ഐ.ടി മന്ത്രാലയം പറഞ്ഞാൽ, വാട്സ്ആപ്പ് വിട്ടുവീഴ്ച്ച ചെയ്യുമോ..? ഇല്ലെങ്കിൽ കാത്തിരിക്കുന്നത് നിരോധനം
text_fieldsസമൂഹ മാധ്യമങ്ങൾ, ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ, ഓൺലൈൻ മാധ്യമ സ്ഥാപനങ്ങൾ എന്നിവ വഴിയുള്ള ഉള്ളടക്കങ്ങളെ നിയന്ത്രിച്ചുകൊണ്ടുള്ള പുതിയ മാർഗ നിർദേശങ്ങൾ കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുകയാണ്. രാജ്യത്തിെൻറ പരമാധികാരത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന ഉള്ളടക്കങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിന് വിലക്കുണ്ടാകുമെന്നും സമൂഹ മാധ്യമങ്ങളിലൂടെയുള്ള മോശം പ്രവണതകൾ അവസാനിപ്പിക്കാൻ നടപടിയുണ്ടാകുമെന്നും ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരാൻ സമയമെടുക്കുമെങ്കിലും സമൂഹ മാധ്യമങ്ങളെ ലക്ഷ്യം വെച്ചുള്ള പുതിയ മാർഗ നിർദേശങ്ങൾ ഇന്ത്യയിൽ കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ പോലുള്ളവരെ കാര്യമായി ബാധിച്ചേക്കും. അതിൽ തന്നെ, കോടതിയോ സർക്കാർ ഏജന്‍സികളോ ആവശ്യപ്പെട്ടാൽ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമിൽ ആദ്യം സന്ദേശമയച്ച ഉപയോക്താവിനെ വെളിപ്പെടുത്തണമെന്ന നിർദേശം പാലിക്കേണ്ടി വന്നാൽ, മെസ്സേജിങ് ആപ്പുകൾക്ക് അവരുടെ സുപ്രധാന സുരക്ഷാ സംവിധാനത്തിൽ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വന്നേക്കും. സന്ദേശങ്ങൾക്ക് നൽകിവരുന്ന 'എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ' ലോക്ക് പൊട്ടിച്ച് വിവരങ്ങൾ സർക്കാരിന് നൽകാൻ ഇത്തരം മെസ്സേജിങ് ആപ്പുകൾ നിർബന്ധിതരാവുന്ന സാഹചര്യം നിലനിൽക്കും.
ട്വീറ്റിെൻറയോ മെസ്സേജുകളുടെയോ ഉത്ഭവം ഇന്ത്യയിൽ നിന്നുമല്ലെങ്കിൽ, രാജ്യത്ത് ആദ്യം ആ സന്ദേശം ലഭിച്ചത് ആർക്കാണെന്ന് സർക്കാരിനെ അറിയിക്കാൻ സോഷ്യൽ മീഡിയ ആപ്പുകൾ ബാധ്യസ്ഥരാണെന്നും കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കറും രവിശങ്കർ പ്രസാദും ഇന്ന് വ്യക്തമാക്കിയിരുന്നു. ഇത്തരം മാർഗനിർദേശങ്ങൾ പാലിക്കാൻ വാട്സ്ആപ്പ് പോലുള്ള കമ്പനികൾ വിസമ്മതിക്കുകയാണെങ്കിൽ അവ രാജ്യത്ത് നിരോധിക്കപ്പെേട്ടക്കാനും സാധ്യതയുണ്ട്. പുതിയ മാർഗനിർദേശങ്ങളുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് പ്രതികരിച്ചിട്ടില്ല. എന്നാൽ, മുമ്പ് കേന്ദ്ര സർക്കാർ ഇതേ ആവശ്യം മുന്നോട്ടുവെച്ചപ്പോൾ വാട്സ്ആപ്പ് അംഗീകരിച്ചിരുന്നില്ല.
''സന്ദേശങ്ങളും അതിെൻറ ഉദ്ഭവങ്ങളും കണ്ടുപിടിക്കാൻ അവസരം നൽകുന്നത്, എൻഡ്-ടു-എൻഡ് എൻക്രിപ്ഷനെയും വാട്ട്സ്ആപ്പിെൻറ സ്വകാര്യ സ്വഭാവത്തെയും ദുർബലപ്പെടുത്തും, ഇത് ഗുരുതരമായ ദുരുപയോഗത്തിന് സാധ്യത സൃഷ്ടിക്കുന്നു. വാട്ട്‌സ്ആപ്പ് ഒരിക്കലും ഞങ്ങൾ നൽകുന്ന സ്വകാര്യത പരിരക്ഷയെ ദുർബലപ്പെടുത്തുകയില്ല'' -2018ൽ വാട്സ്ആപ്പിെൻറ വക്താവ് പറഞ്ഞതാണിത്. ഐ.ടി മന്ത്രാലയത്തിെൻറ പുതിയ മാർഗനിർദേശങ്ങൾ പൂർണ്ണമായും വാട്സ്ആപ്പിെൻറ സ്വകാര്യ സ്വഭാവത്തിന് വിരുദ്ധമായതിനാൽ, അവർ എങ്ങനെ അതിനെ നേരിടും എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. പബ്ജി മൊബൈൽ, ടിക്ടോക് പോലുള്ള ഭീമൻമാരെ രാജ്യത്ത് നിന്നും കെട്ടുകെട്ടിച്ച സ്ഥിതിക്ക് നിർദേശങ്ങൾ അംഗീകരിക്കാതിരുന്നാൽ, വാട്സ്ആപ്പിനെ നിരോധിക്കുന്ന സാഹചര്യവും തള്ളിക്കളയാനാവില്ല.
അതേസമയം, സർക്കാറിന് നൽകേണ്ട വിവരങ്ങൾക്ക് ഇത്തരം ആപ്ലിക്കേഷനുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ലോക്ക് പൊട്ടിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പത്രസമ്മേളനത്തിൽ ചോദ്യത്തിന് മറുപടി നൽകവേ പറഞ്ഞിരുന്നു, സന്ദേശം ഏത് വ്യക്തിയിൽ നിന്നാണ് ഉത്ഭവിച്ചതെന്നത് മാത്രമാണ് സർക്കാർ ആവശ്യപ്പെടുന്നതെന്നും സന്ദേശത്തിെൻറ ഉള്ളടക്കം ചോദിക്കില്ലെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. എന്തായാലും, ഒടിടികൾക്കും സമൂഹ മാധ്യമങ്ങൾക്കും മറ്റ് ഇൻറർനെറ്റ് അധിഷ്ഠിത സേവനങ്ങൾക്കും നൽകിയ മാർഗനിർദേശങ്ങള്‍ നടപ്പാക്കാന്‍ സർക്കാർ മേല്‍നോട്ടത്തില്‍ ത്രിതല സംവിധാനവും നിലവില്‍ വരുന്നുണ്ട്. പരാതി പരിഹാരത്തിനായി ഇന്ത്യയില്‍ നിന്നുള്ള ഓഫീസറെ ഓരോ കമ്പനിയും ചുമതലപെടുത്തണമെന്നും െഎ.ടി മന്ത്രാലയത്തിെൻറ മാർഗനിർദേശത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.