‘വാട്സ്ആപ്പ് ചാനൽസും’ ആർക്കും വേണ്ട..! ആളെക്കൂട്ടാൻ പുത്തൻ ഫീച്ചറുകളുമായി മെറ്റ
text_fieldsടെക് ഭീമനായ മെറ്റ ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച വാട്സ്ആപ്പ് സേവനങ്ങളായിരുന്നു കമ്യൂണിറ്റീസും ചാനൽസും. എന്നാൽ, ഉപയോക്താക്കൾക്കിടയിൽ വലിയ രീതിയിൽ തരംഗമുണ്ടാക്കാൻ രണ്ട് സേവനങ്ങൾക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ‘വാട്സ്ആപ്പ് ചാനൽസ്’ സിനിമാ-കായിക രംഗത്തെ സെലിബ്രിറ്റികളിലൂടെയായിരുന്നു കഴിഞ്ഞ മാസം കമ്പനി ലോഞ്ച് ചെയ്തത്. സൂപ്പർതാരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഉപയോഗിച്ചായിരുന്നു മെറ്റ കേരളത്തിൽ വാട്സ്ആപ്പ് ചാനലുകളെ പ്രമോട്ട് ചെയ്തത്.
സെലിബ്രിറ്റികൾക്കും കായിക ടീമുകൾക്കും വൻ ബ്രാൻഡുകൾക്കുമൊക്കെ അവരുടെ പ്രധാനപ്പെട്ട അപ്ഡേറ്റുകളും ഉത്പന്നങ്ങളുമൊക്കെ ആളുകളിലേക്ക് നേരിട്ടെത്തിക്കാനുള്ള സൗകര്യമാണ് ചാനലുകളിലൂടെ സാധ്യമാകുന്നത്. ഭാവിയിൽ ഒരു പ്രീമിയം ഫീച്ചറാക്കി വാട്സ്ആപ്പ് ചാനൽസിനെ മാറ്റാൻ മെറ്റ ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ, വാട്സ്ആപ്പ് സ്റ്റാറ്റ്സിന് ലഭിച്ചത് പോലുള്ള സ്വീകാര്യത ചാനലുകൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
ഇപ്പോഴിതാ ഉപഭോക്താക്കളെ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുത്തൻ ഫീച്ചറുകളാണ് വാട്സ്ആപ്പ് ചാനൽസിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വോയസ് അപ്‌ഡേറ്റുകള്‍ പങ്കുവെക്കാനുള്ള സൗകര്യമാണ് അതിലൊന്ന്. സാധാരണ ചാറ്റുകളിലെ വോയ്‌സ് മെസേജ് ഫീച്ചര്‍ തന്നെയാണ് ചാനലുകളിലും. ചാനല്‍ ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ പ്രേക്ഷരോട് ശബ്ദത്തിലൂടെ സംവദിക്കാനും അതിലൂടെ അവരുമായി കൂടുതല്‍ അടുപ്പം നിലനിര്‍ത്താനും ഇതിലൂടെ സാധിക്കും.
വാട്സ്ആപ്പ് ഗ്രൂപ്പുകളിലുള്ള ‘പോൾസ്’ ആണ് മറ്റൊന്ന്. ചാനൽ പിന്തുടരുന്നവരിൽ നിന്ന് അഭിപ്രായം തേടാനും അവരുടെ പ്രതികരണം അറിയാനുമൊക്കെ ക്രിയേറ്റർമാർക്ക് ഈ ഫീച്ചർ ഉപയോഗിക്കാം. അതിലൂടെ ചാനൽ കൂടുതൽ സംവേദനാത്മകമാക്കാം.
ചാനലുകളിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ സ്റ്റാറ്റസാക്കി ഷെയർ ചെയ്യാനുള്ള ഓപ്ഷനാണ് മൂന്നാമത്തേത്. ക്രിയേറ്റർമാർക്ക് ചാനലിലേക്ക് കൂടുതൽ പേരെയെത്തിക്കാൻ ഇതിലൂടെ കഴിയും. ചാനലുകൾക്ക് 16 അഡ്മിൻമാരെ വരെ വെക്കാനുള്ള സൗകര്യവും ഇപ്പോഴുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.