'നമ്പർ സേവ് ചെയ്യാതെ സന്ദേശമയക്കാം'...! യൂസർമാർ കാത്തിരുന്ന ഫീച്ചറുമായി വാട്സ്ആപ്പ്
text_fieldsഇന്ത്യക്കാർ ആശയവിനിമയത്തിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മാധ്യമങ്ങളിലൊന്ന് വാട്സ്ആപ്പാണ്. മത്സരരംഗത്ത് ടെലഗ്രാമും സിഗ്നലുമൊക്കെയുണ്ടെങ്കിലും വാട്സ്ആപ്പിനുള്ള ജനപ്രീതിയും യൂസർ ബേസും ഇതുവരെ അവർക്ക് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. പുതുപുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് യൂസർമാരെ നിലനിർത്താൻ ശ്രദ്ധ ചെലുത്തുന്ന വാട്സ്ആപ്പ്, യൂസർമാർക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഫീച്ചറിന്റെ പണിപ്പുരയിലാണിപ്പോൾ.
നമ്പർ ഫോണിൽ സേവ് ചെയ്യാതെ ആർക്കും സന്ദേശമയക്കാൻ സാധിക്കില്ല എന്ന പോരായ്മ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. അതിനാണ് കമ്പനി പരിഹാരവുമായി എത്തുന്നത്. വാട്സ്ആപ്പ് ട്രാക്കറായ WABetaInfo ആണ് അതുമായി ബന്ധപ്പെട്ട സൂചന നൽകുന്നത്. വാട്‌സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റാ വേർഷനിലെ 2.22.8.11 പതിപ്പിലാണ് പുതിയ ഫീച്ചർ വരിക.
സേവ് ചെയ്യാത്ത നമ്പറിൽ എങ്ങനെ സന്ദേശമയക്കും...?
നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത ഏതെങ്കിലും നമ്പർ വാട്സ്ആപ്പിലൂടെ ആരെങ്കിലും അയച്ചുനൽകിയാൽ, അതിൽ ക്ലിക്ക് ചെയ്യുന്നതോടെ ഒരു ഇൻ-ആപ്പ് മെനു തുറന്നുവരും. അതിലെ ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുന്നതോടെ ആ നമ്പറിലുള്ള വ്യക്തിയുമായി ചാറ്റ് ചെയ്യാൻ സാധിക്കും. ആ നമ്പറിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ മാത്രമായിരിക്കും അതിന് കഴിയുക.
സേവ് ചെയ്യാത്ത ആ നമ്പറിലേക്ക് വിളിക്കാനും കോൺടാക്റ്റ് സേവ് ചെയ്യാനുമുള്ള ഓപ്‌ഷനുകളും ഇൻ-ആപ്പ് മെനുവിൽ ഉണ്ടായിരിക്കുമെന്നും ആൻഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ വാട്സ്ആപ്പിലൂടെ ലഭിക്കുന്ന നമ്പറുകളിൽ ക്ലിക്ക് ചെയ്താൽ ഫോണിലെ ഡയലർ ആപ്പിലേക്കാണ് ഉപയോക്താക്കളെ കൊണ്ടുപോവുക. എന്തായാലും പുതിയ ഫീച്ചറിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് വാട്സ്ആപ്പ് യൂസർമാർ. പരീക്ഷണ ഘട്ടത്തിലുള്ള സവിശേഷത വൈകാതെ തന്നെ യൂസർമാരിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.