‘വാട്സ്ആപ്പ് ഗ്രൂപ്പി’ലേക്ക് വരുന്നു കിടിലൻ ഫീച്ചർ; ‘ഷെഡ്യൂൾ ഗ്രൂപ്പ് കോൾസി’നെ കുറിച്ച് അറിയാം...
text_fieldsമെറ്റായുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പിലേക്ക് പുതിയ ഫീച്ചർ കൂടിയെത്തുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകൾ ധാരാളമായി ഉപയോഗപ്പെടുത്തുന്നവർക്കാണ് പുതിയ ഫീച്ചർ ഗുണം ചെയ്യുക. സൂം, ഗൂഗിൾ മീറ്റ് പോലുള്ള വിഡിയോ കോൺഫറൻസിങ് ആപ്പുകളിൽ നേരത്തെ തന്നെയുള്ള ഫീച്ചറാണ് വാട്സ്ആപ്പ് തങ്ങളുടെ പ്ലാറ്റ് ഫോമിലും എത്തിച്ചിരിക്കുന്നത്.
സുഹൃത്തുക്കളുടെ ഗ്രൂപ്പുകളിലോ കുടുംബ ഗ്രൂപ്പുകളിലോ ഉള്ളവരുമായി ഗ്രൂപ്പ് കോളുകൾ ചെയ്യുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നം, പലരും ആ സമയത്ത് ഓൺലൈനിൽ ഉണ്ടാവില്ല എന്നുള്ളതാണ്. മുൻപേ പ്ലാൻ ചെയ്തതാണെങ്കിൽ കൂടി ചിലർ അക്കാര്യം മറന്നുപോകും. ഈ പ്രശ്നം പരിഹരിക്കാനാണ് വാട്സ്ആപ്പിൽ പുതിയ ഫീച്ചർ എത്തുന്നത്.
ഗ്രൂപ്പ് ചാറ്റുകളിൽ കോളുകൾ ഷെഡ്യൂൾ ചെയ്യുന്നതിനുള്ള സവിശേഷതയാണ് അടുത്തതായി അവതരിപ്പിക്കാൻ പോകുന്നത്. ഈ ഫീച്ചർ ഉപയോഗിച്ച്, വരാനിരിക്കുന്ന ഗ്രൂപ്പ് കോളുകളെ കുറിച്ച് പ്ലാൻ ചെയ്യാനും മറ്റുള്ളവരെ അതെ കുറിച്ച് മുൻകൂട്ടി അറിയിക്കാനും സാധിക്കും. അതായത്, കോളിന് പതിനഞ്ച് മിനിറ്റ് മുന്‍പ് ഇതില്‍ പങ്കെടുക്കുന്ന അംഗങ്ങളെ നോട്ടിഫിക്കേഷൻ മുഖേന അറിയിക്കും.
ഗ്രൂപ്പ് ചാറ്റില്‍ തന്നെയാകും പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. ഷെഡ്യൂള്‍ കോള്‍ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഉപയോക്താാവിന് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധമാണ് ഫീച്ചര്‍ ക്രമീകരിക്കുക. ഗ്രൂപ്പ് കോളിന് മുന്‍പ് എന്താവശ്യത്തിനാണ് കോള്‍, ഏത് ദിവസമാണ് കോള്‍ തുടങ്ങിയ കാര്യങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ കഴിയും. കൂടാതെ വീഡിയോ കോളാണോ വോയ്‌സ് കോളാണോ തുടങ്ങിയ കാര്യങ്ങളും മറ്റു ഗ്രൂപ്പ് അംഗങ്ങളെ അറിയിക്കാന്‍ സാധിക്കും.
നിലവിൽ ബീറ്റ സ്റ്റേജിലുള്ള ഫീച്ചർ ചില ബീറ്റ ടെസ്റ്റർമാർക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തന്നെ എല്ലാവർക്കും സേവനം ലഭിച്ചുതുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.