വാട്സ്ആപ്പിൽ ഇനി ഒരേസമയം ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കാം; ‘മൾട്ടി-അക്കൗണ്ട് ഫീച്ചർ’ വരുന്നു
text_fieldsആളുകൾ പല ആവശ്യങ്ങൾക്കുമായി വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. ചിലർക്ക് അവരുടെ ജോലി കൃത്യമായി നടന്നുപോകണമെങ്കിൽ വാട്സ്ആപ്പ് നിർബന്ധമായിരിക്കും. സഹപ്രവർത്തകരുമായും മറ്റുമുള്ള ആശയവിനിമയം പ്രധാനമായും വാട്സ്ആപ്പിലൂടെയാകും. അത്തരക്കാർക്കുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട്, ചിലപ്പോൾ, വീട്ടുകാർക്കുള്ള സന്ദേശങ്ങൾ ഓഫീസ് ഗ്രൂപ്പിലും തിരിച്ചുമൊക്കെ അയച്ചുപോകും. ഈ പ്രശ്നം ഒഴിവാക്കാൻ ഒരു ഫോണിൽ രണ്ട് വാട്സ്ആപ്പ് ഉപയോഗിക്കാനുള്ള വഴി തേടുകയാണ് പതിവ്. എന്നാൽ, ഇനി ആ വളഞ്ഞ വഴിക്ക് പോകേണ്ടതില്ല.
വാട്സ്ആപ്പിൽ മൾട്ടി അക്കൗണ്ട് (multi-account) സേവനം അവതരിപ്പിക്കാൻ പോവുകയാണ്. അതായത്, നിങ്ങളുടെ വാട്സ്ആപ്പിൽ ഒരേസമയം ഒന്നിലധികം നമ്പറുകളിൽ അക്കൗണ്ടുകളുണ്ടാക്കാം. ആവശ്യത്തിനനുസരിച്ച് മാറി മാറി ഉപയോഗിക്കുകയും ചെയ്യാം. നേരത്തെ ഒരു അക്കൗണ്ട് നാല് ഉപകരണങ്ങളിൽ ഉപയോഗിക്കാൻ അനുവദിക്കുന്ന കംപാനിയൻ മോഡ് വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു.
പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ WABetaInfo ആണ് വാട്സ്ആപ്പ് ബിസിനസ് ബീറ്റ ആൻഡ്രോയ്ഡ് 2.23.13.5 പതിപ്പിൽ ഏറ്റവും പുതിയ മൾട്ടി-അക്കൗണ്ട് ഫീച്ചർ എത്തിയതായി കണ്ടെത്തിയത്. അതിന്റെ സ്ക്രീൻഷോട്ടും അവർ പങ്കുവെച്ചിട്ടുണ്ട്. നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്തിരിക്കുന്ന വാട്സ്ആപ്പിൽ ഒന്നിലേറെ അക്കൗണ്ടുകൾ തുറക്കാൻ ഈ ഫീച്ചർ അനുവദിക്കും. ആപ്പിന്റെ റെഗുലർ പതിപ്പിലും ഈ ഫീച്ചർ വൈകാതെ എത്തുമെന്ന സൂചനകളുണ്ട്.
സ്ക്രീൻഷോട്ട് പ്രകാരം, നിങ്ങൾക്ക് വാട്ട്‌സ്ആപ്പിന്റെ സെറ്റിങ്സ് മെനുവിൽ പോയി മൾട്ടി അക്കൗണ്ട് സേവനം ഉപയോഗപ്പെടുത്താം. രണ്ടാമത്തെ അക്കൗണ്ടിലേക്ക് പ്രവേശിക്കാനായി ലോഗ്-ഇൻ ചെയ്യേണ്ടതില്ല. സ്വകാര്യ അക്കൗണ്ടും വർക് അക്കൗണ്ടുമൊക്കെ മാറി മാറി ഉപയോഗിക്കാം.
ടെലിഗ്രാം അവരുടെ ആപ്പിൽ ഇതിനകം മൾട്ടി-അക്കൗണ്ട് ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ചാനലുകൾ, മെസ്സേജ് എഡിറ്റിംഗ്, ചാറ്റ് ലോക്ക് പോലുള്ള ഫീച്ചറുകളും ടെലഗ്രാമുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് വാട്സ്ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.