വാട്സ്ആപ്പിൽനിന്ന് മെസഞ്ചറിലേക്കും ടെലഗ്രാമിലേക്കും വിളിക്കാം? ക്രോസ് ആപ് ചാറ്റുമായി മെറ്റ
text_fieldsവാട്സ്ആപ്പിൽനിന്ന് ടെലിഗ്രാമിലേക്ക് സന്ദേശം അയക്കാൻ കഴിയുമോ? ഇല്ലെന്നാകും ഉത്തരം. എന്നാൽ, ഈ ഉത്തരം മാറാൻ പോവുകയാണ്. ടെലിഗ്രാം, മെസഞ്ചർ, സ്കൈപ്, സിഗ്നൽ, സ്നാപ് തുടങ്ങിയ മറ്റു ആപ്പുകളിലേക്ക് സന്ദേശമയക്കാൻ കഴിയുന്ന രീതിയിൽ ക്രോസ് ആപ് ചാറ്റ് സൗകര്യമൊരുക്കാൻ തയാറെടുക്കുകയാണ് വാട്സ്ആപ്.
ആദ്യഘട്ടത്തിൽ ഗ്രൂപ് ചാറ്റുകളും കാളുകളും ലഭ്യമായേക്കില്ല. മറ്റു ആപ്പുകളിൽനിന്നുള്ള സന്ദേശം വാട്സ്ആപ് വേറെത്തന്നെ സൂക്ഷിക്കും. ഇത് ‘തേഡ് പാർട്ടി ചാറ്റ്സ്’ എന്ന പ്രത്യേകം സെക്ഷനിലാണ് കാണിക്കുക. മറ്റു ആപ്പുകളുടെ സമ്മതം അടക്കം ഇനിയും കടമ്പകളുള്ളതിനാൽ എന്നുമുതലാണ് ക്രോസ് ആപ് ചാറ്റ് ലഭ്യമാകുകയെന്ന് പറയാനായിട്ടില്ല.
സുരക്ഷ ഭീഷണിയുള്ളതും സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമായ ആപ്പുകളുമായി സഹകരണം എങ്ങനെയെന്നതടക്കം പ്രശ്നങ്ങളുമുണ്ട്. വിവിധ ആപ്പുകളിൽ പ്രോട്ടോകോളുകളും സുരക്ഷ മാനദണ്ഡങ്ങളും വ്യത്യസ്തമായത് ഒരു പ്രശ്നം തന്നെയാണ്. സ്വകാര്യതയടക്കം വിഷയങ്ങളിൽ വിവിധ ആപ്പുകൾ വാട്സ്ആപ്പുമായി വ്യക്തമായ കരാറിൽ എത്തേണ്ടതുണ്ട്.
മാർച്ചിൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാക്കുമെന്ന് വാട്സ്ആപ് എൻജിനീയറിങ് ഡയറക്ടർ ഡിക് ബ്രൂവെർ പറഞ്ഞു. വിവിധ ചാറ്റ് ആപ്പുകളുടെ സഹകരണം ഉറപ്പാക്കുന്ന നിയമനിർമാണം യൂറോപ്യൻ യൂനിയൻ നടത്തിയിട്ടുണ്ട്. ഇതിന് നിശ്ചയിച്ച സമയപരിധി അടുക്കുന്നതിനാൽ ആദ്യഘട്ടത്തിൽ യൂറോപ്പിനെയാണ് ക്രോസ് ആപ് ചാറ്റിന് പരിഗണിക്കുന്നത്. പിന്നീട് ലോകമാകെ ലഭ്യമാകും. ക്ലോസ്ഡ് പ്ലാറ്റ്ഫോം ആയ ആപ്പിളിന്റെ ഐ മെസേജ് പുതിയ നീക്കത്തോട് എന്ത് നിലപാട് സ്വീകരിക്കുമെന്നും കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.