വാട്സ്ആപ്പ് കമ്യൂണിറ്റീസ് ഇങ്ങെത്തി; ഒപ്പം ഇൻ-ചാറ്റ് പോൾസ്, 32 പേഴ്‌സണ്‍ വീഡിയോ കോളും
text_fieldsമെറ്റായുടെ ഉടമസ്ഥതയിലുള്ള സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് നിരവധി പുതിയ സവിശേഷതകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. യൂസർമാർ ആവേശത്തോടെ കാത്തിരുന്ന കമ്യൂണിറ്റീസ് ഓൺ വാട്സ്ആപ്പ് ബീറ്റ യൂസർമാർക്ക് ലഭ്യമാക്കിത്തുടങ്ങുകയും ചെയ്തു. ഗ്രൂപ്പുകളില്‍ സബ് ഗ്രൂപ്പുകളും, വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ നടത്താനായി വ്യത്യസ്ത ത്രെഡ്ഡുകളും, അനൗണ്‍സ്‌മെന്റ് ചാനലുകളുമെല്ലാം അടങ്ങുന്നതാണ് പുതിയ വാട്‌സാപ്പ് കമ്മ്യൂണിറ്റീസ്.
ഗ്രൂപ്പുകളിൽ മുഴുകുന്നവർക്കായി തന്നെയാണ് പുതിയ മറ്റ് ഫീച്ചറുകളും സക്കർബർഗ് അവതരിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പുകളിലുള്ളവർക്ക് ചില വിഷയങ്ങളിൽ മറ്റുള്ളവരുടെ അഭിപ്രായമറിയാൻ ഇൻ-ചാറ്റ് പോൾസ്, 32 പേഴ്സൺ വിഡിയോ കോളിങ്, ഗ്രൂപ്പുകളിൽ 1024 പേരെ ചേർക്കാൻ കഴിയുന്ന ഓപ്ഷൻ എന്നിവയാണ് പുതിയ കിടിലൻ ഫീച്ചറുകൾ.
ഗ്രൂപ്പുകൾക്കായി തന്നെ വാട്സ്ആപ്പ്, 2ജിബി വരെയുള്ള ഫയൽ ഷെയറിങ്ങും അഡ്മിൻ ഡിലീറ്റും ഇമോജി റിയാക്ഷനും നേരത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ, പുതിയ വാട്സ്ആപ്പ് കമ്യൂണിറ്റീസ് ഉപയോഗിക്കുന്നവർക്കും ഈ ഫീച്ചറുകൾ വളരെ സഹായകരമാകും.
ആർക്കും വാട്സ്ആപ്പിൽ കമ്യൂണിറ്റികൾ തുടങ്ങാൻ സാധിക്കും. നിങ്ങൾ അഡ്മിനായിരിക്കുന്ന ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ എത്തിക്കാൻ അതിലൂടെ കഴിയും. മറ്റ് ഗ്രൂപ്പുകളെയും അതിന്റെ അഡ്മിൻമാരുടെ സമ്മതത്തോടെ നിങ്ങളുടെ കമ്യൂണിറ്റിയിലേക്ക് ക്ഷണിക്കാം. വിവിധ കാര്യങ്ങൾക്കായി ഒന്നിലധികം വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉപയോഗിക്കുന്ന സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ബിസിനസുകൾക്കുമൊക്കെയാകും ഇത് ഏറ്റവും ഉപകാരപ്പെടുക.
എല്ലാവരിലേക്കും എത്തേണ്ട സന്ദേശങ്ങളും മറ്റും ഒരമിച്ച് അയക്കാൻ കമ്യൂണിറ്റീസ് ഫീച്ചർ മുഖേന സാധിക്കും. അതിനായി ബ്രോഡ്കാസ്റ്റ് സംവിധാനം വാട്സ്ആപ്പ് ചേർത്തിട്ടുണ്ട്. യൂസർമാർക്ക് താൽപര്യമില്ലാത്ത കമ്യൂണിറ്റികളിൽ നിന്ന് പുറത്തുപോകാനും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനുമുള്ള സൗകര്യമുണ്ടാകും. കൂടാതെ, ഗ്രൂപ്പ് മെമ്പർമാരുടെ ഫോൺ നമ്പറുകൾ കമ്യൂണിറ്റികളിൽ പരസ്യാക്കില്ല.
ചാറ്റുകളുടെ മുകളിലായിട്ടാകും ആൻഡ്രോയ്ഡ് യൂസർമാർക്ക് പുതിയ കമ്യൂണിറ്റി ഫീച്ചർ കാണാൻ കഴിയുക. ചാറ്റ്സ്, സ്റ്റാറ്റസ്, കോൾസ് എന്നീ ടാബുകളുടെ ഇടത് ഭാഗത്തായുണ്ടായിരുന്ന 'കാമറ' ഒഴിവാക്കി അവിടെ കമ്യൂണിറ്റീസ് ഓപ്ഷൻ ചേർത്തിരിക്കുകയാണ് മെറ്റ. ഐ.ഒ.എസിൽ ചാറ്റുകളുടെ താഴെ ആയിട്ടാകും ഈ ഫീച്ചറുണ്ടാവുക. കമ്യൂണിറ്റി ഫീച്ചർ പുതിയ വാട്സ്ആപ്പ് അപ്ഡേറ്റിലൂടെ വൈകാതെ തന്നെ എല്ലാവർക്കും ലഭിച്ചുതുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.