ദീപാവലിക്ക് ശേഷം ഈ ഫോണുകളിൽ വാട്ട്‌സ്ആപ്പ് പ്രവർത്തനം നിർത്തും....!
text_fieldsലോകമെമ്പാടുമായി 200 കോടിയിലധികം പ്രതിമാസ ഉപയോക്താക്കളുള്ള സന്ദേശമയക്കൽ ആപ്പാണ് വാട്സ്ആപ്പ്. ഇന്ത്യയിൽ മാത്രം 500 ദശലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകളുണ്ട്. എന്നാൽ, ഒക്ടോബർ 24 മുതൽ ചില സ്മാർട്ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല. പഴയ ആൻഡ്രോയ്ഡ് ഐഫോണുകൾ ഉപയോഗിക്കുന്നവർക്കാണ് പണികിട്ടുക.
ഐഒഎസ് 10, 11 എന്നിവയിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലും 4.1ന് മുമ്പുള്ള ആൻഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റമുള്ള ഫോണുകളിലുമാണ് വാട്സ്ആപ്പ് പ്രവർത്തിക്കാതിരിക്കുക. പലർക്കും വാട്‌സ്ആപ്പ് ഇക്കാര്യം മുന്നറിയിപ്പായി നൽകിയിട്ടുണ്ട്.
പഴയ ഓപറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഫോണുകൾ അപ്ഡേറ്റ് ചെയ്താൽ തുടർന്നും വാട്സ്ആപ്പ് ഉപയോഗിക്കാം. പഴയ ഐഫോൺ മോഡലുകൾ ഉപയോഗിക്കുന്നവരും ഏതെങ്കിലും കാരണവശാൽ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ അവരുടെ ഫോണുകളിലും വാട്സ്ആപ്പ് പ്രവർത്തനം നിർത്തും.
ഐഫോൺ യൂസർമാർ ഫോൺ അപ്ഡേറ്റ് ചെയ്യാൻ - സെറ്റിങ്സ്>ജനറൽ>സോഫ്റ്റ്വെയർ അപ്ഡേറ്റ് എന്ന ഓപ്ഷനിൽ ചെന്ന് സോഫ്റ്റ്വെയർ അപ്ഡേറ്റ് വന്നിട്ടുണ്ടോ എന്നു പരിശോധിക്കുക. ഉണ്ടെങ്കിൽ അപ്‌ഡേറ്റ് ചെയ്താൽ മതിയാകും. ആപ്പിൾ പുതിയ അപ്ഡേറ്റുകൾ നൽകുന്നത് നിർത്തിയ ഫോണുകൾ ആണെങ്കിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ പുതിയ ഫോൺ തന്നെ വാങ്ങേണ്ടിവരും.
ആപ്പുകളുടെ സുരക്ഷ, പുതിയ ഫീച്ചറുകൾ പ്രവർത്തിക്കാനും, അപ്ഡേറ്റുകൾ എത്തിക്കാനുമുള്ള സൗകര്യം ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് സാങ്കേതികമായി കാലാഹരണപ്പെട്ട ഒഎസുകളെയും ഫോണുകളേയും സേവനം നൽകുന്നതിൽ നിന്ന് ഒഴിവാക്കുന്നത്. മാത്രവുമല്ല ഈ പഴയ ഓപറേറ്റിങ് സിസ്റ്റമുള്ള ഫോണുകൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവായിരിക്കും. അവർക്ക് വേണ്ടി മാത്രം സേവനം നൽകുന്നതിന് പണം മുടക്കുന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം ലാഭകരമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.