ഗൂഗ്ൾ പേയെ തകർത്ത് രാജ്യത്ത് ഫോൺപേ തരംഗം; കൂപ്പുകുത്തി വാട്സ്ആപ്പ് പേ
text_fieldsനിരവധി പ്രതിസന്ധികൾക്ക് ശേഷമായിരുന്നു വാട്സ്ആപ്പ് അവരുടെ ഡിജിറ്റൽ പേയ്മെൻറ് സംവിധാനം ഇന്ത്യയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യയിൽ എല്ലാവർക്കുമായി 'വാട്സ്ആപ്പ് പേ' ലോഞ്ച് ചെയ്തപ്പോൾ ആദ്യ മാസത്തിൽ തന്നെ മൂന്ന് ലക്ഷത്തിലധികം ആളുകൾ സേവനം ഉപയോഗിച്ചു തുടങ്ങിയിരുന്നു. ഡിസംബറിൽ ഇടപാടുകൾ എട്ട് ലക്ഷവും കടന്ന് മുന്നോട്ടുപോയി. എന്നാൽ, അതിന് ഏറെ ആയുസുണ്ടായിരുന്നില്ല. ദേശീയ പേയ്മെൻറ് കോർപറേഷൻ ഒാഫ് ഇന്ത്യ (NPCI)പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 2021 ജനുവരിയിൽ വാട്സ്ആപ്പ് പേയിൽ വെറും അഞ്ചര ലക്ഷം ട്രാൻസാക്ഷനുകൾ മാത്രമാണ് നടന്നത്.
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ്, അവരുടെ ഏറ്റവും വലിയ മാർക്കറ്റായ ഇന്ത്യയിൽ 'വാട്സ്ആപ്പ് പേ'ക്ക് പ്രതീക്ഷിച്ച വരവേൽപ്പ് ലഭിച്ചില്ല എന്ന് പറയാം. അതിെൻറ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് അവരുടെ തന്നെ പുതിയ 'സ്വകാര്യതാ നയ പരിഷ്കാരങ്ങൾ' തന്നെയാണ്. വാട്സ്ആപ്പിൽ നിന്നും ആളുകൾ സുരക്ഷിതമായ മറ്റ് പകരക്കാരിലേക്ക് ചേക്കേറിയതോടെ പേയ്മെൻറ് സംവിധാനത്തെയും അത് ബാധിച്ചു.
അജയ്യരായി ഫോൺപേ
വാട്സ്ആപ്പ് പേയ്ക്ക് തിരിച്ചടി നേരിട്ടതിന് മറ്റൊരു കാരണം ഇന്ത്യയിൽ നിലവിലുള്ള മറ്റ് യു.പി.െഎ ആപ്പുകൾ തന്നെയാണ്. വാൾമാർട്ടിെൻറ പിന്തുണയുള്ള ഫോൺപേ, ഗൂഗ്ൾ പേ, പേടിഎം പോലുള്ള പരിചയസമ്പന്നരായ ആപ്പുകളിൽ നിന്നും വാട്സ്ആപ്പ് പേയിലേക്ക് മാറാൻ പലരും മടിച്ചു നിന്നു എന്നും പറയാം. ഇൗ വർഷം ജനുവരിയിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നടക്കുന്ന ഡിജിറ്റൽ പണമിടപാടുകളിൽ 79.13 ശതമാനവും നിയന്ത്രിക്കുന്നത് ഫോൺപേയും ഗൂഗ്ൾ പേയുമാണ്. കണക്കുകൾ പുറത്തുവിട്ടത് മറ്റാരുമല്ല, ദേശീയ പേയ്മെൻറ് കോർപറേഷൻ ഒാഫ് ഇന്ത്യ.
ഇന്ത്യയിൽ ഒരിക്കല്‍ക്കൂടി ഏറ്റവും പ്രചാരമുള്ള യുപിഐ ആപ്പായി മാറിയിരിക്കുകയാണ് ഫോൺപേ. ജനുവരിയില്‍ മാത്രം 968.72 ദശലക്ഷം ഇടപാടുകളാണ് ഫോൺപേയിൽ നടന്നത്. 1.91 ലക്ഷം കോടി രൂപ ഫോണ്‍പേ വഴി കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. എന്‍പിസിഐയുടെ കണക്കുകൾ പ്രകാരം യുപിഐ വിപണിയിലെ മൊത്തം ഇടപാടുകളില്‍ 42 ശതമാനവും ഫോണ്‍പേയിലാണ് നടക്കുന്നത്. ജനുവരിയിൽ ഏഴ് ശതമാനം ഇടപാട് വർധനവും ഫോൺ പേ സ്വന്തമാക്കിയിട്ടുണ്ട്. മൊത്തം ഇടപാടുകളുടെ മൂല്യവും അഞ്ച് ശതമാനത്തോളം വർധിച്ചു.
ഗൂഗ്ൾ പേയാണ് രാജ്യത്തെ രണ്ടാമത്തെ യുപിഐ ആപ്പ്. ജനുവരിയില്‍ 853.53 ദശലക്ഷം ഇടപാടുകളാണ് ഗൂഗിള്‍ പേയിലൂടെ നടന്നത്. ഗൂഗിള്‍ പേ വഴി കൈമാറ്റം ചെയ്യപ്പെട്ടതാകെട്ട 1.77 ലക്ഷം കോടി രൂപയും. യുപിഐ വിപണിയിൽ ഗൂഗ്ൾ പേയുടെ മാർക്കറ്റ് വിഹിതം 37 ശതമാനമാണ്. ഇന്ത്യയിൽ നിന്നുള്ള പേടിഎം ആപ്പാണ് മൂന്നാമൻ. ജനുവരിയില്‍ 33,909.50 കോടി രൂപയുടെ 281.18 ദശലക്ഷം ഇടപാടുകള്‍ പേടിഎം ആപ്പ് വഴി നടന്നിട്ടുണ്ട്. പട്ടികയില്‍ നാലാമൻ ആമസോണ്‍ പേയാണ്. 4,044.38 കോടി രൂപയുടെ 46.30 ദശലക്ഷം ഇടപാടുകള്‍ ആമസോൺ പേയിലൂടെയും നടന്നു. 2020 ഡിസംബറിനെ അപേക്ഷിച്ച് മറ്റ് യുപിെഎ ആപ്പുകൾ വളർച്ച നേടിയപ്പോൾ വാട്സ്ആപ്പ് പേയ്ക്ക് 30 ശതമാനം തകർച്ചയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.