'സിഗ്നൽ' കണ്ട് പേടിച്ച് സുക്കർബർഗ്
text_fieldsഒരൊറ്റ ട്വീറ്റുകൊണ്ട് ലോകം തന്നെ മാറിമറിയുമെന്നറിഞ്ഞത് ഈ വ്യാഴാഴ്ചയാണ്. 185 ബില്യൺ ഡോളർ ആസ്തിയുള്ള ദക്ഷിണാഫ്രിക്കക്കാരൻ ഇലോൺ മസ്കിെൻറ ട്വീറ്റായിരുന്നു അത്. 'Use Signal' എന്ന രണ്ടു വാക്കുകൾ ഫേസ്ബുക്ക് മുതലാളി മാർക്ക് സുക്കർബർഗിെൻറ ഇരിപ്പിടത്തെ പൊള്ളിച്ചുകളഞ്ഞു. 200 കോടി ഉപയോക്താക്കളുള്ള വാട്സ്ആപ് വിട്ട് പലരും സിഗ്നൽ എന്ന മെസേജിങ് ആപിൽ ചേക്കേറി.
നിങ്ങൾ ആരോടെങ്കിലും ഫോണിലൂടെ സംസാരിച്ച ശേഷം ഫേസ്ബുക്ക് തുറക്കുമ്പോൾ നിങ്ങൾ സംസാരിച്ച വിഷയവുമായി ബന്ധമുള്ളതും അതിനപ്പുറവുമുള്ള വിവരങ്ങൾ പ്രത്യക്ഷപ്പെടുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ? ഫേസ്ബുക്കിെൻറ വിവരം ചോർത്തൽ എത്രത്തോളമാണെന്ന് മനസ്സിലാക്കാൻ ഇതിലേറെ എന്തുവേണം?.
ഇനി വാട്സ്ആപ് വരിക്കാരുടെ വിവരങ്ങളും ചോരും. ഫോൺ നമ്പർ, സ്ഥലം, മൊബൈൽ നെറ്റ്വർക്, അംഗമായ ഗ്രൂപ്പുകൾ, ആശയവിനിമയം നടത്തുന്ന ബിസിനസ് അക്കൗണ്ടുകൾ, വാട്സ്ആപ് വഴി തുറക്കുന്ന വെബ്സൈറ്റുകൾ തുടങ്ങിയ വിവരങ്ങൾ ഫേസ്ബുക്കുമായും ഇൻസ്റ്റഗ്രാം പോലുള്ള സഹകമ്പനികളുമായും മറ്റ് ഇൻറർനെറ്റ് കമ്പനികളുമായും പങ്കുവെക്കുമെന്നാണ് പുതിയ സ്വകാര്യത നയത്തിൽ (പ്രൈവസി പോളിസി) പറയുന്നത്. വാട്സ്ആപ്പിലൂടെയുള്ള പണമിടപാടിെൻറ അനുബന്ധ വിവരങ്ങളും കൈമാറും.
ഫെബ്രുവരി എട്ടിന് മുമ്പ് തങ്ങളുടെ നിർദേശങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിൽ വാട്സ്ആപ് അക്കൗണ്ട് തന്നെ നഷ്ടപ്പെടുമെന്നാണ് മുന്നറിയിപ്പ്. വാട്സ്ആപ് ഫോണിൽനിന്ന് ഡിലീറ്റ് ചെയ്താലും വിവരങ്ങൾ അവരുടെ കൈയിലുണ്ടാകും. 'ഡിലീറ്റ് മൈ അക്കൗണ്ട്' സൗകര്യമുപയോഗിച്ച് അക്കൗണ്ട് ഇല്ലാതാക്കിയാലേ ആ വിവരശേഖരം ഇല്ലാതാകൂ. എന്നാല്‍, ഉപയോക്താക്കള്‍ കൊഴിഞ്ഞുപോകാന്‍ തുടങ്ങിയതോടെ പുതിയ നയങ്ങള്‍ തങ്ങളുടെ ബിസിനസ് ഉപയോക്താക്കള്‍ക്കു മാത്രമുള്ളതാണ് എന്ന ന്യായീകരണവുമായി കമ്പനി രംഗത്തുവന്നിരിക്കുകയാണ്.
സിഗ്നലിനു പിന്നിൽ ആരാണ്?
വാട്സ്ആപ്പിെൻറ സ്വകാര്യതാ നയ പരിഷ്കാരങ്ങൾ ഗുണമായത് 'സിഗ്നലി'നാണ്. ഇന്ത്യയിലെ ആപ്പിളിെൻറ ആപ്പ് സ്റ്റോറിലെ 'ഫ്രീആപ് ലിസ്റ്റിൽ' ആദ്യമായി സിഗ്നൽ ഒന്നാമതായി. അതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന വാട്സ്ആപ്പിനെ പിന്നിലാക്കി. 50 കോടി ഉപയോക്താക്കളുള്ള റഷ്യൻ സന്ദേശ ആപ്പായ ടെലിഗ്രാമിനും പുതിയ നീക്കം ഗുണകരമായി.
അമേരിക്കക്കാരൻ മോക്സി മാര്ളിന്സ്പൈക്കാണ് സിഗ്നലിെൻറ ഇപ്പോഴത്തെ മേധാവി. എൻക്രിപ്റ്റഡ് വോയ്സ് കോളിങ് ആപായ റെഡ്ഫോൺ, എൻക്രിപ്റ്റഡ് ടെക്സ്റ്റ് പ്രോഗ്രാമായ ടെക്സ്റ്റ് സെക്വർ എന്നിവയാണ് സിഗ്നലിെൻറ മുൻതലമുറക്കാർ. 2014 ജൂലൈയിൽ റെഡ്ഫോൺ, ടെക്സ്റ്റ് സെക്വർ എന്നിവ ചേർന്ന് സിഗ്നലായി.
വാട്സ്ആപ്പിെൻറ സഹ സ്ഥാപകനായ ബ്രയാന്‍ ആക്ടൺ തന്നെയാണ് മോക്സിയുമായി ചേർന്ന് 2018ൽ സിഗ്നലിെൻറ നിലവിലെ മാതൃകമ്പനിയായ സിഗ്നല്‍ ഫൗണ്ടേഷന് തുടക്കംകുറിച്ചവരില്‍ ഒരാൾ. ഫേസ്ബുക്ക് ഏറ്റെടുത്തശേഷം 2017ലാണ് ആക്ടൺ വാട്സ് ആപ് വിടുന്നത്.
50 ദശലക്ഷം ഡോളര്‍ സിഗ്നലിനായി ദാനവും നല്കി. ലാഭേച്ഛയില്ലാതെ സംഭാവനകളും ഗ്രാൻറുകളും സ്വീകരിച്ച് പ്രവർത്തിക്കുന്ന ഇൗ ആപ് ഒാപൺ സോഴ്സ് പ്രൊജക്ടായതിനാൽ പാളിച്ചകൾ സൈബർ വിദഗ്ധർക്ക് പരിശോധിക്കാൻ കഴിയും. വാട്സ്ആപ്പിലുള്ളതുപോലെ ടെക്സ്റ്റ്, ഡോക്യുമെൻറ്, ചിത്രങ്ങൾ, വിഡിയോകൾ എന്നിവ അയക്കാനും വോയ്സ്-വിഡിയോ കോളുകൾ ചെയ്യാനും ഗ്രൂപ്പുണ്ടാക്കാനും ഡെസ്ക്ടോപ്പിൽ ഉപയോഗിക്കാനും സാധിക്കുന്ന ആപ്പാണ് സിഗ്നലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.