ഥർക്ക് വെരിഫിക്കേഷൻ കോഡുകൾ അയക്കാൻ സാധിക്കാത്ത വിധം പുതിയ യൂസർമാർ ആപ്പിനെ വളഞ്ഞിരുന്നു
2 - ടെലഗ്രാം
വാട്സ്ആപ്പിനോളം തന്നെ പഴക്കമുള്ള റഷ്യൻ ആപ്പാണ് ടെലഗ്രാം. അന്നും ഇന്നും എന്നും വാട്സ്ആപ്പിെൻറ മുഖ്യ എതിരാളിയും ടെലഗ്രാം തന്നെ. ഒരു ഒാപൺ സോഴ്സ് മെസ്സേജിങ് ആപ്പായ ടെലഗ്രാമിൽ വാട്സ്ആപ്പിലുള്ള എല്ലാ ഫീച്ചറുകൾക്കുമൊപ്പം, അധികമായി ഏറെ ആകർഷണീയമായ മറ്റ് ഫീച്ചറുകളുമുണ്ട്.
ഒരു ലക്ഷം ആളുകളെ ചേർക്കാവുന്ന സൂപ്പർ ഗ്രൂപ്പ്, പബ്ലിക് ചാനലുകൾ, ആപ്പിനുള്ളിൽ വെച്ച് ഗെയിം കളിക്കാൻ പോലും അനുവദിക്കുന്ന ബോട്ടുകൾ, യൂസർനെയിം, 1.5 ജിബി വരെയുള്ള ഫയലുകൾ പങ്കുവെക്കാനുള്ള സൗകര്യം, പാസ്കോഡ് ലോക്ക്, സ്വയം നശിക്കുന്ന സന്ദേശങ്ങൾ, സീക്രട്ട് ചാറ്റുകളിൽ end-to-end encryption, തുടങ്ങി ടെലഗ്രാമിലുള്ള പല ഫീച്ചറുകളും വാട്സ്ആപ്പിനെ വെല്ലുന്നതാണ്.
ഫോണിൽ ലോഗിൻ ചെയ്തില്ലെങ്കിൽ പോലും ഒരേസമയം അനേകം പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാൻ സാധിക്കും എന്നുള്ള ടെലഗ്രാമിലെ ഫീച്ചർ വാട്സ്ആപ്പും അവതരിപ്പിക്കാനൊരുങ്ങുകയാണ്. എന്നാൽ, നിലവിൽ ടെലഗ്രാമിൽ വിഡിയോ കോൾ സംവിധാനമില്ല എന്നതാണ് വലിയ പോരായ്മ. വൈകാതെ അതും ആപ്പിലേക്ക് എത്തിയാൽ, വാട്സ്ആപ്പിന് വലിയ വെല്ലുവിളി തന്നെയാകും.
3 - ഡിസ്കോർഡ് (Discord)
ഗെയിമർമാർക്ക് ചാറ്റ് ചെയ്യാൻ മാത്രം ഉപയോഗിച്ചുവന്നിരുന്ന ആപ്പായിരുന്നു ഇതുവരെ ഡിസ്കോർഡ്. എന്നാൽ, വാട്സ്ആപ്പിലുള്ള എല്ലാ ഫീച്ചറുകൾക്കുമൊപ്പം മറ്റേത് മെസ്സേജിങ് ആപ്പുകളിലുമില്ലാത്ത പുതിയ പല സംവിധാനങ്ങളുമുള്ള ആപ്പാണ് ഡിസ്കോർഡ്. അതിനാൽ വാട്സ്ആപ്പിെൻറ പകരക്കാരിൽ ആർക്കും ഒന്ന് പരീക്ഷിച്ചുനോക്കാവുന്ന കിടിലൻ ആപ്പാണിത്.
4 - കിക് (kik)
മുകളിൽ പറഞ്ഞ ആപ്പുകൾ ഉപയോഗിക്കാൻ ഫോൺ നമ്പറുകൾ നൽകേണ്ടതുണ്ട്. എന്നാൽ, നമ്പർ കൈമാറാതെയുള്ള ഒരു മെസ്സേജിങ് ആപ്പ് അന്വേഷിക്കുന്നവർക്കുള്ളതാണ് കിക്, ഇ-മെയിൽ െഎഡി മാത്രം ഉപയോഗിച്ച് സൈൻ-അപ് ചെയ്താൽ ആപ്പ് ഉപയോക്താക്കൾക്കായി ഒരു യൂസർനെയിം ക്രിയേറ്റ് ചെയ്യും. അത് മറ്റുള്ള കിക് യൂസർമാരുമായി പങ്കിട്ട് ചാറ്റിങ് ആരംഭിക്കാം.
സ്നാപ്ചാറ്റ്, സ്കൈപ്പ്, വൈബർ, ലൈൻ തുടങ്ങിയ ആപ്പുകളും വാട്സ്ആപ്പിന് പകരമായി പരീക്ഷിക്കാവുന്നതാണ്.
Nb: യൂസർമാർ ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് വാട്സ്ആപ്പ് തങ്ങളുടെ ബിസിനസ് പ്ലാനുകൾ മാറ്റാനും സ്വകാര്യതാ നയങ്ങൾ പരിഷ്കരിക്കാനുമൊക്കെ ആരംഭിച്ചത്. വരുമാനമേതുമില്ലാതെ മുന്നോട്ടുപോയിരുന്ന അവർക്ക് ഇപ്പോൾ സൗജന്യമായി പ്രവർത്തിക്കുന്നത് വലിയ ബാധ്യതയായി മാറുകയായിരുന്നു. പിന്നാലെ 'വാട്സ്ആപ്പ് ബിസിനസ്' സേവനത്തിന് പണമീടാക്കാനുള്ള തീരുമാനവും അവരെടുത്തു. ഇപ്പോൾ ഫേസ്ബുക്കുമായും അതിെൻറ മറ്റ് സ്ഥാപനങ്ങളുമായും യൂസർമാരുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുമെന്നും സ്വകാര്യ സന്ദേശങ്ങൾ ശേഖരിക്കുമെന്നുമൊക്കെ കമ്പനി മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സിഗ്നലും ടെലഗ്രാമും യൂസർമാർ ഗണ്യമായി വർധിക്കുന്നതോടെ ബാധ്യതയേറി ഇപ്പോഴുള്ള നയങ്ങൾ മാറ്റുമോ....? സംഭാവനകൾ സ്വീകരിച്ച് സിഗ്നൽ ആപ്പിന് എത്ര കാലം മുന്നോട്ടുപോകാൻ കഴിയും. യൂസർമാരുടെ വിവരങ്ങൾ 100 ശതമാനം സുരക്ഷിതമായിരിക്കും എന്ന് എല്ലാ കാലത്തും ഇത്തരം ആപ്പുകൾക്ക് ഉറപ്പുനൽകാൻ കഴിയുമോ...?? ചോദ്യങ്ങൾ പലതും ഉയരുന്നുണ്ട്.
ആർക്കും പൊട്ടിക്കാൻ കഴിയില്ല എന്ന വീമ്പിളക്കി അവതരിപ്പിച്ച സന്ദേശങ്ങൾക്കുള്ള ലോക്കായ 'എൻഡ് ടു എൻഡ് എൻക്രിപ്ഷനെ' പോലും സംശയത്തോടെ നോക്കേണ്ടി വരുന്ന കാലത്ത് സൈബർ സുരക്ഷ വെറുമൊരു 'മിത്ത്' മാത്രമാണ് എന്ന് ഒാർമ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.