ലക്ഷക്കണക്കിന് ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ച് വാട്സ്ആപ്പ്; ജൂലൈയിലെ കണക്ക് കേട്ടാൽ ഞെട്ടും
text_fieldsന്യൂഡൽഹി: ജൂലൈ മാസത്തിൽ 23.87 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് അറിയിച്ചു. ഇതിൽ 14.16 ലക്ഷം അക്കൗണ്ടുകൾ, ഉപയോക്താക്കളിൽ നിന്ന് എന്തെങ്കിലും പരാതി അടങ്ങുന്ന റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ് തന്നെ നിരോധിച്ചിരുന്നു. ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈനുകളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസ് 2021ന് കീഴിലുള്ള പ്രതിമാസ റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ.
"എന്‍റ്-ടു-എന്‍റ് എൻക്രിപ്റ്റ് ചെയ്ത സന്ദേശമയക്കുന്നതിൽ ദുരുപയോഗം തടയുന്നതിനായി വാട്സ്ആപ്പ് എന്നും മുന്നിൽ തന്നെയുണ്ടെന്ന് കമ്പനി വക്താവ് പറഞ്ഞു. ഉപയോക്താക്കളെ സുരക്ഷിതമായി വാട്സ്ആപ്പിൽ നിലനിർത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മറ്റ് അത്യാധുനിക സാങ്കേതികവിദ്യ, ഡാറ്റാ സയന്റിസ്റ്റുകൾ ഉൾപ്പെടുന്ന വിദഗ്ധ സംഘം എന്നിങ്ങനെ വലിയ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2022 ജൂലൈ ഒന്നിനും 31നും ഇടയിൽ പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള കംപ്ലയൻസ് റിപ്പോർട്ടും കമ്പനി പ്രസിദ്ധീകരിച്ചു. 574 റിപ്പോർട്ടുകൾ ലഭിച്ചു. ഇതിൽ അക്കൗണ്ട് നിരോധന അപേക്ഷകൾ ഉൾപ്പെടെയുണ്ട്. 27 അക്കൗണ്ടുകളിൽ നടപടി സ്വീകരിച്ചു.
പ്ലാറ്റ്‌ഫോമിൽ ദോഷകരമായ പെരുമാറ്റം തടയാനുള്ള സംവിധാനങ്ങൾ വിന്യസിക്കുന്നതായി വാട്സ്ആപ്പ് അറിയിച്ചു. മറ്റ് ഉപഭോക്താക്കൾക്ക് ഹാനികരമായ പ്രവർത്തനം സംഭവിച്ചതിന് ശേഷം അത് കണ്ടെത്തുന്നതിനേക്കാൾ നല്ലത് ആദ്യം ഇവ തടയുന്നതാണെന്ന് കമ്പനി വിശ്വസിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
മെയ് മാസത്തിൽ 19.10 ലക്ഷവും ജൂണിൽ 22.10 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകളും വാട്‌സ്ആപ്പ് നിരോധിച്ചിരുന്നു. ഏപ്രിലിൽ ഇത് 16.66 ലക്ഷം ആയിരുന്നു. ഈ വർഷം ജൂലൈയിൽ ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി 2.7 കോടി പോസ്റ്റുകൾക്കെതിരെ നടപടിയെടുത്തതായി വാട്‌സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റയുടെ റിപ്പോർട്ടിൽ പറയുന്നു. 2021ലെ ഐ.ടി നിയമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ഫേസ്ബുക്കിലെ 2.5 കോടി പോസ്റ്റുകൾക്കും ഇൻസ്റ്റാഗ്രാമിലെ 20 ലക്ഷം പോസ്റ്റുകൾക്കുമെതിരെ മെറ്റ നടപടിയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.