ഇനി മെസ്സേജുകൾ ചാറ്റ് വിൻഡോയിൽ പിൻ ചെയ്തുവെക്കാം; വാട്സ്ആപ്പിൽ ‘പിൻ ചാറ്റ്’ ഫീച്ചറെത്തി
text_fieldsവാട്സ്ആപ്പിൽ ‘പിൻ ചാറ്റ്’ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. വാട്സ്ആപ്പിന്റെ ഹോം വിൻഡോയിൽ ഗ്രൂപ്പുകളും വ്യക്തിഗത ചാറ്റുകളും പിൻ ചെയ്ത് വെക്കാനുള്ള ഓപ്ഷന് സമാനമാണ് പുതിയ ഫീച്ചറും. ഒരു ചാറ്റിലെ ഏതെങ്കിലും സന്ദേശവും ഇനി നമുക്ക് ആ ചാറ്റ് വിൻഡോയുടെ ഏറ്റവും മുകളിലായി പിൻ ചെയ്യാം.
ഗ്രൂപ്പിലും വ്യക്തിഗത ചാറ്റുകളിലും വരുന്ന പ്രധാനപ്പെട്ട മെസ്സേജുകൾ ഹൈലൈറ്റ് ചെയ്യാൻ ‘പിന്ന്ഡ് മെസ്സേജസ്’ ഉപയോക്താക്കളെ അനുവദിക്കുന്നു. പ്രധാനപ്പെട്ട സന്ദേശങ്ങൾ വേഗത്തിൽ കണ്ടെത്തുന്നത് എളുപ്പമാക്കി ഉപയോക്താക്കളുടെ സമയം ലാഭിക്കുന്നതിനാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഉദാഹരണത്തിന്, നിങ്ങൾ സുഹൃത്തുക്കൾ ചേർന്ന് ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നു. അതിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാനായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പും തുടങ്ങുന്നു. ഓരോ ദിവസവും ചർച്ച ചെയ്തെടുക്കുന്ന പ്രധാനപ്പെട്ട തീരുമാനങ്ങൾ ആ വാട്സ്ആപ്പ് ഗ്രൂപ്പിൽ പിൻ ചെയ്തുവെക്കാം. വൈകി ഗ്രൂപ്പിലെത്തുന്നവർക്ക് മുകളിലേക്ക് സ്ക്രോൾ ചെയ്തുപോയി ബുദ്ധിമുട്ടേണ്ടി വരില്ല.
ടെക്‌സ്‌റ്റ്, പോൾസ്, ചിത്രങ്ങൾ, ഇമോജികൾ തുടങ്ങി, വാട്സ്ആപ്പിൽ പങ്കുവെക്കാവുന്ന എന്ത് കാര്യവും പിൻ ചെയ്യാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. പിൻ ചെയ്യുന്ന സന്ദേശങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡായിരിക്കും.
‘24 മണിക്കൂർ, ഏഴ് ദിവസങ്ങൾ, 30 ദിവസങ്ങൾ’ എന്നിങ്ങനെ മൂന്ന് കാലയളവിലേക്ക് മാത്രമാണ് നമുക്ക് മെസ്സേജുകൾ പിൻ ചെയ്യാനുള്ള ഓപ്ഷനുള്ളത്. നിങ്ങൾ ഒരു സന്ദേശം സ്വമേധയാ അൺപിൻ ചെയ്‌തില്ലെങ്കിൽ, അതിന്റെ സജ്ജീകരണ കാലയളവ് അവസാനിച്ചതിന് ശേഷം അത് സ്വയം അൺപിൻ ആകും.
അതുപോലെ, ഗ്രൂപ്പ് ചാറ്റുകളിൽ, ആർക്കൊക്കെ സന്ദേശങ്ങൾ പിൻ ചെയ്യാമെന്നത് അഡ്മിൻമാർക്ക് നിയന്ത്രിക്കാനാകും: ഒന്നുകിൽ ഗ്രൂപ്പിലെ എല്ലാവർക്കും അല്ലെങ്കിൽ അഡ്മിന് മാത്രമായി ആ അധികാരം പരിമിതപ്പെടുത്താം.
അതുപോലെ സന്ദേശങ്ങൾ അൺപിൻ ചെയ്യാനായി പിൻ ചെയ്തിരിക്കുന്ന സന്ദേശത്തിൽ പ്രസ് ചെയ്തുപിടിക്കുക. അപ്പോൾ തുറന്നുവരുന്ന ഓപ്ഷനിൽ Unpin എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ മതി.
ആൻഡ്രോയ്ഡ് ഫോണുകളിൽ സന്ദേശങ്ങൾ പിൻ ചെയ്യാൻ...
- ഗ്രൂപ്പ് ചാറ്റിലോ വ്യക്തിഗത ചാറ്റിലോ ഉള്ള ഏതെങ്കിലും സന്ദേശം തെരഞ്ഞെടുത്ത് പ്രസ് ചെയ്തുപിടിക്കുക.
- ഏറ്റവും മുകളിൽ വലതുഭാഗത്തായി കാണുന്ന ‘ത്രീ ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്ത് അതിൽ കാണുന്ന ‘പിൻ - pin’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
- അപ്പോൾ തുറന്നുവരുന്ന വിൻഡോയിൽ നിന്ന് പിൻ ചെയ്ത സന്ദേശത്തിന് ആവശ്യമുള്ള ദൈർഘ്യം തിരഞ്ഞെടുക്കുക: 24 മണിക്കൂർ, 7 ദിവസം അല്ലെങ്കിൽ 30 ദിവസം.
- ശേഷം പിൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ആ സന്ദേശം ചാറ്റ് വിൻഡോയുടെ ഏറ്റവും മുകളിലായി കാണാൻ സാധിക്കും
ഐഫോണിൽ സന്ദേശങ്ങൾ പിൻ ചെയ്യാൻ....
- പിൻ ചെയ്യേണ്ട സന്ദേശം പ്രസ് ചെയ്തുപിടിക്കുക
- ദൃശ്യമാകുന്ന മെനുവിൽ നിന്ന് more എന്ന ഓപ്ഷൻ ടാപ്പ് ചെയ്യുക.
- പിൻ തെരഞ്ഞെടുക്കുക
- ആവശ്യമുള്ള ദൈർഘ്യം തെരഞ്ഞെടുത്തതിന് ശേഷം പിൻ ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.