''വാട്സ്ആപ്പ് കമ്യൂണിറ്റീസ്''; വാട്സ്ആപ്പിലെ ഏറ്റവും കിടിലൻ ഫീച്ചർ ബീറ്റ യൂസർമാർക്ക് ലഭിച്ച് തുടങ്ങി
text_fieldsമാസങ്ങൾക്ക് മുമ്പ് വാട്സ്ആപ്പ് അവതരിപ്പിച്ച കമ്യൂണിറ്റി ഫീച്ചർ ചില ബീറ്റ യൂസർമാർക്ക് ലഭിച്ചുതുടങ്ങി. വാട്സ്ആപ്പിലെ എല്ലാ ഗ്രൂപ്പുകളെയും ഒരിടത്ത് വെച്ച് നിയന്ത്രിക്കാൻ അനുവദിക്കുന്ന 'കമ്യൂണിറ്റി' ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. എന്നാൽ, ബീറ്റ ടെസ്റ്റിങ് കഴിഞ്ഞ വൈകാതെ തന്നെ അത് എല്ലാവർക്കും ലഭിച്ചുതുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ബീറ്റയുടെ പുതിയ പതിപ്പായ 2.22.19.3-ൽ പുതിയ കമ്മ്യൂണിറ്റീസ് ടാബ് അവതരിപ്പിച്ചതായി WABetaInfo റിപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്ക് ചാറ്റ് സെക്ഷന് അടുത്തായി ക്യാമറ ഐക്കണിന് പകരം പുതിയൊരു കമ്മ്യൂണിറ്റി ടാബ് കാണാൻ കഴിയും. അതേസമയം, വാട്സ്ആപ്പ് ബീറ്റയുടെ മുകളിൽ പറഞ്ഞ വേർഷൻ ഉപയോഗിക്കുന്നവർക്ക് ഫീച്ചർ ലഭിച്ചിട്ടില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ ലഭ്യമായേക്കും.
അതേസമയം, വാട്സ്ആപ്പ് കമ്യൂണിറ്റി ഫീച്ചറിന്റെ റിപ്പോർട്ടിനൊപ്പം ഒരു സ്ക്രീൻഷോട്ടും നൽകിയിട്ടുണ്ട്. ഫീച്ചറിനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ ചിത്രം നോക്കിയാൽ മതിയാകും.
എന്താണ് കമ്യൂണിറ്റി ഫീച്ചർ...?
നിങ്ങളുടെ എല്ലാ ഗ്രൂപ്പുകളും എളുപ്പത്തിൽ നിയന്ത്രിക്കാനും ഒരേസമയം അറിയിപ്പുകൾ അയയ്‌ക്കുന്നതിനും മറ്റും വിവിധ വിഷയങ്ങൾക്കായി ഉപഗ്രൂപ്പുകൾ സൃഷ്‌ടിക്കാനും നിങ്ങളെ അനുവദിക്കുന്ന സവിശേഷതയാണ് കമ്മ്യൂണിറ്റി ഫീച്ചർ. ഏകദേശം 10 ഉപഗ്രൂപ്പുകൾ സൃഷ്ടിക്കാം, അവയിൽ ഓരോന്നിലും 512 അംഗങ്ങളെ വരെ ചേർക്കാനും സാധിക്കും.
കമ്മ്യൂണിറ്റിയിലെ ഒരു അംഗത്തിന് ഉപഗ്രൂപ്പുകളിൽ നിന്ന് പുറത്തുപോകാനോ ചേരാനോ സ്വയം തീരുമാനിക്കാം, കമ്മ്യൂണിറ്റികൾ ആവശ്യാനുസരണം അഡ്മിന് പ്രവർത്തനരഹിതമാക്കാനും കഴിയും.
ആളുകളെ ബ്ലോക്ക് ചെയ്യാനും ദുരുപയോഗം റിപ്പോർട്ട് ചെയ്യാനും മറ്റും വാട്സ്ആപ്പ് കമ്മ്യൂണിറ്റികൾ നിങ്ങളെ അനുവദിക്കും. കൂടാതെ, വാട്ട്‌സ്ആപ്പ് ചാറ്റുകൾ പോലെ, അവ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണ്. കമ്മ്യൂണിറ്റികൾ ഫേസ്ബുക്ക് മെസഞ്ചറിലും ഇൻസ്റ്റാഗ്രാമിലേക്കും വികസിപ്പിക്കാൻ സാധിക്കും.
ഈ ഫീച്ചറിന്റെ ഔദ്യോഗിക റിലീസിനെ കുറിച്ച് ഇപ്പോൾ ഒരു സൂചനയും ലഭ്യമല്ല. നിലവിൽ ബീറ്റ ഉപയോക്താക്കളിലേക്ക് എത്തിയ സ്ഥിതിക്ക്, ഉടൻ തന്നെ ഒരു റോൾഔട്ട് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.