'ഓൺലൈൻ സ്റ്റാറ്റസ് മറച്ചുവെക്കാം'; വാട്സ്ആപ്പിലേക്ക് എത്തുന്ന കിടിലൻ പ്രൈവസി ഫീച്ചർ
text_fieldsലാസ്റ്റ് സീൻ ഓപ്ഷനിൽ പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ WABetaInfo പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ലാസ്റ്റ് സീൻ സെക്ഷനിൽ യൂസർമാരുടെ ഓൺലൈൻ സ്റ്റാറ്റസുമായി ബന്ധപ്പെട്ട സവിശേഷതയാണ് ചേർക്കുന്നത്.
വാട്സ്ആപ്പിൽ നിങ്ങൾ ഓൺലൈനിൽ ആയിരിക്കുമ്പോൾ ആർക്കൊക്കെ അത് കാണാനാകുമെന്ന് യൂസർമാർക്ക് തീരുമാനിക്കാനുള്ള ഓപ്ഷനാണ് വരുന്നത്. നിലവിൽ, ലാസ്റ്റ് സീൻ മറയ്ക്കാനുള്ള ഫീച്ചറിൽ എവരിവൺ, കോൺടാക്ട്, സ്‍പെസിഫിക് കോൺടാക്ട് എന്നിങ്ങനെയാണ് ഓപ്ഷനുള്ളത്. എന്നാൽ, പ്രൈവസി സെക്ഷനിലുള്ള ലാസ്റ്റ് സീൻ ഓപ്ഷനിൽ 'ഞാൻ ഓൺലൈനിലായിരിക്കുമ്പോൾ ആർക്കൊക്കെ കാണാനാകും (Who can see when I'm online)' എന്ന പുതിയൊരു സെക്ഷൻ കൂടി വരാൻ പോവുകയാണ്.
അതിൽ രണ്ട് ഓപ്ഷനുകളായിരിക്കും തെരഞ്ഞെടുക്കാനായി ഉണ്ടാവുക. ഓൺലൈൻ സ്റ്റാറ്റസ് എല്ലാവരിൽ നിന്നും മറച്ചുവെയ്ക്കാനായി 'എവരിവൺ' എന്ന ഓപ്ഷനും അല്ലെങ്കിൽ 'സെയിം ആസ് ലാസ്റ്റ് സീൻ' എന്ന ഓപ്ഷനും. രണ്ടാമത്തെ ഓപ്ഷൻ തെരഞ്ഞെടുത്താൽ ലാസ്റ്റ് സീനിൽ യൂസർമാർ തെരഞ്ഞെടുത്ത ഓപ്ഷന് സമാനമായിട്ടായിരിക്കും അത് പ്രവർത്തിക്കുക. ഫലത്തിൽ, യൂസർമാർക്ക് അവരുടെ ഓൺലൈൻ സ്റ്റാറ്റസ് ചിലരിൽ നിന്ന് മാത്രമായി മറച്ചുവെക്കാൻ സാധിക്കും.
സമീപകാലത്ത് വാട്സ്ആപ്പ് അവതരിപ്പിച്ച പ്രൈവസി ഫീച്ചറുകൾക്കൊപ്പമാണ് പുതിയ 'ഓൺലൈൻ സ്റ്റാറ്റസ്' സവിശേഷതയും എത്തുന്നത്. നേരത്തെ, പ്രൊഫൈൽ ചിത്രവും ലാസ്റ്റ്സീനും എബൗട്ട് സെക്ഷനും ചിലരിൽ നിന്ന് മാത്രമായി മറച്ചുവെക്കാനുള്ള ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. നിങ്ങൾ ഇതുവരെ ചാറ്റ് ചെയ്തിട്ടില്ലാത്ത ആളുകളിൽ നിന്ന് നിങ്ങളുടെ ഓൺലൈൻ സ്റ്റാറ്റസ് മറയ്ക്കുന്ന ഒരു ഫീച്ചറും ഉണ്ട്.
ഫീച്ചർ ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്, വൈകാതെ iOS, Android ഉപയോക്താക്കളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.