‘ഗൂഗിൾ ഡ്രൈവ്’ ഇല്ലാതെ വാട്സ്ആപ്പ് ചാറ്റ് മറ്റൊരു ഫോണിലേക്ക് മാറ്റാം; പുതിയ ഫീച്ചർ
text_fieldsവാട്സ്ആപ്പ് ഒരേസമയം നാല് ഫോണുകളിൽ ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചർ കഴിഞ്ഞ ദിവസമായിരുന്നു അവതരിപ്പിച്ചത്. അതുപോലെ ഡിസപ്പിയറിങ് മെസ്സേജുകൾ സൂക്ഷിക്കാൻ കഴിയുന്ന ‘കീപ് ഇൻ ചാറ്റ്’ ഫീച്ചറും വാട്സ്ആപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ, ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന പുതിയൊരു ഫീച്ചറിലാണ് വാട്സ്ആപ്പ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
ചാറ്റുകൾ എളുപ്പം കൈമാറ്റം ചെയ്യാൻ കഴിയുന്നതാണ് പുതിയ സവിശേഷത. WABetaInfo യുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇനി മുതൽ രണ്ട് ആൻഡ്രോയിഡ് ഉപകരണങ്ങൾക്കിടയിൽ വാട്സ്ആപ്പ് ചാറ്റുകൾ കൈമാറാൻ ഗൂഗിൾ ഡ്രൈവിന്റെ ആവശ്യമില്ല.
‘ഗൂഗിൾ ഡ്രൈവ് ചാറ്റ് ബാക്കപ്പുകളുടെ’ ആവശ്യമില്ലാതെ മറ്റ് ഫോണുകളിലേക്ക് വാട്സ്ആപ്പ് ചാറ്റുകൾ ട്രാൻസ്ഫർ ചെയ്യാൻ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. ഏറ്റവും പുതിയ വാട്സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റ പതിപ്പ് 2.23.9.19-ൽ ഈ ഫീച്ചർ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർ ഉടൻ തന്നെ ആപ്പ് അപ്ഡേറ്റ് ചെയ്ത് ഫീച്ചർ എത്തിയിട്ടുണ്ടോ എന്ന് നോക്കുമല്ലോ.
വാട്സ്ആപ്പിലെ സെറ്റിങ്സ് തെരഞ്ഞെടുത്ത് ‘ചാറ്റ്സ് (Chats)’ എന്ന ഓപ്ഷനിലേക്ക് പോയാൽ ഏറ്റവും താഴെയായി ചാറ്റ് ട്രാൻസ്ഫർ ‘Chat Transfer’ എന്ന പുതിയൊരു ഫീച്ചർ എത്തിയതായി കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്താൽ, നിങ്ങളുടെ ചാറ്റുകൾ മറ്റൊരു ഫോണിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത് തുടങ്ങാനായുള്ള ഒരു ക്യൂ.ആർ കോഡ് ദൃശ്യമാകും. കൂടുതൽ വ്യക്തതക്കായി ചുവടെ സ്ക്രീൻ ഷോട്ട് കാണുക.
ഈ ഫീച്ചർ നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാൽ ഉടൻ തന്നെ ബീറ്റാ ടെസ്റ്റിങ് കഴിഞ്ഞ് എല്ലാ യൂസർമാർക്കും ചാറ്റ് ട്രാൻസ്ഫർ സൗകര്യം ലഭ്യമായേക്കും. ഐ.ഒ.എസ് യൂസർമാർക്ക് ഈ സൗകര്യം ലഭ്യമാകുമോ എന്ന കാര്യത്തിൽ ഇപ്പോൾ സ്ഥിരീകരണമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.