ഓൺലൈൻ സ്റ്റാറ്റസ് മറക്കാനാകും, ഗ്രൂപ്പുകളിൽനിന്ന് ആരും അറിയാതെ പുറത്തുപോകാം; പുതിയ സ്വകാര്യത ഫീച്ചറുകൾ പ്രഖ്യാപിച്ച് വാട്സ് ആപ്പ്
text_fieldsപ്രമുഖ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ് ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതക്ക് പ്രധാന്യം നൽകുന്ന പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചു. ഇതോടെ ഉപഭോക്താക്കൾക്ക് അവരുടെ ചാറ്റുകളിൽ കൂടുതൽ നിയന്ത്രണവും സംരക്ഷണവും ലഭിക്കും. മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം പുറത്തുവിട്ടത്.
ആരും അറിയാതെ ഗ്രൂപ്പുകളിൽനിന്ന് പുറത്തുപോകാനാകുക, നിങ്ങളുടെ ഓൺലൈൻ സ്റ്റാറ്റസ് ആരൊക്കെ കാണണം, ഒരിക്കൽ കാണാവുന്ന സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ എടുക്കുന്നത് തടയുക എന്നിവയാണ് പുതിയ ഫീച്ചറുകൾ. പുതിയ ഫീച്ചറുകളെ കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിന് ആഗോള കാമ്പയിൻ ആരംഭിക്കുമെന്ന് മെറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി അറിയിച്ചു.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സന്ദേശമയക്കുന്നതിനും വിളിക്കുന്നതിനുമുള്ള ഫീച്ചർ വാട്സ് ആപ്പ് ഇതിനകം തന്നെ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. നിങ്ങളുടെ സന്ദേശങ്ങൾ പരിരക്ഷിക്കുന്നതിനും മുഖാമുഖ സംഭാഷണങ്ങൾ പോലെ സുരക്ഷിതമായി അവയുടെ സ്വകാര്യത നിലനിർത്തുന്നതിനും ഞങ്ങൾ പുതിയ വഴികൾ തേടുന്നത് തുടരുമെന്ന് സക്കർബർഗ് അറിയിച്ചു. ഐ.ഒ.എസ്, ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് പുതിയ ഫീച്ചറുകൾ ലഭിക്കും.
പുതിയ ഫീച്ചറിലൂടെ ഗ്രൂപ്പുകളില്‍ തുടരാന്‍ താല്‍പര്യമില്ലാത്തവർക്ക് മറ്റ് അംഗങ്ങള്‍ അറിയാതെ നിശബ്ദമായി ഇനി എക്സിറ്റ് ആകാം. അഡ്‌മിന്മാർ ഒഴികെ ആരും അറിയില്ല. നിലവിൽ, ഒരാൾ ഒരു ഗ്രൂപ്പ് വിടുമ്പോൾ അതിന്‍റെ നോട്ടിഫിക്കേഷൻ മറ്റു അംഗങ്ങൾക്ക് ലഭിക്കും. പുതിയ ഫീച്ചർ വരുന്നതോടെ നമ്മള്‍ പുറത്തുകടന്നു എന്ന തരത്തിലുള്ള നോട്ടിഫിക്കേഷന്‍ ഇനി ഗ്രൂപ്പുകളില്‍ തെളിയില്ല. എന്നാല്‍ പുറത്തുകടക്കുന്ന വിവരം ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് നോട്ടിഫിക്കേഷനായി ലഭിക്കും.
നിങ്ങൾ ഓൺലൈനിലായിരിക്കുമ്പോൾ അത് ആർക്കൊക്കെ കാണാമെന്ന് തെരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭിക്കും. നിങ്ങളുടെ വാട്സ് ആപ്പ് സാന്നിധ്യം സ്വകാര്യമാക്കിവെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഫീച്ചർ ഉപയോഗപ്രദമാണ്. കൂടാതെ, വാട്സ് ആപ്പിന്റെ 'ഒരിക്കൽ കാണുക' (വ്യൂ വൺസ്) എന്ന ഫീച്ചർ കുറച്ചൂകൂടി വിപുലീകരിച്ചതാണ് പുതിയത്. നിലവിൽ വ്യൂ വൺസ് മെസേജിന്‍റെ സ്ക്രീൻ ഷോട്ട് എടുക്കാനാകും. എന്നാൽ, പുതിയ ഫീച്ചർ എത്തുന്നതോടെ ഉപഭോക്താവിന് ഇത് നിയന്ത്രിക്കാനാകും. ആർക്കൊക്കെ സ്ക്രീൻ ഷോട്ട് എടുക്കാമെന്നത് ഉപഭോക്താവിന് തീരുമാനിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.