ഇനി മെസ്സേജുകളും പിൻ ചെയ്തുവെക്കാം; പുതിയ വാട്സ്ആപ്പ് ഫീച്ചർ ഇങ്ങനെ..!
text_fieldsവാട്സ്ആപ്പിൽ ഗ്രൂപ്പ് ചാറ്റുകളും വ്യക്തികളുമായി നടത്തുന്ന ചാറ്റുകളുമൊക്കെ പ്രാധാന്യമനുസരിച്ച് ഹോം സ്ക്രീനിൽ പിൻ ചെയ്തുവെക്കാനുള്ള ഓപ്ഷനുണ്ട്. വാട്സ്ആപ്പ് തുറന്ന് ഇഷ്ടമുള്ള ചാറ്റിൽ പ്രസ് ചെയ്തുപിടിച്ചാൽ പിൻ ചെയ്യാനുള്ള ഓപ്ഷൻ മുകളിലായി കാണാൻ സാധിക്കും. ഇത്തരത്തിൽ മൂന്ന് ചാറ്റുകൾ വരെ പിൻ ചെയ്തുവെക്കാം. എന്നാൽ, ഏതെങ്കിലും ചാറ്റുകളിലെ പ്രത്യേക സന്ദേശങ്ങൾ പിൻ ചെയ്യാനുള്ള ഓപ്ഷനാണ് ഇനി വരാൻ പോകുന്നത്.
വാട്സ്ആപ്പിന്റെ 2.23.21.4 ബീറ്റാ പതിപ്പിലാണ് പിൻ മെസ്സേജസ് ഫീച്ചർ കണ്ടെത്തിയത്. പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ WABetaInfo ആണ് പുതിയ സവിശേഷതയെ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിങ്ങൾ സുഹൃത്തുമായി വാട്സ്ആപ്പിൽ ചാറ്റ് ചെയ്യുമ്പോൾ ആ സംഭാഷണത്തിലെ ഒരു പ്രത്യേക ഭാഗം ഏറ്റവും മുകളിലായി പിൻ ചെയ്യാൻ സാധിക്കും. സംഭാഷണത്തിലേർപ്പെട്ടിരിക്കുന്ന ആളുകൾ പിൻ ചെയ്യാൻ ആഗ്രഹിക്കുന്ന സന്ദേശത്തിന്റെ ഒരു ഭാഗം ഹൈലൈറ്റ് ചെയ്യാനും തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന ചാറ്റിന്റെ മുകളിലേക്ക് പിൻ ചെയ്തു ചേർക്കാനും കഴിയും.
ഉദാഹരണത്തിന് നിങ്ങളും സുഹൃത്തും ഒരു യാത്ര പ്ലാൻ ചെയ്യുന്നു. അതുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ചാറ്റിനിടെ യാത്രയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളെ കുറിച്ചും താമസിക്കേണ്ട ഇടങ്ങളെ കുറിച്ചുമൊക്കെ തീരുമാനമെടുക്കുകയും ചെയ്യുന്നു. ആ വിവരങ്ങൾ കുറിച്ച സന്ദേശം ഒരു പക്ഷെ നിങ്ങളുടെ ചാറ്റിന്റെ മധ്യ ഭാഗത്തായിരിക്കും ഉണ്ടാവുക. ഇനി ആവശ്യം വരുമ്പോൾ അത് തപ്പി പോകേണ്ടതില്ല, പകരം ആ ചാറ്റ് പിൻ ചെയ്തുവെച്ചാൽ, സുഹൃത്തിന്റെ ചാറ്റ് ഹെഡ് തുറക്കുമ്പോൾ മുകളിലായി ആ സന്ദേശം ദൃശ്യമാകും.
സന്ദേശങ്ങൾ എങ്ങനെ പിൻ ചെയ്യാം...?
WABetaInfo പങ്കിട്ട സ്‌ക്രീൻഷോട്ട് അനുസരിച്ച്, നിങ്ങൾക്ക് പിൻ ചെയ്യേണ്ട സന്ദേശം പ്രസ് ചെയ്തുപിടിച്ചാൽ, കോൺടക്സ്റ്റ് മെനുവിന് വേണ്ടിയുള്ള ഓപ്ഷൻ പ്രത്യക്ഷപ്പെടും, അവിടെ ‘പിൻ’ ഓപ്ഷൻ കാണാൻ സാധിക്കും. അതേസമയം, സന്ദേശം പിൻ ചെയ്യുന്നതിന് സമയ പരിധിയുണ്ട്, നിങ്ങൾക്ക് 24 മണിക്കൂർ, 7 ദിവസം, 30 ദിവസം എന്നിവയിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാം. എന്നാൽ, കാലാവധി കഴിഞ്ഞ് അൺപിൻ ആയ സന്ദേശം വീണ്ടും പിൻ ചെയ്യാൻ കഴിയും.
കളർഫുൾ മെനു
വർണ്ണാഭവും മോഡേണുമായ ടൈലുകളോടുകൂടിയ പുനർരൂപകൽപ്പന ചെയ്‌ത ചാറ്റ് അറ്റാച്ച്‌മെന്റ് മെനു ആണ് വാട്സ്ആപ്പിലേക്ക് വരുന്ന മറ്റൊരു മാറ്റം. ഗാലറി, ക്യാമറ, ഓഡിയോ, ഡോക്യുമെന്റ്, പോൾ പോലുള്ള ഓപ്‌ഷനുകളാണ് അറ്റാച്ച്മെന്റ് മെനുവിലുണ്ടാവുക.
അപ്ഡേറ്റ് ടാബിന് അപ്ഡേറ്റ്
സ്റ്റാറ്റസ് അപ്‌ഡേറ്റുകളും ചാനലുകളും കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിനായി അപ്‌ഡേറ്റ് ടാബിലേക്ക് ഒരു തിരയൽ ഓപ്ഷൻ ചേർക്കാൻ വാട്ട്‌സ്ആപ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്. ഈ പുതിയ വാട്ട്‌സ്ആപ്പ് സവിശേഷതകൾ അവയുടെ പരീക്ഷണ ഘട്ടത്തിലാണ്, അതിനാൽ ഇവ എപ്പോൾ പൊതുജനങ്ങൾക്കായി ലഭ്യമാകുമെന്ന് കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.