ഒക്ടോബറിൽ മാത്രം വാട്സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 75 ലക്ഷം അക്കൗണ്ടുകൾ
text_fieldsകഴിഞ്ഞ ഒക്‌ടോബർ മാസത്തിൽ മാത്രം മെസേജിങ് ആപ്പായ വാട്സ്ആപ്പ് നീക്കം ചെയ്തത് 75 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ. വാട്ട്‌സ്ആപ്പിന്റെ സേവന നിബന്ധനകൾ ലംഘിച്ചതിനും ഉപയോക്താക്കളുടെ പരാതികളെ തുടർന്നുമാണ് അത്രയും അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയത്. പ്ലാറ്റ്‌ഫോമിന്റെ ദുരുപയോഗം തടയാനാണ് ഈ നീക്കം. കഴിഞ്ഞ വർഷത്തെ ഒക്‌ടോബർ മാസത്തിനേക്കാൾ 224 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഈ വർഷം സെപ്തംബറിൽ നിന്ന് ഏകദേശം 6 ശതമാനത്തിന്റെ പ്രതിമാസ വർദ്ധനവ്.
പുതിയ ഐടി റൂൾസ് 2021 അനുസരിച്ച് രാജ്യത്ത് വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ സ്വീകരിച്ച നടപടികളുടെ പ്രതിമാസ റിപ്പോർട്ട് അവർ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഒക്‌ടോബർ ഒന്നിനും ഒക്ടോബർ 31 നും ഇടയിൽ, ഉപയോക്താക്കളിൽ നിന്ന് എന്തെങ്കിലും റിപ്പോർട്ടുകൾ ലഭിക്കാതെ തന്നെ ഏകദേശം 19 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചതായി കമ്പനി അറിയിച്ചു. ഒക്ടോബറിൽ മൊത്തത്തിൽ ഉപയോക്താക്കളിൽ നിന്ന് 9,063 റിപ്പോർട്ടുകൾ തങ്ങൾക്ക് ലഭിച്ചതായും വാട്ട്‌സ്ആപ്പ് ചൂണ്ടിക്കാട്ടി.
അതേസമയം, മൊബൈൽ ബാങ്കിങ് ട്രോജനുകളുടെ ഭീഷണി വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. പ്രധാനമായും സോഷ്യൽ മീഡിയ സന്ദേശങ്ങളിലൂടെയാണ് മൊബൈൽ ബാങ്കിങ് ട്രോജനുകൾ ഉപയോക്താക്കളെ ലക്ഷ്യമിടുന്നത്. അതിനായി വാട്ട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളാണ് കൂടുതലായി ഉപയോഗിക്കുന്നതത്രേ.
മൈക്രോസോഫ്റ്റ് പറയുന്നതനുസരിച്ച്, ആക്രമണകാരികൾ സോഷ്യൽ എഞ്ചിനീയറിങ് തന്ത്രങ്ങൾ പയറ്റിയാണ് ആളുകളെ കബളിപ്പിക്കുന്നത്. ബാങ്കുകളും സർക്കാർ ഏജൻസികളുമടക്കമുള്ള സേവനദാതാക്കളായി ആൾമാറാട്ടം നടത്തി ഉപയോക്താക്കളെ ബന്ധപ്പെടുന്നു. പിന്നാലെ, അവരുടെ ആൻഡ്രോയ്ഡ് ഉപകരണങ്ങളിലേക്ക് അപകടകാരികളായ ആപ്പുകൾ ഡൗൺലോഡ് ചെയ്യിക്കും.
ഒരിക്കൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ അത്തരം ആപ്പുകൾ വ്യക്തിഗത വിശദാംശങ്ങൾ, ബാങ്കിംഗ് ക്രെഡൻഷ്യലുകൾ, പേയ്‌മെന്റ് കാർഡ് ഡാറ്റ, അക്കൗണ്ട് ലോഗിൻ വിശദാംശങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ മോഷ്‌ടിക്കുന്നു. അത്തരം വിവരങ്ങൾ ലഭിക്കുന്നതോടെ വലിയ സാമ്പത്തിക തട്ടിപ്പുകൾ നടത്താൻ സൈബർ കുറ്റവാളികൾക്ക് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.