ഓൺലൈൻ ഷോപ്പിങ് രംഗവും കീഴടക്കണം; പുതിയ 'കാർട്ട്' ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്
text_fieldsവാട്സ്ആപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്ന കമ്പനികൾക്ക് ഉപയോക്താക്കളുമായി ഫലപ്രദമായ രീതിയിൽ സംവദിക്കാനും ഒാർഡറുകൾ സ്വീകരിക്കാനുമായി മികച്ച പരിഷ്കാരങ്ങളാണ് കമ്പനി ആപ്പിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വാട്സ്ആപ്പിലൂടെ ഷോപ്പ് ചെയ്യുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കാനായി ഇൗയിടെയാണ് പുതിയ ഷോപ്പിങ് ബട്ടൺ ആപ്പിൽ ചേർത്തത്. എന്നാൽ, പുതിയ 'കാർട്ട്' ഫീച്ചറും കമ്പനി അവതരിപ്പിച്ചിരിക്കുകയാണ്.
ഷോപ്പിങ് ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഉപയോക്താക്കൾക്ക് ഉത്പന്നങ്ങളുടെ നീണ്ട ലിസ്റ്റ് കാണാൻ സാധിക്കുമെങ്കിൽ, കാർട്ട് എന്ന പുതിയ ഫീച്ചറിലൂടെ അവ ഒാരോന്നായി ഉപയോക്താക്കളുടെ കാർട്ടിലേക്ക് ചേർക്കാനും ശേഷം പർച്ചേസ് ചെയ്യാനും സാധിക്കും. അതായത്, വാട്സ്ആപ്പ് ബിസിനസ് ചെയ്യുന്ന കമ്പനികളുടെ ചാറ്റ് വിൻഡോയിലുള്ള ഷോപ്പിങ് ബട്ടണിൽ ക്ലിക്ക് ചെയ്ത് എന്തൊക്കെയാണ് ഉത്പന്നങ്ങൾക്കുള്ള ഒാഫർ എന്ന് യൂസർമാർക്ക് മനസിലാക്കാം. അതിൽ താൽപര്യമുള്ള ഉത്പന്നങ്ങൾ കാർട്ടിലേക്ക് ചേർത്ത് ഒരുമിച്ച് ഒരു സന്ദേശമായി കമ്പനിക്ക് അയച്ചു നൽകുകയും പേയ്മെൻറ് നടത്തുകയും ചെയ്യാം. നേരത്തെയുള്ളത് പോലെ ഒാരോ പ്രൊഡക്ടും വെവ്വേറെ തെരഞ്ഞെടുക്കേണ്ടതില്ല എന്ന് ചുരുക്കം.
ഇത്തരം പുതിയ സംവിധാനങ്ങൾ അവതരിപ്പിക്കുക വഴി വാട്സ്ആപ്പ് അവരുടെ ബിസിനസ് പ്ലാറ്റ്ഫോമിൽ കാര്യമായി ശ്രദ്ധ ചെലുത്തുന്നുണ്ട് എന്നാണ് മനസിലാക്കേണ്ടത്. ബിസിനസ് ആപ്പ് ഉപയോഗിക്കുന്നതിന് വൈകാതെ പണമീടാക്കുമെന്ന സൂചന കമ്പനി മുമ്പ് നൽകിയിരുന്നു. 'വാട്സ്ആപ്പ് പേ' എന്ന ഡിജിറ്റൽ പണമിടപാട് സംവിധാനം ആഗോളതലത്തിൽ എല്ലാവരിലും എത്തുന്നതിനായാണ് നിലവിൽ കമ്പനി കാത്തിരിക്കുന്നത്. അത് സാധ്യമാകുന്നതോടെ ഒാൺലൈൻ ഷോപ്പിങ് രംഗത്ത് വലിയ വിപ്ലവമായിരിക്കും നടക്കുക.
അതേസമയം, ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ മാർക്കറ്റാക്കി മാറ്റാനും വാട്സ്ആപ്പ് ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയിൽ വാട്സ്ആപ്പ് പേ എല്ലാ യൂസർമാർക്കും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇത് ബിസിനസ് പ്ലാറ്റ്ഫോമിന് വലിയ ഗുണം നൽകും. ജിയോമാർട്ടുമായി പങ്കാളിത്തവും പ്രഖ്യാപിച്ചതോടെ ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള ഭീമൻമാർക്ക് വലിയ വെല്ലുവിളിക്കാണ് കളമൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.