വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പിനായി ഇനി ഡാറ്റ കളയണ്ട; പുതിയ ഇംപോർട്ട് ഓപ്ഷൻ ഉടൻ വരും
text_fieldsപുതിയ ഫോണിലേക്ക് മാറുമ്പോൾ സ്മാർട്ട്ഫോൺ യൂസർമാർ നേരിടുന്ന ഏറ്റവും വലിയ കടമ്പ, വാട്സ്ആപ്പ് അക്കൗണ്ടിലെ ചാറ്റുകളും മറ്റ് ഫയലുകളും ഫോണിലേക്ക് വീണ്ടെടുക്കലാണ്. മിക്ക യൂസർമാർക്കും ആ നീണ്ട പ്രൊസസ് മടുപ്പായ അനുഭവമായിരിക്കും സമ്മാനിച്ചിട്ടുണ്ടാവുക. കാര്യമായ ഇന്റർനെറ്റ് കവറേജ് ഇല്ലെങ്കിൽ പിന്നെ പറയുകയേ വേണ്ട. ഡാറ്റാ നഷ്ടം വേറെയും. എന്നാൽ, ഈ പ്രശ്നത്തിന് വാട്സ്ആപ്പ് പരിഹാരവുമായി എത്താൻ പോവുകയാണ്. ചാറ്റ് ബാക്കപ്പുകൾ ഇന്റർനെറ്റ് ഡാറ്റാ നഷ്ടപ്പെടുത്താതെ എളുപ്പം വീണ്ടെടുക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
WABetaInfo- ആണ് സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ചുകൊണ്ട് പുതിയ ഫീച്ചറിനെ കുറിച്ച് സൂചന നൽകിയത്. WhatsApp-ന്റെ ആൻഡ്രോയിഡിലെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിൽ (2.22.13.11) ആണ് ഇംപോർട്ട് ഓപ്ഷൻ കണ്ടെത്തിയിരിക്കുന്നത്.
നിലവിൽ വാട്സ്ആപ്പിലെ ചാറ്റ് ബാക്കപ്പുകൾ ഗൂഗിൾ ഡ്രൈവിലോ ഐക്ലൗഡിലോ ആണ് ശേഖരിച്ച് വെക്കുന്നത്. അത് വീണ്ടെടുക്കാൻ ധാരാളം ഡാറ്റയും മികച്ച ഇന്റർനെറ്റ് കണക്ഷനും വേണം. വാട്സ്ആപ്പ് ബാക്കപ്പുകൾ ശേഖരിച്ചുവെച്ച ഗൂഗിൾ അക്കൗണ്ടിലേക്കുള്ള പ്രവേശനം നഷ്ടമായാൽ അത്രയും കാലത്തെ ബാക്കപ്പുകൾ അതിനൊപ്പം പോവുകയും ചെയ്യും.
എന്നാൽ, പുതിയ ഫീച്ചർ പ്രകാരം യൂസർമാർക്ക് ക്ലൗഡ് സ്റ്റോറേജിലെന്നപോലെ, ചാറ്റ് ബാക്കപ്പുകൾ ഫോണിന്റെ ലോക്കൽ സ്റ്റോറേജിൽ തന്നെ ശേഖരിച്ചുവെക്കാം. പുതിയ ഫോണിലേക്ക് മാറുമ്പോൾ വാട്സ്ആപ്പ് ലോക്കലായി സ്റ്റോർ ചെയ്ത ചാറ്റുകളും ചിത്രങ്ങളും മറ്റും എളുപ്പം ഇംപോർട്ട് ചെയ്യുകയുമാവാം.
ബാക്കപ്പ് പുതിയ ഫോണിലേക്ക് മാറ്റിയതിന് ശേഷം വാട്സ്ആപ്പിൽ ലോഗിൻ ചെയ്യുമ്പോൾ ചാറ്റുകൾ ഇംപോർട്ട് ചെയ്യാനുള്ള ഓപ്ഷൻ പ്രദർശിപ്പിക്കും. WABetaInfo പങ്കുവെച്ച സ്ക്രീൻഷോട്ട് പരിശോധിച്ച് നോക്കൂ.
വാട്സ്ആപ്പ് ചാറ്റുകൾ ക്ലൗഡ് സ്റ്റോറേജിൽ കിടക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതുന്ന യൂസർമാർക്ക് പുതിയ ഫീച്ചർ ഏറെ ഉപകാരപ്രദമാകും. അതേസമയം, ഈ ഫീച്ചർ യൂസർമാരിലേക്ക് എപ്പോഴാണ് എത്തുക എന്നതിനെ കുറിച്ച് ഇതുവരെ വാട്സ്ആപ്പ് ഒന്നും പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.